India National

‘രാമക്ഷേത്രം വരുന്നതോടെ ഇന്ത്യയിലെ പട്ടിണിയും ദാരിദ്ര്യവും മാറും’; കെജരിവാള്‍

അയോധ്യയിൽ രാമക്ഷേത്രത്തിന്‍റെ തറക്കല്ലിടൽ ചടങ്ങിന് ആശംസയുമായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍. രാജ്യത്തിന്റെ പ്രശസ്തി ഉയര്‍ത്തുന്ന രാമക്ഷേത്ര നിര്‍മ്മാണത്തിന് അഭിനന്ദനങ്ങള്‍ എന്നായിരുന്നു അദ്ദേഹം ട്വീറ്റ് ചെയ്തത്.

‘ അയോധ്യയില്‍ നടക്കുന്ന ഭൂമി പൂജയ്ക്ക് അഭിനന്ദനങ്ങള്‍. തുടര്‍ന്നും നമുക്ക് രാമന്റെ അനുഗ്രഹങ്ങള്‍ക്കായി പ്രാര്‍ഥിക്കാം. ഇതോടെ നമ്മുടെ രാജ്യത്തെ പട്ടിണിയും ദാരിദ്ര്യവും മാറും. ഇന്ത്യ ലോക രാജ്യങ്ങള്‍ക്കു മുന്നില്‍ ശക്തമായ രാജ്യമായി ഉയര്‍ത്തപ്പെടും. ജയ് ശ്രീറാം…ജയ് ബജ്‌റംഗ് ബാലി’ -എന്നായിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റ്.

അയോധ്യയിൽ രാമക്ഷേത്രത്തിന്‍റെ തറക്കല്ലിടൽ ചടങ്ങ് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് നിര്‍വഹിക്കുന്നത്. ഇതിനായി മോദി അയോധ്യയിലെത്തി. കോവിഡ് പശ്ചാത്തലത്തിൽ ആരോഗ്യ പ്രോട്ടോക്കോൾ പാലിച്ചാകും ചടങ്ങുകൾ നടക്കുക. ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭാഗവത്, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, എന്നിവര്‍ അടക്കം അമ്പതോളം വി.ഐ.പികളാണ് ചടങ്ങില്‍ പങ്കെടുക്കുന്നത്.