India National

ഡല്‍ഹി തെരഞ്ഞെടുപ്പ്: എ.എ.പി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു

ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാര്‍ഥികളെ ആം ആദ്മി പാർട്ടി പ്രഖ്യാപിച്ചു. ന്യൂ ഡൽഹി മണ്ഡലത്തിൽ അരവിന്ദ് കെജ്‌രിവാൾ മത്സരിക്കും. ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ജനവിധി തേടുന്നത് പട്പർഗഞ്ചില്‍ നിന്നാണ്. 46 സിറ്റിംഗ് എം.എല്‍.എമാര്‍ മത്സരിക്കും. 70 സീറ്റുകളിലെയും സ്ഥാനാര്‍ഥികളെ എ.എ.പി പ്രഖ്യാപിച്ചിട്ടുണ്ട്.

സത്യേന്ദ്ര ജെയിന്‍ ശകുര്‍ ബസ്തില്‍ നിന്നും ജിതേന്ദ്ര തോമര്‍ ത്രിനഗറില്‍ നിന്നും ജെര്‍ണല്‍ സിങ് തിലക് നഗറില്‍ നിന്നും അതിഷി കല്‍കജിയില്‍ നിന്നും എ കെ ബഗ്ഗ കൃഷ്ണനഗറില്‍ നിന്നും ജനവിധി തേടും.

സ്ഥാനാര്‍ഥികള്‍ക്ക് കെജ്‍രിവാള്‍ വിജയാശംസ നേര്‍ന്നു. കഠിനമായി പ്രവര്‍ത്തിക്കൂ. ജനങ്ങള്‍ക്ക് എ.എ.പിയില്‍ ഏറെ വിശ്വാസമുണ്ട്. ദൈവം അനുഗ്രഹിക്കട്ടെ എന്നാണ് കെജ്‍രിവാള്‍ ട്വീറ്റ് ചെയ്തത്.

ഫെബ്രുവരി 8നാണ് ഡല്‍ഹിയില്‍ തെരഞ്ഞെടുപ്പ്. ഫെബ്രുവരി 11ന് വോട്ടെണ്ണും. പെരുമാറ്റചട്ടം നിലവില്‍ വന്നുകഴിഞ്ഞു. സര്‍വെ ഫലങ്ങള്‍ അനുകൂലമായതിനാല്‍ എ.എ.പി ഏറെ ആത്മവിശ്വാസത്തിലാണ്. കോണ്‍ഗ്രസും ബി.ജെ.പിയും ഇതുവരെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിട്ടില്ല. ആദ്യം സ്ഥാനാര്‍ഥി പട്ടിക പുറത്തുവിട്ട് തുടക്കത്തിലേ തന്നെ പ്രചാരണം ശക്തമാക്കാനാണ് എ.എ.പി തീരുമാനം.

2015ലെ തെരഞ്ഞെടുപ്പില്‍ 70ല്‍ 67 സീറ്റുകള്‍ നേടി മിന്നുന്ന ജയമാണ് എ.എ.പി കൈവരിച്ചത്. മൂന്ന് സീറ്റുകളില്‍ ബി.ജെ.പി ജയിച്ചു. 1998 മുതല്‍ 2013 വരെ ഡല്‍ഹി ഭരിച്ച കോണ്‍ഗ്രസ് തകര്‍ന്നടിയുകയും ചെയ്തു.