ലോക്സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി, മോദി സര്‍ക്കാറിന്‍റെ ഇടക്കാല ബജറ്റ് ആര് അവതരിപ്പിക്കും എന്നതില്‍ അനിശ്ചിതത്വം. ഫെബ്രുവരി ഒന്നിനാണ് ബജറ്റ് അവതരണം. കാന്‍സര്‍ ചികിത്സയുടെ ഭാഗമായി ധനമന്ത്രി അരുണ്‍ ജെയ്റ്റ്‍ലി ന്യൂയോര്‍ക്കിലായതാണ് ബജറ്റ് അവതരണത്തിന്റെ കാര്യത്തില്‍ ആശങ്ക സൃഷ്ടിച്ചിരിക്കുന്നത്.
ചികിത്സ കഴിഞ്ഞ് ധനമന്ത്രി രണ്ടാഴ്ചക്കകം തിരിച്ചെത്താൻ ഇടയില്ലെന്നാണ് അറിയുന്നത്. തുടയിൽ ലഘുകോശ അർബുദത്തിന് ചികിത്സ തേടിയാണ് ജെയ്റ്റ്‍ലി ഇപ്പോൾ ന്യൂയോർക്കിലുള്ളത്.
കഴിഞ്ഞ വർഷം നടത്തിയ വൃക്കമാറ്റിവെക്കൽ ശസ്ത്രക്രിയയില്‍ നിന്ന് ധനമന്ത്രി സുഖം പ്രാപിച്ചു വരുന്നേയുള്ളൂ. അതുകൊണ്ടുതന്നെ കാന്‍സറിന് ശസ്ത്രക്രിയ നടത്തുന്നതിനെ കുറിച്ച് ആലോചിക്കുന്നുണ്ടെങ്കിലും അക്കാര്യത്തില്‍ ഡോക്ടര്‍മാര്‍ ഇനിയും തീരുമാനമെടുത്തിട്ടില്ല എന്നാണ് അറിയുന്നത്. വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയ കഴിഞ്ഞ ജെയ്‍റ്റ്‍ലിയുടെ ശരീരം പുതിയ വൃക്ക സ്വീകരിച്ചു വരുന്നതേയുള്ളൂ. അതിവേഗം ശരീരത്തിൽ വ്യാപിക്കാൻ ഇടയുള്ള കാന്‍സര്‍ബാധ കണ്ടെത്തിയത് അതിനിടയിലാണ്. വൃക്കമാറ്റിവെച്ച ഉടനെതന്നെ കീമോതെറാപ്പി നടത്തുന്നത് പുതിയ വൃക്കക്ക് താങ്ങാൻ പറ്റിയെന്നു വരില്ല. ഇത്തരം സാഹചര്യങ്ങൾ പരിശോധിച്ചാണ് ശസ്ത്രക്രിയ ഉടനടി നടത്താനാവുമോ എന്ന് ഡോക്ടർമാർ തീരുമാനിക്കുക.
ജെയ്‍റ്റ്‍ലിയുടെ അസാന്നിധ്യത്തില്‍ മോദി സര്‍ക്കാരിന്‍റെ ഈ ഇടക്കാല ബജറ്റ് ആര് അവതരിപ്പിക്കും എന്ന ആശങ്കയുയരുന്നുണ്ട്. മറ്റൊരാൾക്ക് ചുമതല നൽകി ബജറ്റ് അവതരിപ്പിക്കാൻ കഴിയും. വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് ജെയ്റ്റ്‍ലി വിധേയനായ ഘട്ടത്തിൽ പിയൂഷ് ഗോയലിനായിരുന്നു ധനവകുപ്പിന്റെ ചുമതല. മോദി സർക്കാറിന്റെ അവസാന ബജറ്റുകൂടിയാണ് ഇത്.
കാർഷിക, വ്യാപാര മേഖലയിൽനിന്നും യുവജനങ്ങളിൽനിന്നും ഉയരുന്ന പ്രതിഷേധങ്ങൾ കണക്കിലെടുത്ത് തെരഞ്ഞെടുപ്പിനുമുമ്പ് ജനങ്ങളെ സമാധാനിപ്പിച്ച് കൂടെ നിര്‍ത്താനുള്ള അവസാന അവസരമാണിത്. സർക്കാറിന് ദിശാബോധം നൽകുന്നതിൽ പ്രധാന പങ്കുവഹിക്കുന്ന ജെയ്റ്റ്‍ലിയുടെ അസാന്നിധ്യം ഇതിനിടയിൽ ഉന്നതതലത്തിൽ പ്രയാസങ്ങൾ സൃഷ്ടിക്കുന്നുണ്ട്. വ്യക്തിപരമായ ആവശ്യങ്ങള്‍ക്ക് ന്യൂയോര്‍ക്കിലേക്ക് പോകുന്നു. രണ്ടാഴ്ച ലീവായിരിക്കും എന്ന് മാത്രമാണ് ഔദ്യോഗികമായി ധനമന്ത്രി അറിയിച്ചിട്ടുള്ളത്.