പേമാരിയെ തുടർന്ന് ബ്രഹ്മപുത്ര നദി കരകവിഞ്ഞതോടെയാണ് മാസങ്ങൾക്കുള്ളില്‍ അസം വീണ്ടും വെള്ളപ്പൊക്കത്തെ നേരിടേണ്ടി വന്നത്.
അസമില്‍ വെള്ളപ്പൊക്കം. 11 ജില്ലകളിലായി മൂന്നുലക്ഷം പേരെ വെള്ളപ്പൊക്കം ബാധിച്ചു. സാഹചര്യം ഗുരുതരമെന്ന് അസം സര്‍ക്കാര്‍. സംസ്ഥാനത്ത് 57 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. ദുരന്തനിവാരണ സേന പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. ഒരു മരണം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഗോല്‍പാര ജില്ലയിലാണ് മരണം റിപ്പോര്‍ട്ട് ചെയ്തത്.
ഉംപുൻ ചുഴലിക്കാറ്റിനെ തുടർന്ന് കഴിഞ്ഞ ഒരാഴ്ചയായി വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ശക്തമായ മഴ തുടരുകയാണ്. പേമാരിയെ തുടർന്ന് ബ്രഹ്മപുത്ര നദി കരകവിഞ്ഞതോടെയാണ് മാസങ്ങൾക്ക് ശേഷം അസം വീണ്ടും വെള്ളപ്പൊക്കത്തെ നേരിടേണ്ടി വന്നത്. വെള്ളപ്പൊക്കം ഏറ്റവുമധികം ബാധിച്ചത് ഗോല്‍പാര ജില്ലയെയാണ്. രണ്ടര ലക്ഷം പേരെയാണ് ഇവിടെ നിന്ന് മാത്രമായി മാറ്റി പാര്‍പ്പിച്ചിട്ടുള്ളത്. നാല് ജില്ലകളിലെ സാഹചര്യം ഗുരുതരമാണ് എന്നാണ് സര്‍ക്കാര്‍ പറയുന്നത്. 11 ജില്ലകളെയാണ് വെള്ളപ്പൊക്കം ബാധിച്ചിട്ടുള്ളത്. ഈ ജില്ലകളില്‍ കുടുങ്ങിക്കിടക്കുന്നവരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റാനുള്ള ശ്രമങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്.
321 ഗ്രാമങ്ങള്‍ പൂര്‍ണമായും വെള്ളത്തിനടിയിലാണെന്ന് സര്‍ക്കാര്‍ പറയുന്നു. കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ കൂടി പരിഗണിച്ച് വേണം സംസ്ഥാനത്ത് ദുരിതാശ്വാസ ക്യാമ്പുകള്‍ തുറക്കാന്‍ എന്നതിനാല്‍ അത്തരമൊരു ബുദ്ധിമുട്ട് കൂടി സംസ്ഥാനം നേരിടുന്നുണ്ട്.
അപകടകരമായ അവസ്ഥയില്‍ ബ്രഹ്മപുത്ര നദി കരകവിഞ്ഞൊഴുകുകയാണ്. കാംരൂപ്, ജോർഹട്ട്, സോനിത്പൂർ ജില്ലകളില്‍ വെള്ളപ്പൊക്കം ശക്തിപ്പെടുമെന്ന് കേന്ദ്ര ജലക്കമ്മീഷൻ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. വരും മണിക്കൂറിലും സംസ്ഥാനത്ത് മഴ തുടരും എന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നല്‍കുന്ന മുന്നറിയിപ്പ്. മഴ ഇനിയും തുടര്‍ന്നാല്‍ അതിരൂക്ഷമായ സാഹചര്യത്തിലേക്ക് അസം എത്തും.
നിലവില്‍ കോവിഡ് ബാധയും അസമില്‍ രൂക്ഷമാണ്. 700 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 4 മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഈ ഒരു സാഹചര്യത്തില്‍ ഈ പ്രളയം ഇരട്ടിപ്രഹരമാണ് സംസ്ഥാനത്തിന് ഉണ്ടാക്കിയിട്ടുള്ളത്.