India National

രണ്ടാം മോദി സര്‍ക്കാര്‍ അധികാരമേറ്റ ശേഷം രാജ്യത്ത് വിദ്വേഷ ആക്രമണങ്ങള്‍ വന്‍തോതില്‍ വര്‍ധിച്ചതായി റിപ്പോര്‍ട്ട്

രണ്ടാം മോദി സര്‍ക്കാര്‍ അധികാരമേറ്റ ശേഷം രാജ്യത്ത് വിദ്വേഷ ആക്രമണങ്ങള്‍ വന്‍തോതില്‍ വര്‍ധിച്ചുവെന്ന് കണക്കുകള്‍. പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം മുന്‍ മാസങ്ങളിലുണ്ടായതിനെക്കാള്‍ രണ്ടിരട്ടിയിലധികം ആക്രമണങ്ങളാണ് രാജ്യത്തുണ്ടായത്. ഡോടോ ഡാറ്റാബേസ് വെബ്സൈറ്റാണ് ഈ കണക്കുകള്‍ ശേഖരിച്ചത്.

മാസത്തില്‍ അഞ്ചോ ആറോ വിദ്വേഷ ആക്രമണ കേസുകളായിരുന്നു നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നത്. എന്നാല്‍ രണ്ടാം മോദി സര്‍ക്കാര്‍ വന്ന ശേഷം ഇത് കുത്തനെ വര്‍ധിച്ചു. ജൂണില്‍ മാത്രമുണ്ടായത് 21 ആക്രമണങ്ങള്‍. ലോക്സഭ തെരഞ്ഞെടുപ്പ് ഫലം വന്ന മെയ് 23 മുതല്‍ ഇതുവരെ 43 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ 26 സംഭവങ്ങളുണ്ടായത് മോദി അധികാരമേറ്റ ശേഷം.

ന്യൂനപക്ഷ, ദലിത് വിഭാഗങ്ങള്‍ക്ക് നേരെയാണ് 99 ശതമാനം ആക്രമണങ്ങളും നടന്നത്. ഇതിലേറ്റവും കൂടുതല്‍ ആക്രമണങ്ങള്‍ നടന്നത് മുസ്ലിംകള്‍ക്ക് നേരെ. ജൂണില്‍ മാത്രമുണ്ടായത് 16 മുസ്ലിം വിരുദ്ധ ആക്രമണങ്ങള്‍‍. ‌ക്രിസ്തുമത വിശ്വാസികള്‍ക്ക് നേരെ മൂന്നും ദലിത് വിഭാഗത്തില്‍ പെട്ടവര്‍ക്ക് നേരെ ഒരു ആക്രമണവുമുണ്ടായി. 150ല്‍‍ അധികം ആളുകള്‍ ആക്രമണത്തിനിരയായി. മുസ്ലിം- 16 – 90, ക്രൈസ്തവര്‍- 3 – 70 , ദളിതര്‍ – 1 – 1)

പൊതുതെരഞ്ഞെടുപ്പിന് ശേഷം മാത്രം മൂന്ന് പേരെ അടിച്ചുകൊന്നു. നൂറിലധികം പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ന്യൂനപക്ഷ സമുദായങ്ങളെ വിശ്വാസം ആര്‍ജിക്കണമെന്ന് മോദി എം.പിമാരെ ഉപദേശിച്ച ശേഷവും ആക്രമണങ്ങള്‍ ദിനംപ്രതി വര്‍ധിക്കുകയാണ്. രണ്ടാം മോദി സര്‍ക്കാരിന്റെ സബ്കാ വിശ്വാസ് എന്നത് കേവല ‌‌മുദ്രാവാക്യം മാത്രമാണെന്ന് ബോധ്യപ്പെടുത്തുകയാ‌ണ് ഈ കണക്കുകള്‍.