ബാബരി ഭൂമിത്തര്‍ക്ക കേസില്‍ മധ്യസ്ഥ സമിതി വീണ്ടും സുപ്രീംകോടതിയെ സമീപിച്ചു. സമവായ ചര്‍ച്ചകള്‍ തുടരാന്‍ ഹിന്ദു മുസ്‍ലിം കക്ഷികള്‍ താത്പര്യം അറിയിച്ചിട്ടുണ്ടെന്ന് കാണിച്ച് മധ്യസ്ഥ സമിതി കോടതിയില്‍ നിവേദനം നല്‍കി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ചില്‍ വാദം കേള്‍ക്കല്‍ തുടരുന്നതിനിടെയാണ് മധ്യസ്ഥ സമിതിയുടെ പുതിയ നീക്കം.
സുപ്രീംകോടതി മുന്‍ ജഡ്ജി എഫ്.എം ഖലീഫുല്ല, ആത്മീയ ആചാര്യന്‍ ശ്രീശ്രീ രവിശങ്കര്‍, അഭിഭാഷകന്‍ ശ്രീരാം പഞ്ചു എന്നിവരടങ്ങിയ മധ്യസ്ഥ സമിതിയാണ് സമവായ ചര്‍ച്ചകള്‍ക്ക് താത്പര്യമറിയിച്ച് വീണ്ടും സുപ്രീംകോടതിയെ സമീപിച്ചത്. സമിതി നേരത്തെ നടത്തിയ സമവായ ചര്‍ച്ചകള്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന്‍ സുപ്രീംകോടതി ഭൂമിത്തര്‍ക്കകേസില്‍ വാദം കേള്‍ക്കല്‍ ആരംഭിച്ചിരുന്നു. സമവായത്തിലെത്താന്‍ കഴിഞ്ഞില്ലെന്ന് കാണിച്ച് മധ്യസ്ഥ സമിതി ജൂലൈ 31ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തു. തുടര്‍ന്ന് ആഗസ്റ്റ് 3ന് വാദം കേള്‍ക്കാന്‍ കോടതി തീരുമാനിച്ചു. ആറാം തിയ്യതി മുതല്‍ വാദം കേള്‍ക്കല്‍ തുടങ്ങി.
അന്തിമ വാദത്തിന്‍റെ തൽസമയ വെബ്കാസ്റ്റിങ് വേണമെന്ന ആവശ്യത്തില്‍ സാധ്യത പരിശോധിക്കാന്‍ രജിസ്ട്രിയോട് സുപ്രീംകോടതി ഇന്ന് രാവിലെ ആവശ്യപ്പെട്ടിരുന്നു. ആര്‍.എസ്.എസ് നേതാവിന്‍റെ ഹരജിയിലാണ് കോടതി ഇടപെടല്‍. അതിനിടെ രാമക്ഷേത്രത്തിനായി നിയമം നിര്‍മിക്കണമെന്ന് ശിവസേന നേതാവ് ഉദ്ധവ് താക്കറെ ആവശ്യപ്പെട്ടു. ഇതിനിടെയാണ് വീണ്ടും നിവേദനവുമായി മധ്യസ്ഥ സമിതി സുപ്രീംകോടതിയിലെത്തിയത്.