ഹെൽമറ്റ് ധരിക്കാത്തത് ചോദ്യംചെയ്ത മാധ്യമപ്രവർത്തകന് പൊലീസിന്‍റെ മര്‍ദനം. അസമിലെ ചിരാംഗ് ജില്ലയിൽ ഇന്നലെയാണ് സംഭവം. മാധ്യമപ്രവര്‍ത്തകന്‍ ജയന്ത് ദേബ്‌നാഥിനെ രണ്ട് പോലീസുകാർ മർദിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു.
ആള്‍ക്കൂട്ടം നോക്കിനില്‍ക്കെയായിരുന്നു മര്‍ദനം. മാധ്യമപ്രവര്‍ത്തകനെ ബലംപ്രയോഗിച്ച് പൊലീസ് ജീപ്പില്‍ കയറ്റാന്‍ കൂടുതല്‍ പൊലീസുകാരെ വിളിക്കുന്നതും ദൃശ്യത്തില്‍ കാണാം. സംഭവത്തിന്‍റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ വൻ പ്രതിഷേധം ഉയരുകയാണ്.
രണ്ട് പൊലീസുകാര്‍ ഹെൽമറ്റ് ധരിക്കാതെ വണ്ടിയോടിക്കുന്നതു കണ്ടപ്പോള്‍ ഇത് പൊതുജനങ്ങൾക്ക് എന്ത് സന്ദേശമാണ് നൽകുകയെന്ന് താന്‍ ചോദിച്ചെന്ന് മാധ്യമപ്രവര്‍ത്തകന്‍ ജയന്ത് ദേബ്‌നാഥ് പറയുന്നു. തുടര്‍ന്ന് ഇരുവരും തന്നെ ക്രൂരമായി മര്‍ദിച്ചെന്നും അദ്ദേഹം പറഞ്ഞു-
“ഒരു ബൈക്കിൽ രണ്ട് പോലീസുകാർ- അവര്‍ ഹെൽമെറ്റ് ധരിച്ചിരുന്നില്ല. പൊതുജനങ്ങൾക്ക് എന്ത് സന്ദേശമാണ് ഇത് നൽകുകയെന്ന് ചോദിച്ചതാണ് ഞാന്‍ ചെയ്ത ഏക തെറ്റ്. പട്ടാപ്പകൽ അവർ എന്നെ അധിക്ഷേപിക്കുകയും ആക്രമിക്കുകയും ചെയ്തു. ഞാന്‍ മാധ്യമപ്രവര്‍ത്തകനാണെന്ന് പറഞ്ഞപ്പോള്‍ അവര്‍ കൂടുതല്‍ ദേഷ്യപ്പെട്ടു. രാത്രി ആയിരുന്നുവെങ്കില്‍ അവരെന്നെ കൊന്നുകളഞ്ഞേനെ. ഞാന്‍ ഞെട്ടിപ്പോയി”- മാധ്യമപ്രവര്‍ത്തകന്‍ പറഞ്ഞു.
ജയന്ത് ദേബ്‌നാഥ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ അസം പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയാണ്. അന്വേഷണത്തിന്‍റെ അടിസ്ഥാനത്തില്‍ നടപടിയെടുക്കുമെന്ന് ചിരാംഗ് ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് (ഡിഎസ്പി) ലബക്ര ദേക പറഞ്ഞു. നിയമപാലകര്‍ നിയമം ലംഘിക്കുന്നില്ലെന്ന് അസം സര്‍ക്കാര്‍ ഉറപ്പാക്കണമെന്ന് ജയന്ത് ദേബ്‌നാഥ് ആവശ്യപ്പെട്ടു.