ഷാറുഖ് ഖാന്റെ മകൻ ആര്യൻ ഖാന് ജാമ്യമില്ല. ആര്യൻ ഖാനെ ഒക്ടോബർ ഏഴ് വരെ നാർക്കോട്ടിക് കണ്ട്രോൾ ബ്യൂറോയുടെ കസ്റ്റഡിയിൽ വിട്ടു. അർബാസ് മെർച്ചന്റ്, മുൻമുൻ ധമേച്ച എന്നിവരുടെയും കസ്റ്റഡി മൂന്നു ദിവസത്തേക്ക് നീട്ടി. ( aryan khan bail denied )
മയക്കുമരുന്ന് സംഘവുമായി ആര്യാനുള്ള ബന്ധവും പങ്കും അറിയേണ്ടതുണ്ടെന്ന് എൻസിബി സോണൽ മേധാവി സമീർ വാങ്കടെ കോടതിയിൽ അറിയിച്ചു. ഈ വാദം അംഗീകരിച്ചുകൊണ്ടാണ് മുംബൈ ചീഫ് മെട്രോ പൊളിറ്റൻ മജിസ്‌ട്രേറ്റ് കോടതി ആര്യൻ ഖാൻ അടക്കമുള്ളവരുടെ ജാമ്യം നിഷേധിച്ചത്.
എന്നാൽ ആര്യൻ ഖാന്റെ പക്കൽ നിന്ന് മയക്ക് മരുന്ന് കണ്ടെത്തിയിട്ടില്ലെന്ന് , പ്രതിക്ക് വേണ്ടി ഹാജരായ അഭിഭഷകൻ സതീഷ് മനേഷിൻഡെ കോടതിയിൽ വാദിച്ചു. ആര്യൻ ഖാന്റെ കയ്യിൽ നിന്നും ലഹരി വസ്തു പിടികൂടിയിട്ടില്ല എന്ന് എൻസിബി കോടതിയിൽ അറിയിച്ചു. എന്നാൽ ആര്യന്റെ വാട്ട്‌സ് ആപ്പ് സന്ദേശങ്ങളിൽ നിന്ന് ലഹരി ഇടപാടുണ്ടെന്ന് അന്വേഷണ സംഘത്തിന് വ്യക്തമായിരുന്നു. ഇതിന്റെ ചുവടുപിടിച്ചാണ് നിലവിൽ അന്വേഷണം പുരോഗമിക്കുന്നത്.
ആഡംബര കപ്പലിലെ ലഹരി പാർട്ടിയുമായി ബന്ധപ്പെട്ട് ഒരു മലയാളിയും അറസ്റ്റിലായിട്ടുണ്ട്. ശ്രേയസ് നായരാണ് അറസ്റ്റിലായത്. ആര്യൻ ഖാന് ലഹരി മരുന്ന് എത്തിച്ചു കൊടുത്തത് ശ്രേയസ് നായരാണെന്ന് കണ്ടെത്തി. ശ്രേയസ് എൻസിബി കസ്റ്റഡിയിലാണ്. ഇയാൾ ആര്യൻ ഖാനുമായി നിരന്തരം ബന്ധപ്പെട്ടിരുന്നതിന്റെ ചാറ്റ് വിവരങ്ങൾ അന്വേഷണ ഉദ്യോഗസ്ഥർക്ക് ലഭിച്ചിട്ടുണ്ട്.
ഒക്ടോബർ രണ്ട് അർധരാത്രിയാണ് റെയ്ഡ് നടന്നത്. മുംബൈയിൽ നിന്ന് ഗോവയിലേക്ക് പോയ ആഢംബര കപ്പലായ കോർഡിലിയ ക്രൂയിസിൽ ലഹരിപാർട്ടി നടത്തുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ യാത്രക്കാരുടെ വേഷത്തിലാണ് എൻസിബി സംഘം കപ്പലിലെത്തിയത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് എട്ട് പേരും, സംഘാടകരും പിടിയിലായത്.
അറുപതിനായിരം മുതൽ ആറ് ലക്ഷം രൂപ വരെ പ്രവേശന ഫീസ് നൽകിയാണ് കപ്പലിലെ യാത്ര. കപ്പലിൽ നിന്ന് കൊക്കെയിൻ, ഹാഷിഷ്. എംഡിഎംഎ തുടങ്ങിയ നിരോധിത മയക്കുമരുന്നുകൾ പിടികൂടിയിരുന്നു.