India National

ബംഗ്ലാദേശി താരത്തിന് അംഗത്വം നല്‍കിയ ബി.ജെ.പി നടപടി ഇരട്ടത്താപ്പെന്ന് വിമര്‍ശനം

ബംഗ്ലാദേശി ചലച്ചിത്ര താരം അഞ്ജു ഘോഷ് ബി.ജെ.പിയില്‍ ചേര്‍ന്നു. പശ്ചിമ ബംഗാളിലെ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ ദിലീപ് ഘോഷിന്റെ നേതൃത്വത്തില്‍ കൊല്‍ക്കത്തയില്‍ നടന്ന ചടങ്ങിലാണ് നടിയുടെ പാര്‍ട്ടി പ്രവേശം. ബി.ജെ.പി പതാക കൈമാറിയാണ് അഞ്ജു ഘോഷിനെ പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്തത്.

അഞ്ജു ഘോഷിന് ബി.ജെ.പി അംഗത്വം നല്‍കിയത് പാര്‍ട്ടിയുടെ ഇരത്താപ്പാണെന്ന വിമര്‍ശനവും ഉയരുന്നുണ്ട്. ഇവരുടെ പൗരത്വം സംബന്ധിച്ച് വ്യക്തത വരുത്തണമെന്നാണ് ഉയരുന്ന ആവശ്യം. എന്നാല്‍ പൌരത്വം സംബന്ധിച്ച ചോദ്യത്തോട് പ്രതികരിക്കാന്‍ അഞ്ജു തയ്യാറായില്ല.

ലോക്‌സഭാ തരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസിനുവേണ്ടി പ്രചാരണത്തിനിറങ്ങിയ ബംഗ്ലാദേശി നടന്‍ ഫിര്‍ദൗസ് അഹമ്മദിനെതിരെ ബി.ജെ.പി പ്രതിഷേധിച്ചിരുന്നു. ഫിര്‍ദൗസ് ബംഗ്ലാദേശി പൗരനാണെന്ന് ചൂണ്ടിക്കാട്ടി ആയിരുന്നു പ്രതിഷേധം. ബി.ജെ.പി തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കുകയും ചെയ്തു. തുടര്‍ന്ന് ആഭ്യന്തര മന്ത്രാലയം ഇദ്ദേഹത്തോട് രാജ്യംവിടാന്‍ ഉത്തരവിട്ടു. ഫിര്‍ദൗസിനോട് ബി.ജെ.പി സ്വീകരിച്ച നിലപാട് ചൂണ്ടിക്കാട്ടിയാണ് അഞ്ജു ഘോഷിന് ബി.ജെ.പി അംഗത്വം നല്‍കിയതിനെതിരെ വിമര്‍ശനമുയരുന്നത്.