India National

നിയമസഭാ തെരഞ്ഞെടുപ്പ് ; ബിഹാറിൽ രണ്ടാം ഘട്ടം 53.51% പോളിംഗ്

ബിഹാർ നിയമ സഭ തെരഞ്ഞെടുപ്പി​ന്റെ രണ്ടാം ഘട്ട വോട്ടിങ്​ പൂർത്തിയായപ്പോൾ 53.51 ശതമാനം പോളിങ്​ രേഖപ്പെടുത്തി. 17 ജില്ലകളിലെ 94 നിയമസഭാ മണ്ഡലങ്ങളിലായി നടന്ന വോട്ടെടുപ്പിൽ 2.85 കോടി ജനങ്ങൾ സമ്മതിദായകാവകാശം രേഖപ്പെടുത്തി. കോവിഡ് മുൻകരുതലുകൾ സ്വീകരിച്ചുകൊണ്ടാണ് വോട്ടെടുപ്പ് നടന്നത്.

മുഴുവൻ വോട്ടുകളുടെ കണക്കെടുപ്പ് കൂടി നടന്നാൽ പോളിംഗ് ശതമാനത്തിൽ ഇനിയും വർദ്ധനവുണ്ടാകുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. കോവിഡ്​ രോഗികൾക്ക്​ വോട്ടു ചെയ്യാനായി വൈകീട്ട്​ ആറു മണിവരെ തെരഞ്ഞെടുപ്പ് കമ്മീഷൻ സമയം അനുവദിച്ചിരുന്നു.

ഇന്ന് നടന്ന രണ്ടാംഘട്ട തെരഞ്ഞെടുപ്പിൽ 1464 സ്ഥാനാർഥികളാണ് ജനവിധി തേടിയത്. ബിജെപി 46, ജനതാദൾ (യു) 43, ആർ.ജെ.ഡി 56, കോൺഗ്രസ് 24. കൂടാതെ മഹാസഖ്യത്തിന്റെ ഭാഗമായി സി.പി.ഐ.എം.എൽ 6, സി.പി.എം 4, സി.പി.ഐ 4 എന്നിങ്ങനെയായിരുന്നു സ്ഥാനാർഥികളുടെ കണക്കുകൾ.

ഇന്ന് ഉപതിരഞ്ഞെടുപ്പ് നടന്ന വിവിധ സംസ്ഥാനങ്ങളിലെ പോളിങ് ശതമാനം

ഛത്തീസ്ഗഢ് – 71.99, ഗുജറാത്ത് – 57.98, ഹരിയാണ – 68, ജാർഖണ്ഡ് – 62.51, കർണാടക- 51.3, മധ്യപ്രദേശ് – 66.37, നാഗാലാൻഡ്- 83.69, ഒഡീഷ – 68.06, തെലങ്കാന – 81.44, ഉത്തർപ്രദേശ് – 51.57.