അസമിലും ബിഹാറിലും കനത്ത മഴ ശമിച്ചെങ്കിലും പ്രളയ ദുരിതങ്ങള്‍ക്ക് മാറ്റമില്ലാതെ തുടരുന്നു.ഔദ്യോഗിക കണക്ക് പ്രകാരം അസമിൽ മാത്രം മരണ സംഖ്യ 66 ആയി. ബിഹാറിൽ 102 പേർ മരിച്ചു. മറ്റു സംസ്ഥാനങ്ങളിലെ കണക്ക് കൂടി ചേർത്താൽ ആകെ 177 പേർക്ക് ഇതുവരെ ജീവൻ നഷ്ടമായി. അസമിൽ ബ്രഹ്മ പുത്ര അടക്കമുള്ള പ്രധാന നദികളിലും കൈവഴികളിലും ജലനിരപ്പ് താഴ്ന്നിട്ടില്ല. 3024 ഗ്രാമങ്ങളിലായി 44 ലക്ഷത്തിലധികം ആളുകളെ പ്രളയം ബാധിച്ചു. കസിരംഗ ദേശീയ പാര്‍ക്കിൽ 16 കാണ്ടാമൃഗങ്ങൾ ഉൾപ്പെടെ 187 വന്യ മൃഗങ്ങൾ ചത്തൊടുങ്ങിയെന്നാണ് അസം സർക്കാരിന്റെ കണക്ക്. ഒന്നര ലക്ഷം ഹെക്ടറിലധികം സ്ഥലത്ത് കൃഷി നാശവും ഉണ്ടായിട്ടുണ്ട്. മഴ കുറഞ്ഞതോടെ രക്ഷാപ്രവർത്തനവും പുനരധിവാസ നടപടികളും ഊർജ്ജിതമാക്കിയതായി അധികൃതർ അറിയിച്ചു.