India National

അസമിലും ബിഹാറിലും കനത്ത മഴക്ക് നേരിയ ശമനം

പ്രളയം നാശം വിതച്ച അസമിലും ബിഹാറിലും കനത്ത മഴക്ക് നേരിയ ശമനം. എന്നാല്‍ വെള്ളക്കെട്ടുകള്‍ക്ക് കാര്യമായ മാറ്റമില്ല. അസമില്‍ മാത്രമായി ഇതുവരെ 64 പേര്‍ക്ക് ജീവന്‍ നഷ്ടമായി. ഇതടക്കം വിവിധ സംസ്ഥാനങ്ങളിലായി മരണസംഖ്യ 175 പിന്നിട്ടു.

അസം, ബിഹാര്‍ ഉള്‍പ്പെടെ പ്രളയക്കെടുതിയിലായ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ രണ്ട് ദിവസമായി കനത്ത മഴക്ക് കുറവുണ്ട്. ഇതോടെ അസമില്‍ 8 ജില്ലകളിലെ വെള്ളക്കെട്ട് നേരിയതോതില്‍ കുറഞ്ഞു. ഇവിടെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കി. എന്നാല്‍ ശക്തമായ പ്രളയത്തിന് സാക്ഷ്യം വഹിച്ച ബക്സ, ഹജായ്, മജുലി, ദുബ്രി , മൊറിഗോണ്‍ അടക്കമുള്ള ജില്ലകളില്‍ സ്ഥിതിഗതികള്‍ക്ക് മാറ്റമില്ല. ബ്രഹ്മപുത്ര അടക്കം പ്രധാന നദികളും കൈവഴികളും അപകട തോത് കവിഞ്ഞ് ഒഴുകയാണ്. സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് പുറത്ത് വരുന്ന അനൌദ്യോഗിക റിപ്പോര്‍ട്ടുകള്‍ പ്രകാരം അസമില്‍‍ മരണ സംഖ്യ 100 കടന്നിട്ടുണ്ട്. 3024 ഗ്രാമങ്ങളില്‍ 44 ലക്ഷത്തിലധികം ആളുകളെ പ്രളയം ബാധിച്ചു. കസിരംഗ ദേശീയ പാര്‍ക്കിലടക്കം ചത്തൊടുങ്ങി മൃഗങ്ങളുടെ കൃത്യമായ കണക്ക് പുറത്ത് വന്നിട്ടില്ല. സംസ്ഥാനത്ത് ഒന്നര ലക്ഷം ഹെക്ടര്‍ സ്ഥലത്ത് കൃഷി നാശമുണ്ടായന്നാണ് കണക്കാക്കപ്പെടുന്നത്. ബീഹാറില്‍ 75 പേരുടെ മരണം സ്ഥിരീകരിച്ചിട്ടുണ്ട്. 12 ജില്ലകളിലായി 55 ലക്ഷം പേരെ സംസ്ഥാനത്ത് പ്രളയം ബാധിച്ചു. മൂന്നു ദിവസത്തേക്ക് ശക്തമായ മഴ ഉണ്ടാകാനിടയില്ലെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്. ഇതോടെ ജന നിരപ്പ് താഴുമെന്ന പ്രതീക്ഷയിലാണ് വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങള്‍.