India National

ബന്ദിപ്പൂരിലെ കാട്ടുതീ കവര്‍ന്നെടുത്തത് 2500 ഓളം ഹെക്ടര്‍ കാടിനെ

ബന്ദിപ്പൂര്‍ മുതുമല കടുവാസങ്കേതത്തിനകത്തെ കാട്ടു തീ ബാധിച്ചത് 2500 ഓളം ഹെക്ടര്‍ കാടിനെയാണ് . കടുവാസങ്കേതത്തിന്റെ കവാടത്തോട് ചേര്‍ന്ന് കിലോമീറ്ററുകള്‍ ദൂരത്തില്‍ ചാരം മൂടിയ നിലയിലാണ്. മുതുമലയില്‍ പലയിടങ്ങളിലും തീ പൂര്‍ണ്ണമായി അണഞ്ഞിട്ടില്ല.

സമീപകാലത്തെ ഏറ്റവും വലിയ കാട്ടുതീയാണ് ബന്ദിപ്പൂരിലും മുതുമലയിലും ഉണ്ടായത്. രണ്ട് ദിവസത്തിനിപ്പുറം ബന്ദിപ്പൂരിലെ കാഴ്ചകളാണിത് ചാരം മൂടിയ കുറേ കുന്നുകള്‍ , മലമുകളില്‍ ഇപ്പോഴും പുക അടങ്ങിയിട്ടില്ല. പച്ചപ്പിനെ തുടച്ചെടുത്ത അഗ്നിബാധ പ്രദേശത്ത് ചൂട് കൂടാനും ഇടയാക്കിയിട്ടുണ്ട്. വനം വകുപ്പിന്റെ തീവ്ര ശ്രമങ്ങള്‍ക്ക് ഒടുവിലാണ് രണ്ടാം ദിവസമെങ്കിലും തീ നിയന്ത്രിക്കാനായത്. തീയണക്കാനുള്ള പരമ്പരാഗത രീതികള്‍ കൊണ്ട് വന്‍ അഗ്നിബാധകളെ നിയന്ത്രിക്കാനാവില്ലെന്ന പാഠം കൂടി നല്‍കുന്നുണ്ട് ബന്ദിപ്പൂരിലെ കാട്ടുതീ.

കടുവാ സങ്കേതത്തിനകത്തെ കാട്ടുതീ ഉണ്ടാക്കുന്ന പാരിസ്ഥിതിക പ്രത്യാഘാതങ്ങളും ചെറുതല്ല. വന്യ ജീവികളുടെ സ്വാഭാവിക ആവാസ വ്യവസ്ഥയെ തകിടം മറിച്ചതിനു പുറമെ വരള്‍ച്ച , ജലക്ഷാമം , മരുഭൂ വത്കരണം ,അത്യുഷ്ണം തുടങ്ങിയവക്കും ഇത് കാരണമായേക്കും.