India National

പ്രശ്നം ഗുരുതരം: വീര്‍പ്പുമുട്ടി ഡല്‍ഹി

ഡൽഹിയിൽ അന്തരീക്ഷ മലിനീകരണ തോത് അതീവ ഗുരുതരാവസ്ഥയിലെത്തി. ഹരിത ട്രൈബ്യൂണലിന്റെ പടക്ക നിരോധനം മറികടന്നുള്ള ദീപാവലി ആഘോഷമാണ് ഇന്നലെ രാജ്യതലസ്ഥാനത്ത് നടന്നത്. അന്തരീക്ഷ മലിനീകരണ തോത് ഉയർന്നത് ഡൽഹിയിൽ കോവിഡ് വ്യാപനം രൂക്ഷമാക്കുമെന്നാണ് വിലയിരുത്തൽ.

അന്തരീക്ഷ മലിനീകരണ തോത് മോശമായ ഡൽഹി അടക്കമുള്ള നഗരങ്ങളില്‍ പടക്ക വില്‍പനയ്ക്കും ഉപയോഗത്തിനും നവംബർ 30 വരെ ദേശീയ ഹരിത ട്രൈബ്യൂണല്‍ നിരോധനമേർപ്പെടുത്തിയിരുന്നു. അന്തരീക്ഷ മലിനീകരണ തോത് അതീവ ഗുരുതരാവസ്ഥയിലേക്ക് നീങ്ങുന്നത് മുന്‍കൂട്ടി കണ്ടായിരുന്നു ഉത്തരവ്. പൊലീസിന്റെ പരിശോധനയും നടപടികളും ശക്തമാക്കിയിരുന്നു.

ഇതെല്ലാം നിലനില്‍ക്കെ ദീപാവലി രാത്രി എല്ലാ വിലക്കും മറികടന്നായരുന്നു ഡൽഹി നിവാസികളുടെ ആഘോഷം. ഒറ്റ രാത്രി കൊണ്ട് വായു ഗുണനിലവാര സൂചിക 339 ല്‍ നിന്ന് 414ല്‍ എത്തി. അന്തരീക്ഷത്തിന്റെ ഗുരുതരമായ അവസ്ഥയാണിത്.

ഗാസിയബാദിലും നോയിഡയിലും സമാന അവസ്ഥയാണ്. ഗ്രേറ്റർ നോയിഡ, ഫരീദബാദ്, ഗുഡ്ഗാവ് എന്നിവിടങ്ങളില്‍ വളരെ മോശം അവസ്ഥയിലാണ് അന്തരീക്ഷം.

32 ശതമാനം മലിനീകരണം സമീപ സംസ്ഥാനങ്ങളില്‍ കാർഷിക മാലിന്യങ്ങള്‍ കത്തിക്കുന്നത് വഴിയുണ്ടായതാണ്. മലിനീകരണം രൂക്ഷമായതോടെ മൂന്നാം ഘട്ട കോവിഡ് വ്യാപനം അതീവ ഗുരുതരമാകുമെന്നാണ് വിലയിരുത്തല്‍. ആസ്ത്മ രോഗികള്‍ അടക്കമുള്ളവരുടെ ആരോഗ്യനിലയും മോശമായേക്കാം.