India

അറബിക്കടലിൽ പുതിയ ന്യൂനമർദ്ദം രൂപപ്പെടുന്നു

അറബിക്കടലിൽ പുതിയ ന്യൂനമർദ്ദം രൂപപ്പെടുന്നു. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ വരും ദിവസങ്ങളിൽ കനത്ത മഴക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. നവംബർ 18 വരെ മഴ ശക്തമായി തുടരും. ( arabian sea low pressure )

അറബിക്കടലിൽ മഹാരാഷ്ട്ര ഗോവ തീരത്ത് പുതിയ ന്യൂനമർദ്ദം രൂപപ്പെടുന്നുവെന്നാണ് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിൻറെ അറിയിപ്പ്. നവംബർ 17 ഓടെ ന്യൂനമർദ്ദം ചുഴലിക്കാറ്റായി കരയിലേക്ക് ആഞ്ഞുവീശിയേക്കും. മണിക്കൂറിൽ 50 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുണ്ട്. ഇതോടെ നവംബർ 18 വരെ കൊങ്കൺ തീരത്തും ബംഗാൾ തീരത്തും കനത്ത മഴക്ക് സാധ്യതയെന്നാണ് മുന്നറിയിപ്പ്.

കേരളത്തിനും തമിഴ് നാടിനും പിന്നാലെ മറ്റ് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലും മഴകനക്കും. കർണ്ണാടക, ആന്ദ്രാപ്രദേശ്, ഗോവ, മഹാരാഷ്ട്ര, ലക്ഷദ്വീപ്, ആൻഡമാൻ നിക്കോബാർ ദ്വീപുകൾഎന്നിവിടങ്ങളിലും നാളെമുതൽ മഴ ശക്തമായിരിക്കും. ദക്ഷിണ ഒഡീഷ, തമിഴ്‌നാട്, ആന്ധ്ര തീരങ്ങളിൽ വ്യാഴാഴ്ചവരെ കനത്ത ജാഗ്രത നിർദ്ദേശം നൽകി. മത്സ്യതൊഴിലാളികൾ വ്യാഴാഴ്ച വരെ കടലിൽ പോകരുതെന്നും നിർദ്ദേശമുണ്ട്.

അതേസമയം, സംസ്ഥാനത്ത് ഇതുവരെ ലഭിച്ച മഴ സർവകാല റെക്കോർഡ് മറി കടന്നു. ഒക്ടോബർ 1 മുതൽ നവംബർ 15വരെ കേരളത്തിൽ ഇതുവരെ ലഭിച്ചത് 833.8 മില്ലി മീറ്റർ മഴ.

2010ൽ ലഭിച്ച 822.9 mm മഴയാണ് ഇതുവരെയുള്ള സർവകാല റെക്കോർഡ്. 92 ദിവസം നീണ്ടു നിൽക്കുന്ന തുലാവർഷത്തിൽ 45 ദിവസം കൊണ്ടുതന്നെ ഇത്തവണ സർവകാല റെക്കോർഡ് മറികടന്നു. ഇതോടെ 2021 റെക്കോർഡ് മഴ വർഷമായി. തുലാവർഷ സീസണിൽ സംസ്ഥാനത്തിന് ലഭിക്കേണ്ടത് 492 മി.മി മഴയാണ്.

കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ 121 വർഷത്തെ റെക്കോർഡ് പ്രകാരം തുലാവർഷ മഴ 800 മില്ലി മീറ്റർ കൂടുതൽ ലഭിച്ചത് ഇതിന് മുൻപ് രണ്ട് തവണ മാത്രമാണ്. 2010ൽ 822.9 മി.മി മഴയും 1977ലും 809.1 mm മഴയും ലഭിച്ചിരുന്നു.

കനത്ത മഴയുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ ഏഴ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.