India National

മഹാരാഷ്ട്രയില്‍ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള ബി.ജെ.പി- ശിവസേന തര്‍ക്കം പരിഹരിക്കുന്നത് വൈകും

മഹാരാഷ്ട്രയില്‍ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള ബി.ജെ.പി- ശിവസേന തര്‍ക്കം പരിഹരിക്കുന്നത് വൈകും. അമിത് ഷാ-ഉദ്ധവ് താക്കറെ അനുരജ്ഞന ചര്‍ച്ച ദീപാവലിയാഘോഷത്തിന് ശേഷം മാത്രമാണുണ്ടാകുക. അതിനിടെ നിയമസഭ നേതാവിനെ തെരഞ്ഞെടുക്കാന്‍ ‌ബി.ജെ.പി പാര്‍ലമെന്ററി പാര്‍ട്ടി യോഗം ബുധനാഴ്ച ചേരും.

ദീപാവലിക്ക് ശേഷം നിയമസഭ നേതാവിനെ കണ്ടെത്താന്‍ ബുധനാഴ്ച ബി.ജെ.പി യോഗം ചേരും. യോഗത്തിനായി ബി.ജെ.പി അധ്യക്ഷന്‍ അമിത്ഷാ മഹാരാഷ്ട്രയിലെത്തും.‌ പാര്‍ലമെന്ററി യോഗ നടപടികള്‍ പൂര്‍ത്തീകരിച്ച ശേഷം ശിവസേന അധ്യക്ഷന്‍ ഉദ്ദവ് താക്കറെയുമായി അമിത്ഷാ കൂടിക്കാഴ്ച നടത്തും. മുഖ്യമന്ത്രി സ്ഥാനം സംബന്ധിച്ച തര്‍ക്കത്തില്‍ സമവായത്തിലെത്തുകയാണ് ലക്ഷ്യം. ‌കഴിഞ്ഞ ദിവസം ശിവസേന അധ്യക്ഷന്‍ ഉദ്ധവ് താക്കറെയുടെ വീട്ടില്‍ ചേര്‍ന്ന യോഗത്തിലാണ് ആദ്യ രണ്ടര വര്‍ഷം മുഖ്യമന്ത്രി സ്ഥാനം ലഭിക്കണമെന്ന് പാര്‍ട്ടി ഔദ്യോഗികമായി തീരുമാനിച്ചത്. ആദിത്യ താക്കറയെ മുഖ്യമന്ത്രിയാക്കണമെന്ന് പാര്‍ട്ടി എം.എല്‍.എമാര്‍ ഐക്യകണ്ഠേന ആവശ്യപ്പെട്ടു.

ബി.ജെ.പിയോട് ‌ഇക്കാര്യം ശിവസേന നേരിട്ട് ആവശ്യപ്പെട്ടിട്ടുമുണ്ട്. മന്ത്രിസ്ഥാനങ്ങളില്‍ പകുതി വേണമെന്ന ആവശ്യവും ശിവസേന മുന്നോട്ടുവെച്ചു. നിലവില്‍ 56 അംഗങ്ങളുള്ള ശിവസേനക്ക് പിന്തുണയുമായി നാല് സ്വതന്ത്രര്‍ കൂടി രംഗത്തെത്തിയത് പാര്‍ട്ടിയുടെ വില പേശല്‍ സാധ്യതയും വര്‍ധിപ്പി‌ച്ചു. അതിനിടെ ശിവസേന മുഖപത്രമായ സാംന എന്‍.സി.പിയെ ‌പ്രകീര്‍ത്തിച്ച് ഇന്നലെ വീണ്ടും മുഖപ്രസംഗമെഴുതിയിരുന്നു. തെരഞ്ഞെടുപ്പ് ഫലം വന്ന ശേഷം ഇത് രണ്ടാം തവണയാണ് എന്‍.സി.പിയെ പ്രകീര്‍ത്തിച്ച് സാംന മുഖപ്രസംഗം ‌എഴുതുന്നത്.