ലോകത്തിലെ ഏറ്റവും വലിയ ഹൈവേ തുരങ്കമെന്ന് അവകാശപ്പെടുന്ന ഹിമാചല്‍ പ്രദേശിലെ അടല്‍ തുരങ്കം പ്രധാനമന്ത്രി ഒക്ടോബര്‍ 3നാണ് രാഷ്ട്രത്തിന് സമര്‍പ്പിച്ചത്. മണാലിക്ക് സമീപമുള്ള സൊലാങ് താഴ്‍വരയെ ലഹൗൽ സ്പിതി ജില്ലയിലെ സിസ്സുവുമായി ബന്ധിപ്പിക്കുന്നതാണ് 9.02 കിലോമീറ്റർ ദൈർഘ്യമുള്ള തുരങ്കം. പുതുമോടി കണ്ട് തുരങ്കം കാണാന്‍ നിരവധി പേരാണ് എത്തുന്നത്. എന്നാല്‍ അതിനൊപ്പം അപകടങ്ങളും വര്‍ദ്ധിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഉദ്ഘാടനം ചെയ്ത് 3 ദിവസങ്ങള്‍ക്കുള്ളില്‍ 3 അപകടങ്ങള്‍ക്കാണ് തുരങ്കം സാക്ഷിയായത്.
തുരങ്കം തുറന്നതിന് ശേഷം അശ്രദ്ധമായ ഡ്രൈവിംഗ്,ട്രാഫിക് നിയമലംഘനം എന്നിവ കൂടിവരുന്നതായി ഔട്ട്‍ലുക്ക് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. അടല്‍ തുരങ്കം ഹിമാചല്‍ പ്രദേശിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമായി മാറിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ഈ കോവിഡ് കാലത്തും ഇവിടേക്ക് സഞ്ചാരികള്‍ വരുന്നുണ്ട്. അമിതവേഗത്തിലാണ് ഇവിടെയെത്തുന്ന ബൈക്ക് യാത്രക്കാര്‍ വാഹനമോടിക്കുന്നതെന്നും ഇത് അപകടത്തിന് വഴിവയ്ക്കുന്നതായും ബോര്‍ഡര്‍ റോഡ്സ് ഓര്‍ഗനൈസേഷനും ജില്ലാ അധികാരികളും ആശങ്കപ്പെടുന്നു. ട്രാഫിക് നിയമങ്ങളോടുള്ള തികഞ്ഞ അവഗണനയാണ് യാത്രക്കാരില്‍ കാണുന്നത്. ചിലര്‍ ബൈക്ക് ഓടിക്കുന്ന നേരത്ത് സെല്‍ഫികളെടുക്കുന്നുവെന്ന് ബി.ആര്‍.ഒ ചീഫ് എഞ്ചിനിയര്‍ ബ്രിഗേഡിയര്‍ കെ.പി പുരുഷോത്തമന്‍ പറഞ്ഞു.
അടൽ തുരങ്കത്തിൽ വാഹനം നിർത്താൻ ആരെയും അനുവദിക്കുന്നില്ലെന്നും ബിആർഒ അധികൃതർ പറഞ്ഞു.അപകടങ്ങൾ തടയാൻ പൊലീസിനെ വിന്യസിക്കണമെന്ന് ബിആർഒ ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടു. സാധാരണയായി ഉദ്ഘാടനം കഴിഞ്ഞാല്‍, ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിക്കുന്നത് വളരെ കുറവാണ്, ഇതിന്റെ ഫലമായി പഞ്ചാബ്, ഹരിയാന, ചണ്ഡിഗഡ് എന്നിവിടങ്ങളിൽ നിന്നുള്ള വിനോദസഞ്ചാരികൾ പൂർണ്ണമായും കുഴപ്പത്തിലാകുന്നു, ”ബ്രിഗേഡിയർ കൂട്ടിച്ചേര്‍ത്തു. സംഭവത്തില്‍ അടിയന്തര നടപടി എടുക്കണമെന്ന് ഗോത്രകാര്യ മന്ത്രി ഡോ. രാം ലാല്‍ മാര്‍ക്കണ്ട ജില്ലാ ഭരണകൂടത്തോട് നിര്‍ദ്ദേശിച്ചു. “ഇത് വളരെ ഗുരുതരമാണ്. നോർത്ത് പോർട്ടലിന്റെയും (ലാഹോൾ സ്പിതി) സൗത്ത് പോർട്ടലിന്റെയും (കുളു-മനാലി) ജില്ലാ ഭരണകൂടങ്ങൾ ഒരുമിച്ച് പ്രവർത്തിച്ച് സുരക്ഷാ പദ്ധതി ആവിഷ്‌കരിക്കേണ്ടത് ആവശ്യമാണെന്നും മന്ത്രി പറഞ്ഞു.
തുരങ്കം തുറന്നതിനുശേഷം ലാഹോളിൽ ടൂറിസം മേഖല വളരുമെന്ന് പ്രതീക്ഷയുണ്ടെന്ന് സിസു ഗ്രാമപഞ്ചായത്ത് മേധാവി സുമൻ വാർത്താ ഏജൻസിയായ പി.ടി.ഐയോട് പറഞ്ഞു. എന്നിരുന്നാലും, അശ്രദ്ധമായ ഡ്രൈവിംഗ് ഒഴിവാക്കാൻ അവർ വിനോദ സഞ്ചാരികളോട് അഭ്യർത്ഥിച്ചു.പ്രദേശത്തെ വിനോദസഞ്ചാരികൾ മാലിന്യം വലിച്ചെറിയുന്ന സംഭവങ്ങൾക്കും സാക്ഷ്യം വഹിച്ചിട്ടുണ്ടെന്ന് ഗ്രാമത്തലവൻ പറഞ്ഞു.
പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള ബോര്‍ഡര്‍ റോഡ്സ് ഓര്‍ഗനൈസേഷനാണ് അടല്‍ തുരങ്കം നിര്‍മ്മിച്ചത്. 3,086 കോടിയാണ് പദ്ധതിയുടെ നിര്‍മാണച്ചെലവ്. മണാലി-ലേ ദേശീയ പാതയിലെ ദൂരം 45 കിലോമീറ്ററിലധികം കുറക്കുമെന്നതാണ് തുരങ്കത്തിന്റെ പ്രാധാന്യം. പത്തു വര്‍ഷം കൊണ്ടാണ് പണി പൂര്‍ത്തിയാക്കിയത്. 1000 അടി ഉയരവും 9.2 കിലോമീറ്റര്‍ നീളവുമുണ്ട് ഈ തുരങ്കത്തിന്. മലയാളിയായ ചീഫ് എന്‍ജിനീയര്‍ കണ്ണൂര്‍ സ്വദേശി കെ.പി പുരുഷോത്തമനാണ് പദ്ധതിക്ക് നേത്വത്വം നല്‍കിയത്.