അസം-മിസോറാം അതിർത്തി സംഘർഷത്തില്‍ കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് ഭല്ല ചീഫ് സെക്രട്ടറിമാരുമായി ചർച്ച നടത്തും. മിസോറാം മുഖ്യമന്ത്രി സോറംതംഗ അടിയന്തര മന്ത്രിസഭ യോഗം വിളിച്ചിട്ടുണ്ട്. ഇരു സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാർ പ്രധാനമന്ത്രിയെ നിലവിലെ സ്ഥിതി അറിയിച്ചു. രാത്രിയുണ്ടായ സംഘർഷത്തില്‍ നിരവധി പേർക്ക് പരിക്കേല്‍ക്കുകയും 15 ഓളം കുടിലുകള്‍ അഗ്നിക്കിരയാക്കുകയും ചെയ്തു.
അസം-മിസോറാം അതിര്‍ത്തിയില്‍ മിസോറാം ഒരുക്കിയ കോവിഡ് പരിശോധന കേന്ദ്രം ശനിയാഴ്ച ഒരു സംഘം അഗ്നിക്കിരയാക്കിയിരുന്നു. അനുമതി ഇല്ലാതെ അസം പ്രദേശത്താണ് പരിശോധന കേന്ദ്രം ഒരുക്കിയത് എന്നായിരുന്നു ആരോപണം. ഒപ്പം അസമിലെ കാച്ചറിലും കരിംഗഞ്ചിലും മിസോറം പോലീസ് എത്തിയിരുന്നു. അസമിലെ ലൈലാപൂരിനടുത്ത് ഒരു ചെക്ക് ഗേറ്റ് നിർമ്മിക്കാൻ ശ്രമിക്കുകയും അസം പൊലീസ് തടയുകയും ചെയ്തിരുന്നു.
ഇതിന് പിന്നാലെയാണ് ഇന്നലെ രാത്രി മിസോറാമില്‍ നിന്നും ഒരു സംഘം ആളുകള്‍ അതിർത്തിയിലെത്തി ട്രക്ക് ഡ്രൈവർമാരെയും ഗ്രാമവാസികളെയും ആക്രമിച്ചത്. ചെറിയ കടകളും വീടുകളും അടക്കം 15 കുടിലുകള്‍ അഗ്നിക്കിരയാക്കി. സംഘർഷത്തില്‍ പരിക്കേറ്റവരില്‍ ഒരാളുടെ നില ഗുരുതരമാണ്.
സംഘർഷം ഉണ്ടായ മിസോറാമിലെ കോലാസിബ് ജില്ലയിലും അസമിലെ കാച്ചർ ജില്ലയിലും കൂടുതല്‍ സുരക്ഷ ഉദ്യോഗസ്ഥരെ വിന്യസിച്ചു..
നിലവില്‍ സ്ഥിതി നിയന്ത്രണവിധേയമാണെന്ന് ഇരു സംസ്ഥാനങ്ങളും അറിയിച്ചു. അസം മുഖ്യമന്ത്രി സർബാനന്ദ സോനോവാളും മിസോറാം മുഖ്യമന്ത്രി സോറംതംഗയും പ്രധാനമന്ത്രിയുമായി സംസാരിച്ചു. ഇരു മുഖ്യമന്ത്രിമാരും ഫോണ്‍ വഴി ആശയവിനിമയം നടത്തി.
അതേസമയം, കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ത്രിപുര-മിസോറം അതിർത്തിയില്‍ ക്ഷേത്ര നിർമ്മാണവുമായി ബന്ധപ്പെട്ട് സംഘർഷം നിലനില്ക്കുകയാണ്