ഭാരത് ജോഡോ ന്യായ് യാത്രയ്ക്കിടെ അസമിലെ ഗുവാഹത്തിയിലുണ്ടായ സംഘര്‍ഷത്തില്‍ രാഹുല്‍ ഗാന്ധിക്കെതിരെ പൊലീസ് കേസെടുത്തു. മുഖ്യമന്ത്രി ഹിമന്ത ബിശ്വശര്‍മ ഡിജിപിക്ക് നല്‍കിയ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് കേസ്.ഇന്ന് രാവിലെ അസമില്‍ ഭാരത് ജോഡോ ന്യായ് യാത്രയ്ക്കിടെയുണ്ടായ സംഘര്‍ഷത്തിന്റെ പേരിലാണ് അസം പൊലീസ് കേസെടുത്തിരിക്കുന്നത്.
രാഹുല്‍ഗാന്ധിയെ കൂടാതെ, കെ സി വേണുഗോപാല്‍, കനയ്യകുമാര്‍ എന്നിവര്‍ക്കെതിരെയും കേസുണ്ട്. പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരായ അക്രമം, കയ്യേറ്റം ചെയ്യല്‍, പൊതുമുതല്‍ നശിപ്പിക്കല്‍, പ്രകോപനം സൃഷ്ടിക്കല്‍ അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസ്. ഐപിസി 120 ബി, 143, 147, 188, 283, 353, 332, 333, 427 എന്നീ വകുപ്പുകളാണ് പൊലീസ് ചുമത്തിയിരിക്കുന്നത്..
ഇന്ന് രാവിലെ ഭാരത് ജോഡോ ന്യായ് യാത്ര ഗുവാഹത്തി നഗരത്തിലേക്ക് പ്രവേശിക്കുന്നത് പൊലീസ് ബാരിക്കേഡുകള്‍ ഉപയോഗിച്ച് തടഞ്ഞിരുന്നു. തുടര്‍ന്ന് ബാരിക്കേഡ് മറികടക്കാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ശ്രമിച്ചതോടെ പൊലീസ് ലാത്തിവീശി. ഇതിനിടെയാണ് സംഘര്‍ഷമുണ്ടായത്. സംഘര്‍ഷം നടന്ന് മിനിറ്റുകള്‍ക്കുള്ളില്‍ തന്നെ രാഹുലിനെതിരെ കേസെടുക്കാന്‍ ഡിജിപിക്ക് നിര്‍ദേശം നല്‍കിയതായി മുഖ്യമന്ത്രി എക്‌സ് അക്കൗണ്ടില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.