വെള്ളപ്പൊക്കത്തിൽ വലഞ്ഞ് അസം. 56 ലക്ഷം ജനങ്ങളെ നേരിട്ട് ബാധിച്ചതായി അസം സർക്കാർ അറിയിച്ചു. ഇതുവരെ 93 പേർ മരിച്ചു. ബിഹാറിൽ മഴക്കെടുതി തുടരുകയാണ്. പത്ത് ജില്ലകളെ സാരമായി ബാധിച്ചു.
അസമിലെ 26 ജില്ലകൾ വെള്ളപ്പൊക്ക കെടുതിയിലാണ്. 56,64,499 പേരെ നേരിട്ട് ബാധിച്ചുവെന്ന് അസം സർക്കാർ വ്യക്തമാക്കി. 587 ദുരിതാശ്വാസ ക്യാമ്പുകളിലായി അരലക്ഷത്തിലേറെ പേരെ മാറ്റിപാർപ്പിച്ചു. 14 ലക്ഷം വളർത്തുമൃഗങ്ങളെയും ബാധിച്ചു. ബ്രഹ്മപുത്ര നദി അപകടനിലയും കവിഞ്ഞ് ഒഴുകുന്നു. കാസിരംഗ പാർക്ക് 92 ശതമാനവും വെള്ളത്തിൽ മുങ്ങി. ദേശീയ ദുരന്ത പ്രതികരണ സേനയുടെ 16 സംഘങ്ങൾ അടക്കം ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സജീവമാണ്.
ബിഹാറിൽ ഈസ്റ്റ് ചമ്പാരൻ, ഗോപാൽ ഗഞ്ച് തുടങ്ങി പത്ത് ജില്ലകളെ സാരമായി ബാധിച്ചു. കോസിയും ബാഗ്മതിയും അപകടനിലയും കവിഞ്ഞ് ഒഴുകുന്ന സാഹചര്യമാണുള്ളത്. ശനിയാഴ്ചയും മഴ തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പ്.