അഞ്ച് സംസ്ഥാനങ്ങളുടെ നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് റാലികളും റോഡ് ഷോകളും അനുവദിക്കുന്ന വിഷയം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ ഇന്ന് വീണ്ടും പരിഗണിക്കും. നിലവിലുള്ള നിയന്ത്രണം നീട്ടുന്ന വിഷയമാണ് കമ്മീഷൻ ചർച്ച ചെയ്യുക. വിഷയത്തിൽ കൂടുതൽ ഇളവുകൾ നൽകണമെന്ന് രാഷ്ട്രീയ പാർട്ടികൾ ആവശ്യപ്പെട്ടിട്ടുണ്ട്. നിയന്ത്രണങ്ങൾ കടുപ്പിച്ചതോടെ പ്രചരണം സാധ്യമാകുന്നില്ല എന്ന പ്രാദേശിക പാർട്ടികളുടെ പരാതിയും തെരഞ്ഞെടുപ്പ് കമ്മീഷൻ പരിഗണിക്കും. (assembly election road shows)
അതേസമയം ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രചരണപരിപാടികൾ ഇന്ന് ആരംഭിക്കും. വെർച്വൽ ആയാണ് പ്രധാനമന്ത്രിയുടെ തെരഞ്ഞെടുപ്പ് റാലികൾ നടക്കുക.
ഉത്തരാഖണ്ഡിലെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി ഫെബ്രുവരി ഒന്നിന് ബിജെപി മെഗാ തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിക്കുമെന്ന് കേന്ദ്രമന്ത്രിയും ബിപെജിയുടെ ഉത്തരാഖണ്ഡ് തെരഞ്ഞെടുപ്പ് ചുമതലക്കാരനുമായ പ്രഹ്ലാദ് ജോഷി അറിയിച്ചു. ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമി, ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ, ഹിമാചൽപ്രദേശ് മുഖ്യമന്ത്രി ജയ് റാം താക്കൂർ എന്നിവർ പ്രചാരണത്തിൽ പങ്കെടുക്കും. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് 500 പേരെ പങ്കെടുപ്പിച്ചായിരിക്കും തെരഞ്ഞെടുപ്പ് റാലികൾ സംഘടിപ്പിക്കുന്നത്.
70 മണ്ഡലങ്ങളിലും നേതാക്കളുടെ പ്രസംഗം തൽസമയം കേൾക്കാനായി എൽഇഡി ടിവികൾ സ്ഥാപിക്കും. ആഭ്യന്തരമന്ത്രി അമിത് ഷാ, പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്, ബിജെപി അധ്യക്ഷൻ ജെപി നദ്ദ എന്നിവരും പ്രചാരണം നടത്തും. ഉത്തരാഖണ്ഡിലെ പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തുമെന്ന് വാക്കും നൽകിയിട്ടുണ്ട്. എന്നാൽ നാളെ പുറത്ത് വരാനിരിക്കുന്ന തെരഞ്ഞെടുപ്പ് കമ്മിഷന്റെ മാർഗരേഖകൾ പരിശോധിച്ച ശേഷം മാത്രമായിരിക്കും ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുകയെന്ന് പ്രഹ്ലാദ് ജോഷി വ്യക്തമാക്കി.
ഉത്തരാഖണ്ഡിലെ ആളുകൾ കോൺഗ്രസിന്റെ മധുരവാഗ്ദാനങ്ങളിൽ വീഴില്ല, കോൺഗ്രസ് ഭരണത്തിൽ ആളുകളെ അവർ ചൂഷണം ചെയ്യുകയായിരുന്നു. ആളുകൾക്ക് തിരിച്ചറിവ് വന്നതിന്റെ വലിയൊരു തെളിവാണ് ഇന്ന് ബിജെപിയ്‌ക്ക് ലഭിക്കുന്ന പിന്തുണ. ജനങ്ങൾക്ക് സത്യവും മിഥ്യയും തിരിച്ചറിയാൻ സാധിക്കുന്നു. അതുകൊണ്ട് തന്നെ ഈ വർഷവും അഞ്ച് സംസ്ഥാനങ്ങളിൽ താമര വിരിയുമെന്നത് ഉറപ്പാണെന്നും പ്രഹ്ലാദ് ജോഷി കൂട്ടിച്ചേർത്തു.