ക്ഷീര കര്‍ഷകര്‍ക്ക് ഒരു ഉപദേശവുമായി അസമില്‍ നിന്നുള്ള ബി.ജെ.പി എം.എല്‍.എ ദിലിപ് കുമാര്‍. ഓടക്കുഴല്‍ സംഗീതം കേള്‍പ്പിച്ചാല്‍ പശുക്കള്‍ കൂടുതല്‍ പാല് നല്‍കുമെന്നാണ് എം.എല്‍.എയുടെ അവകാശവാദം. ശ്രീകൃഷ്ണന്‍ വായിച്ചിരുന്ന പ്രത്യേക രാഗത്തില്‍ ഓടക്കുഴല്‍ സംഗീതം കേള്‍പ്പിച്ചാല്‍ പശുക്കള്‍ പലയിരട്ടി പാല്‍ നല്‍കുമെന്ന് ദിലിപ് കുമാര്‍ പറഞ്ഞു.
ശ്രീകൃഷ്ണനെ പോലെ ഒരു പ്രത്യേക രാഗത്തിൽ നമുക്ക് ഓടക്കുഴൽ വായിക്കാൻ കഴിയുമെങ്കിൽ പാലിന്റെ അളവ് പലയിരട്ടിയായി വർധിക്കുമെന്ന് ആധുനിക ശാസ്ത്രജ്ഞർ തെളിയിച്ചിട്ടുണ്ടെന്നും സിൽചാറിൽ നടന്ന ഒരു നാടോടി ഉത്സവത്തിന്റെ ഉദ്ഘാടനച്ചടങ്ങിൽ എം.എല്‍.എ പറഞ്ഞു. ഇതാണ് പുരാതന കാലത്തെ ശാസ്ത്രമെന്നും തങ്ങൾ ഈ രീതി ആധുനിക കാലത്തേക്ക് തിരികെ കൊണ്ടുവരാൻ പോകുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. “ഞാൻ ഒരു ശാസ്ത്രജ്ഞനല്ല, പക്ഷേ ഇന്ത്യൻ പരമ്പരാഗത പഠനങ്ങളുടെ അടിസ്ഥാനത്തില്‍ ഈ അവകാശവാദങ്ങൾ ശരിയാണെന്നും ശാസ്ത്രജ്ഞർ ഇപ്പോൾ ഈ ആശയങ്ങളിൽ വിശ്വസിക്കാൻ തുടങ്ങിയിട്ടുണ്ടെന്നും” അദ്ദേഹം കൂട്ടിച്ചേർത്തു.
ദീർഘകാലം ആർ.എസ്.എസ് പ്രവര്‍ത്തകനായിരുന്ന ദിലിപ് കുമാര്‍, അസമിലെ ബംഗാളി ശക്തിമേഖലയായ ബരാക് താഴ്‍വരയിൽ നിന്നുള്ള 15 എം.എൽ.എമാരിൽ ഒരാളാണ്.