ഓൾ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ ഇന്ന് ഡോക്ടര്‍മാരുടെ പണിമുടക്ക് സമരം. പശ്ചിമ ബംഗാളില്‍ ഡോക്ടര്‍മാര്‍ക്ക് നേരെ നടന്ന അക്രമത്തില്‍ പ്രതിഷേധിച്ചാണ് സമരം. ഡോക്ടര്‍മാര്‍ക്ക് സുരക്ഷ ഒരുക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് എയിംസ് റസിഡന്റ് ഡോക്ടേഴ്സ് അസോസിയേഷന്‍ ആരോപിച്ചിരുന്നു.
കൊൽക്കത്തയിലെ എന്‍.ആര്‍.എസ് മെഡിക്കല്‍ കോളജിലെ ജൂനിയര്‍ ഡോക്ടര്‍ക്ക് നേരെയാണ് രണ്ട് ദിവസം മുന്‍പ് കൈയ്യേറ്റമുണ്ടായത്. രോഗി മരിച്ചതില്‍ പ്രകോപിതരായ ബന്ധുക്കള്‍ ഡോക്ടറെ ആക്രമിക്കുകയായിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് ഡല്‍ഹി എയിംസിലെ ഡോക്ടര്‍മാര്‍ ഇന്ന് പണിമുടക്കി പ്രതിഷേധിക്കുന്നത്. ഡോക്ടര്‍മാര്‍ക്ക് സുരക്ഷ ഒരുക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് ആരോപിച്ച് എയിംസ് ഡോക്ടര്‍മാര്‍ തലയില്‍ ബാന്‍ഡേജ് ധരിച്ചാണ് ഇന്ന് തന്നെ ജോലിക്കെത്തിയത്. ക്രമസമാധാന നില താറുമാറായി കിടക്കുകയാണെന്ന് എയിംസ് റസിഡന്റ് ഡോക്ടേഴ്സ് അസോസിയേഷന്‍ ആരോപിച്ചു.
ബംഗാളില്‍ ജൂനിയര്‍ ഡോക്ടര്‍മാര്‍ രണ്ട് ദിവസമായി സമരത്തിലാണ്. തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് സംഭവത്തിന് പിന്നിലെന്ന് ആരോപണവുമായി ബി.ജെ.പി രംഗത്തെത്തിയിരുന്നു. എന്നാല്‍ ഡോക്ടര്‍മാരുടെ സമരത്തിന് പിന്നില്‍ ബി.ജെ.പിയും സി.പി.എമ്മുമാണെന്ന് ആരോപിച്ച മുഖ്യമന്ത്രി മമത ബാനര്‍ജി ഇന്ന് ഉച്ചയോടെ ജോലിക്ക് കയറണമെന്ന് ഡോക്ടര്‍മാര്‍ക്ക് നിര്‍ദേശം നൽകിയിരുന്നു. എന്നാല്‍ മതിയായ സുരക്ഷ ഒരുക്കാതെ ജോലിക്കില്ലെന്ന നിലപാടിലാണ് ഡോക്ടര്‍മാര്‍. ബംഗാളില്‍ സമരം തുടരുന്നതിനിടെയാണ് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് രാജ്യത്തിന്റെ മറ്റിടങ്ങളിലേക്കും സമരം വ്യാപിക്കുന്നത്.