India

പേരാമ്പ്ര മുസ്‍ലിം പളളിയിലെ കല്ലേറ്: സി.പി.എം ബ്രാഞ്ച് സെക്രട്ടറി അതുല്‍ദാസിന് ജാമ്യം

കോഴിക്കോട് പേരാമ്പ്രയിലെ മുസ്‍ലിം പള്ളിക്ക് നേരെ കല്ലെറിഞ്ഞ കേസില്‍ അറസ്റ്റിലായ സി.പി.എം നേതാവിന് ജാമ്യം. സി.പി.എം ബ്രാഞ്ച് സെക്രട്ടറിയായ അതുല്‍ ദാസിന് പേരാമ്പ്ര കോടതിയാണ് ജാമ്യം നല്‍കിയത്. കലാപശ്രമം നടത്തിയെന്നതടക്കമുള്ള ഗുരുതര വകുപ്പുകള്‍ ചുമത്തിയ പേരാമ്പ്രയിലെ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കുമെന്ന് ഡി.വൈ.എഫ്.ഐ നേതാക്കള്‍ പറഞ്ഞു.

പേരാമ്പ്രയിലുണ്ടായ സംഘര്‍ഷത്തിനിടെ മുസ്‍ലിം ജുമാഅത്ത് പള്ളിക്ക് കല്ലെറിഞ്ഞ കേസിലായിരുന്നു സി.പി.എം ബ്രാഞ്ച് സെക്രട്ടറിയായ അതുല്‍ ദാസ് അറസ്റ്റിലായത്. കലാപശ്രമമടക്കമുള്ള ഗുരുതര വകുപ്പുകള്‍ ചേര്‍ത്ത് പോലീസ് കേസെടുത്തതിനെതിരെ മന്ത്രി ഇ.പി ജയരാജനടക്കം രംഗത്ത് വന്നിരുന്നു. ഇതിനു പിന്നാലെയാണ് അതുല്‍ ദാസിന് പേരാമ്പ്ര ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചത്. അന്വേഷണ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുമ്പോള്‍ ഹാജരാകണമെന്ന ഉപാധിയോടെയാണ് ജാമ്യം. ജയില്‍ മോചിതനായ അതുല്‍ദാസിനെ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ സ്വീകരിച്ചു. നിരപരാധിയായ തന്നെ കുടുക്കുകയായിരുന്നുവെന്ന് അതുല്‍ദാസ് പറഞ്ഞു.

പേരാമ്പ്ര മസ്ജിദിന് കല്ലെറിഞ്ഞ സംഭവം; പൊലീസിനെതിരെ ഇ.പി ജയരാജന്‍, എഫ്.ഐ.ആര്‍ എഴുതിചേര്‍ത്തത് 

പേരാമ്പ്രയിലെ പോലീസ് ഉദ്യോഗസ്ഥര്‍ യു.ഡി.എഫുമായി ഗൂഢാലോചന നടത്തിയാണ് ഗുരുതര വകുപ്പുകള്‍ അതുല്‍ദാസിനെതിരെ ചുമത്തിയതെന്ന് ഡി.വൈ.എഫ്.ഐ നേതാക്കള്‍ പറഞ്ഞു.