India National

ലോക്സഭാ തെരഞ്ഞെടുപ്പില്‍ കെജ്‍രിവാള്‍ മത്സരിക്കില്ല

ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി കണ്‍വീനറുമായ അരവിന്ദ് കെജ്‍രിവാള്‍ മത്സരിക്കില്ല. ഇതേസമയം, വരാണസി സീറ്റില്‍ എ.എ.പി ശക്തനായ സ്ഥാനാര്‍ഥിയെ മത്സരിപ്പിക്കുമെന്ന് പാര്‍ട്ടി വക്താവും രാജ്യസഭാ എം.പിയുമായ സഞ്ജയ് സിങ്.

”ലോക്സഭാ തെരഞ്ഞെടുപ്പില്‍ കെജ്‍രിവാള്‍ മത്സരിക്കില്ല. ഡല്‍ഹിയില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ട സാഹചര്യത്തിലാണ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്നും വിട്ടുനില്‍ക്കുന്നത്. ഡല്‍ഹി, പഞ്ചാബ്, ഹരിയാന, ഗോവ തുടങ്ങി സംസ്ഥാനങ്ങളിലെ സീറ്റുകളില്‍ എ.എ.പി ശക്തരായ സ്ഥാനാര്‍ഥികളെ അവതരിപ്പിക്കും. ഉത്തര്‍പ്രദേശിലെ ഏതാനും സീറ്റുകളിലും എ.എ.പി മത്സരിക്കും”. – സഞ്ജയ് സിങ് പറഞ്ഞു.

വിദ്യാഭ്യാസം, ആരോഗ്യം, കര്‍ഷക പ്രശ്നങ്ങള്‍, വൈദ്യുതി, ജല വിതരണം തുടങ്ങിയ മേഖലകളിലാണ് ഡല്‍ഹിയില്‍ എ.എ.പി കൂടുതല്‍ ശ്രദ്ധ നല്‍കുന്നത്. ദേശീയ രാഷ്ട്രീയത്തില്‍ പാര്‍ട്ടി ശ്രദ്ധ കേന്ദ്രീകരിക്കുമ്പോള്‍, എല്ലാവര്‍ക്കും വിദ്യാഭ്യാസം, സമൂഹത്തില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് സൌജന്യ വിദ്യാഭ്യാസം, തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക, സ്വാമിനാഥന്‍ കമ്മീഷന്റെ ശിപാര്‍ശകള്‍ പ്രാബല്യത്തില്‍ വരുത്തുക തുടങ്ങിയ വിഷയങ്ങളില്‍ കൂടുതല്‍ ഊന്നല്‍ നല്‍കുമെന്നും സഞ്ജയ് സിങ് പറഞ്ഞു.