India

ബോളിവുഡ് നടൻ അർമാൻ കോഹ്‌ലിയുമായി ബന്ധപ്പെട്ട മയക്കുമരുന്ന് കേസ്; രണ്ട് നൈജീരിയൻ സ്വദേശികൾ അറസ്റ്റിൽ

ബോളിവുഡ് നടൻ അർമാൻ കോഹ്‌ലിയുമായി ബന്ധപ്പെട്ട മയക്കുമരുന്ന് കേസിൽ രണ്ട് നൈജീരിയൻ സ്വദേശികൾ മുംബൈയിൽ അറസ്റ്റിൽ. മുംബൈയിലെ വിവിധ ഇടങ്ങളിൽ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ നടത്തിയ റെയ്ഡിനിടെയാണ് അറസ്റ്റ്. അതേസമയം, അർമാൻ കോഹ്‌ലിയുടെ എൻസിബികസ്റ്റഡി നാളെ വരെ നീട്ടി.

ബോളിവുഡ് നടൻ അർമാൻ കോഹ്‌ലിയുമായി ബന്ധപ്പെട്ട മയക്കുമരുന്ന് കേസിൽ, മുംബൈയിൽ അടക്കം അഞ്ചിടങ്ങളിൽ നടത്തിയ റെയ്ഡിന്റെ വിവരങ്ങളാണ് നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ പുറത്തുവിട്ടത്. എൻസിബിയുടെ മുംബൈ സോണൽ യൂണിറ്റിന്റെ നേതൃത്വത്തിലായിരുന്നു റെയ്‌ഡുകൾ. അറസ്റ്റിലായ രണ്ട് നൈജീരിയൻ സ്വദേശികളിൽ നിന്ന് ലഹരിവസ്തുക്കൾ കണ്ടെടുത്തു. അർമാൻ കോഹ്‌ലിയും, മയക്കുമരുന്ന് ഇടപാടുകാരുമായി വാട്സാപ്പ് ചാറ്റുകൾ നടന്നതായി നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ കണ്ടെത്തിയെന്നാണ് സൂചന.

ഞായറാഴ്ച അന്ധേരിക്ക് സമീപമുള്ള അർമാൻ കോഹ്‌ലിയുടെ വീട്ടിൽ നടത്തിയ റെയ്‌ഡിൽ കൊക്കെയ്‌ൻ പിടിച്ചെടുത്തിരുന്നു. സൗത്ത് അമേരിക്കയിൽ നിന്നാണ് ലഹരിവസ്തുക്കൾ എത്തിച്ചതെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. മുംബൈയിലേക്കുള്ള കൊക്കെയ്‌ന്റെ വരവ് സംബന്ധിച്ച് നിർണായക വിവരങ്ങൾ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയ്ക്ക് ലഭിച്ചു. ബോളിവുഡ്-ക്രിക്കറ്റ് താരങ്ങളുമായി ബന്ധമുള്ള മയക്കുമരുന്ന് ഇടപാടുകാർ നിരീക്ഷണത്തിലാണ്. കൂടുതൽ അറസ്റ്റുകൾ വരും ദിവസങ്ങളിൽ ഉണ്ടായേക്കുമെന്ന് സൂചനയുണ്ട്.