രാഷ്ട്രപതി രാം നാഥ് കോവിന്ദിന്റെ സംഭാവനയോടെ അയോധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണത്തിനായുള്ള ധനസമാഹരണത്തിന് തുടക്കമായി. വിശ്വഹിന്ദു പരിഷത്തിന്റെ നേതൃത്വത്തില്‍ നടക്കുന്ന ധനസമാഹരണത്തിന് 5 ലക്ഷം രൂപയാണ് രാഷ്ട്രപതി സംഭാവന ചെയ്തത്.
‘അദ്ദേഹം രാജ്യത്തിന്റെ പ്രഥമ പൗരനാണ്, അതിനാല്‍ ഞങ്ങള്‍ അദ്ദേഹത്തില്‍ നിന്നും ധനസമാഹരണത്തിന് തുടക്കംകുറിച്ചു. 5,00,100 രൂപ അദ്ദേഹം സംഭാവന ചെയ്തു’ വിഎച്ച്പി നേതാവ് അലോക് കുമാര്‍ പറഞ്ഞു.
മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനും വി.എച്ച്.പിക്ക് ഒരു ലക്ഷം രൂപ കൈമാറി. എല്ലാ സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാര്‍, അഭിനേതാക്കള്‍, എഴുത്തുകാര്‍, കവികള്‍ തുടങ്ങിയവരുമായി ചേര്‍ന്നാകും ധനസമാഹരണം നടത്തുകയെന്ന് വി.എച്ച്.പി അറിയിച്ചിരുന്നു.
ഗുജറാത്തില്‍ നിന്ന് മാത്രം ഒരു കോടി ആളുകളില്‍ നിന്ന് പണം ശേഖരിക്കാനാണ് ലക്ഷ്യമിടുന്നത്. ധനസമാഹരണത്തിന്റെ ഭാഗമായി വി.എച്ച്.പി വഡോദരയില്‍ ഓഫീസും തുറന്നിരുന്നു.