India

രാജ്യദ്രോഹക്കേസ്; ആയിഷ സുല്‍ത്താനയോട് വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടിസ്

രാജ്യദ്രോഹക്കേസില്‍ ആയിഷ സുല്‍ത്താനയോട് വ്യാഴാഴ്ച വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകാന്‍ പൊലീസ് നോട്ടിസ് നല്‍കി. രാവിലെ 10.30ന് കവരത്തി പൊലീസ് സ്റ്റേഷനില്‍ ഹാജരാകാനാണ് നോട്ടിസ്. കഴിഞ്ഞ ദിവസം ചോദ്യം ചെയ്ത് വിട്ടയച്ച ആയിഷയോട് മൂന്ന് ദിവസം ദ്വീപില്‍ തുടരാന്‍ നിര്‍ദേശം നല്‍കിയിരുന്നു.

കഴിഞ്ഞ ദിവസമാണ് രാജ്യദ്രോഹ കേസില്‍ ആയിഷ സുല്‍ത്താനയെ ചോദ്യം ചെയ്ത് വിട്ടയച്ചത്. മൂന്നരമണിക്കൂര്‍ നേരമാണ് കവരത്തിയില്‍ വെച്ച് അന്വേഷണ സംഘം മൊഴിയെടുത്തത്. വൈകിട്ട് നാല് മണിയോടെയാണ് കവരത്തിയിലെ പൊലീസ് ഹെഡ് ക്വാര്‍ട്ടേഴ്‌സില്‍ അഭിഭാഷകനൊപ്പം ആയിഷ സുല്‍ത്താന ഹാജരായത്.

‘സേവ് ലക്ഷദ്വീപ്’ സമരത്തിന്റെ ഭാഗമായി നടത്തിയ ഒരു ടെലിവിഷന്‍ ചര്‍ച്ചയില്‍ ‘ബയോ വെപ്പണ്‍’ പരാമര്‍ശം നടത്തിയതിനെതിരെ ലക്ഷദ്വീപ് ബിജെപി അധ്യക്ഷന്‍ സി അബ്ദുള്‍ ഖാദര്‍ ഹാജി നല്‍കിയ പരാതിയിലാണ് ആയിഷക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി ലക്ഷദ്വീപ് പൊലീസ് കേസെടുത്തത്.