2008ലെ സാമ്പത്തിക മാന്ദ്യത്തെ പോലും പിന്നിലാക്കുന്ന വീഴ്ചയാണ് ഇന്നലെ മാത്രം മുംബെയിലെ ഓഹരി വിപണിയില്‍ രേഖപ്പെടുത്തിയത്
ഇന്ത്യന്‍ ഓഹരി വിപണിയില്‍ ഇന്നലെയുണ്ടായ തകര്‍ച്ച വരും ദിവസങ്ങളിലും തുടര്‍ന്നേക്കുമെന്ന് വിദഗ്ധര്‍.2008ലെ സാമ്പത്തിക മാന്ദ്യത്തെ പോലും പിന്നിലാക്കുന്ന വീഴ്ചയാണ് ഇന്നലെ മാത്രം മുംബെയിലെ ഓഹരി വിപണിയില്‍ രേഖപ്പെടുത്തിയത്. 2008 ജനുവരി 22ന് രേഖപ്പെടുത്തിയ 2273 പോയന്റിന്റെ വീഴ്ചയെ ആണ് ഇന്നലെ രേഖപ്പെടുത്തിയ 2467 മറികടന്നത്.
മറ്റൊരു ആഗോള സാമ്പത്തിക മാന്ദ്യത്തിന്റെ തുടക്കം കുറിക്കുന്ന ഒന്നാണ് ഓഹരി വിപണിയിലെ ഇപ്പോഴത്തെ തകര്‍ച്ചയെന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്. കോവിഡ് 19 വൈറസ് മാര്‍ക്കറ്റില്‍ ഉണ്ടാക്കിയ മാന്ദ്യമാണ് ഇപ്പോഴത്തെ തകര്‍ച്ചയുടെ പിന്നിലെന്ന് വിലയിരുത്തുന്നുണ്ടെങ്കിലും ആഗോള മേഖലയിലെ ചിത്രം എല്ലാ രാജ്യങ്ങളിലും ഒരുപോലെയല്ല. കോവിഡ് വൈറസിന്റെ ആവിര്‍ഭാവം കണ്ടെത്തിയ ചൈനയില്‍ ഇന്നലെ 1.5 ശതമാനം മാത്രമാണ് ഓഹരിവിലകള്‍ താഴേക്കു പോയത്. സൌദി അറേബ്യയിലും ഇതേ നിരക്കിലാണ് തകര്‍ച്ച രേഖപ്പെടുത്തിയത്. എന്നാല്‍ വ്യക്തികളില്‍ നിന്നും കോവിഡ് നഗരങ്ങളെയോ സമൂഹങ്ങളെയോ ഇനിയും വിഴുങ്ങിയിട്ടില്ലാത്ത ഇന്ത്യയില്‍ 8.2 ശതമാനമാണ് ഓഹരി വിലകള്‍ കൂപ്പു കുത്തിയത്. കോവിഡ് മാരകമായി പടരുന്നുവെന്ന് വിലയിരുത്തപ്പെടുന്ന ഇറ്റലിയില്‍ 5 ശതമാനം മാത്രമാണ് ഓഹരി തകര്‍ച്ച. പെട്രോളിന്റെ വിലയിടിവ് മൂലം ഇന്ത്യന്‍ വിപണിയില്‍ കാര്യമായ ഉണര്‍വ്വ് ഉണ്ടാകേണ്ടിയിരുന്ന അവസരത്തിലാണ് ഇപ്പോഴത്തെ തകര്‍ച്ചയെന്നതും ശ്രദ്ധേയമാണ്.
സാമ്പത്തിക വിദഗ്ധന്‍ കൂടിയായ മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗ് ഇപ്പോഴത്തെ തകര്‍ച്ചക്ക് ചൂണ്ടിക്കാട്ടുന്ന സുപ്രധാന കാരണം കോവിഡ് ആണെങ്കിലും വര്‍ഗീയ അസ്വസ്ഥതകളും പൗരത്വ നിയമവും വിദേശ നിക്ഷേപത്തെ സ്വാധീനിക്കുന്നതും എടുത്തു പറഞ്ഞിട്ടുണ്ട്. കോവിഡിനെ ചെറുക്കാന്‍ രാജ്യം പ്രഥമ പരിഗണന നല്‍കണമെന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്. അടച്ചു പൂട്ടിയ ഇന്ത്യന്‍ ഓഹരി വിപണിയില്‍ നാളെയും തകര്‍ച്ച തുടര്‍ന്നാല്‍ 2008നെ പിന്നിലാക്കുന്ന പ്രതിസന്ധിയിലേക്കാവും രാജ്യം എത്തിപ്പെടുന്നത്.