India National

അര്‍ണബ് ഗോസ്വാമിക്ക് ജാമ്യമില്ല

ആത്മഹത്യാ പ്രേരണകേസിൽ അറസ്റ്റിലായ റിപ്പബ്ലിക് ടി വി എഡിറ്റർ അർണബ് ഗോസ്വാമിയുടെ ജാമ്യാപേക്ഷ മുംബൈ ഹൈക്കോടതി നിരസിച്ചു. അലിബാഗിൽ താത്കാലിക ക്വാറന്റൈന്‍ കേന്ദ്രത്തിലായിരുന്ന അർണബിനെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതിനെ തുടര്‍ന്ന് നവി മുംബൈയിലെ തലോജ ജയിലിലേക്ക് മാറ്റിയിരുന്നു. അർണബിന് എവിടെ നിന്നാണ് ഫോൺ ലഭിച്ചതെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്.

ആത്മഹത്യ ചെയ്ത ആര്‍കിടെക്ട് അൻവയ് നായിക്കിന്‍റെ മകളുടെ പരാതിയില്‍ വാദവും മഹാരാഷ്ട്ര പൊലീസിന്‍റെ വാദവും കേട്ട ശേഷമാണ് ഇടക്കാല ജാമ്യം നല്‍കാന്‍ കഴിയില്ല എന്ന നിലപാട് മുംബൈ ഹൈക്കോടതി എടുത്തിരിക്കുന്നത്. ജാമ്യം വേണമെങ്കില്‍ സെഷന്‍സ് കോടതിയെ സമീപിക്കണമെന്നും ഹൈക്കോടതി പറഞ്ഞു. ശനിയാഴ്ച വാദം കേട്ട ശേഷം വിധി പറയാന്‍ ഇന്നത്തേക്ക് മാറ്റുകയായിരുന്നു.

കോൺകോർഡ് ഡിസൈന്‍ പ്രൈവറ്റ് ലിമിറ്റഡ് എം.ഡി അൻവയ് നായിക്കും അമ്മയും 2018ല്‍ ആത്മഹത്യ ചെയ്ത കേസിലാണ് അര്‍ണബ് അറസ്റ്റിലാവുന്നത്. അർ‌ണബുമായുള്ള ഇടപാടിൽ അഞ്ചര കോടിയുടെ രൂപയുടെ ബാധ്യതയാണ് അൻവയ് നായിക്കിനുണ്ടായത്. ഇദ്ദേഹത്തിന്റെ ആത്മഹത്യ പ്രേരണ കുറ്റത്തിലാണ് അർണബ് ഉൾപ്പടെ മൂന്ന് പേരെ അറസ്റ്റ് ചെയ്തത്. മുംബൈയില്‍ നിന്ന് അറസ്റ്റ് ചെയ്ത അർണബിനെ 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിടുകയായിരുന്നു.