ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പിനായുള്ള കോണ്‍ഗ്രസ് സ്ഥാനാർത്ഥി പട്ടികയില്‍ 40 ശതമാനം വനിതകള്‍. ആദ്യഘട്ട സ്ഥാനാർത്ഥി പട്ടികയില്‍ ഉള്‍പ്പെട്ട 125 പേരില്‍ 50 പേരും വനിതകളാണ്. ഉന്നാവില്‍ ബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയുടെ അമ്മ ആശ സിംഗിന്റെ സ്ഥാനാർത്ഥിത്വവും ശ്രദ്ധേയമാണ്. ഇവരെ കൂടാതെ സാമൂഹ്യപ്രവര്‍ത്തക സദഫ് ജാഫറും ആശാ പ്രവര്‍ത്തകയായ പൂനം പാണ്ഡെയും പട്ടികയിലുള്‍പ്പെട്ടിട്ടുണ്ട്. കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയാണ് ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്തുവിട്ടത്.
ഉത്തര്‍പ്രദേശിനായി തങ്ങള്‍ പുത്തന്‍ രാഷ്ട്രീയ സംസ്‌കാരത്തിന് തുടക്കം കുറിക്കുകയാണെന്ന് പ്രഖ്യാപിച്ചുകൊണ്ടാണ് പ്രിയങ്കാ ഗാന്ധി സ്ഥാനാർത്ഥി പട്ടിക പുറത്തുവിട്ടത്. സ്ഥാനാർത്ഥികളില്‍ 40 ശതമാനത്തിലേറെ യുവാക്കളാണെന്നതാണ് പട്ടികയുടെ മറ്റൊരു സവിശേഷത. സംസ്ഥാനത്ത് വ്യാപകമായി സ്ത്രീകള്‍ക്കെതിരായ അക്രമങ്ങള്‍ നടക്കുന്ന പശ്ചാത്തലത്തിലാണ് വനിതകള്‍ക്ക് പ്രാമുഖ്യം നല്‍കി സ്ഥാനാർത്ഥി പട്ടിക തയ്യാറാക്കിയതെന്നും പ്രിയങ്കാ ഗാന്ധി കൂട്ടിച്ചേര്‍ത്തു.
ഉന്നാവ് കേസില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയ ബിജെപി എംഎല്‍എ കുല്‍ദീപ് സിംഗ് സെംഗാറിന്റെ അതേ മണ്ഡലത്തില്‍ നിന്നാണ് ഉന്നാവ് പെണ്‍കുട്ടിയുടെ മാതാവും മത്സരിക്കുന്നത്. ഉന്നാവ് കേസില്‍ സെംഗാര്‍ അറസ്റ്റിലായതിനുശേഷം നടന്ന ഉപതെരഞ്ഞെടുപ്പിലും ബിജെപിയായിരുന്നു വിജയിച്ചിരുന്നത്.
ഏഴ് ഘട്ടങ്ങളായാണ് ഉത്തര്‍പ്രദേശില്‍ തെരഞ്ഞെടുപ്പ് നടക്കുക. ഫെബ്രുവരി 10ന് ആരംഭിക്കുന്ന തെരഞ്ഞെടുപ്പ് മാര്‍ച്ച് ഏഴുവരെ നീണ്ടുനില്‍ക്കും. മാര്‍ച്ച് 10നാണ് ഫലം പ്രഖ്യാപിക്കുക.