സുപ്രിം കോടതിയില്‍ വീണ്ടും നിയമന വിവാദം. സീനിയോറിറ്റി മറികടന്ന് രാജസ്ഥാൻ ഹൈക്കോടതി ചീഫ് ജസ്റ്റിസ് എസ്. രവീന്ദ്ര ഭട്ടിനെ സുപ്രിം കോടതി ജഡ്ജിയാക്കാനുള്ള കൊളീജിയം ശിപാർശക്കെതിരെ ജസ്റ്റിസ് സഞ്ജയ് കിഷൻ കൗളാണ് രംഗത്തെത്തിയത്. അതൃപ്തി പ്രകടിപ്പിച്ച് സഞ്ജയ് കിഷൻ കൗൾ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ്ക്ക് കത്തയച്ചു. സീനിയോറിറ്റി മറികടന്നുള്ള നിയമനങ്ങളിൽ കൗൾ നേരത്തെയും എതിർപ്പ് രേഖപ്പെടുത്തിയിരുന്നു.
സുപ്രിം കോടതി ജഡ്ജി സഞ്ജയ് കിഷൻ കൗളിന്റെ ആക്ഷേപങ്ങൾ ഇങ്ങനെ: സീനിയോറിറ്റി പ്രകാരം ബോംബൈ ഹൈക്കോടതി ചീഫ് ജസ്റ്റിസ് പ്രദീപ് നന്ദ്രാജോഗാണ് സുപ്രീംകോടതി ജഡ്ജിമാരുടെ നിയമന പട്ടികയിലേക്ക് വരേണ്ടത്. ജുഡിഷ്യറിയിലും ഭരണതലത്തിലും കഴിവ് തെളിയിച്ച ജഡ്ജിയാണ് പ്രദീപ് നന്ദ്രാജോഗ്. അദ്ദേഹത്തെ ഒഴിവാക്കിയത് പരിശോധിക്കപ്പെടണമെന്ന് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്‌ക്ക് അയച്ച കത്തിൽ ജസ്റ്റിസ് സഞ്ജയ് കിഷൻ കൗൾ ആവശ്യപ്പെട്ടു. കഴിഞ്ഞ ജനുവരിയിലും എസ്.കെ. കൗൾ സമാനമായ കത്ത് അയച്ചിരുന്നു. സീനിയോറിറ്റി മറികടന്ന് ജസ്റ്റിസ് സഞ്ജീവ് ഖന്നയെ സുപ്രിം കോടതി ജഡ്ജിയാക്കിയതിലായിരുന്നു അന്ന് കൗളിന്റെ എതിർപ്പ്.
സുപ്രിം കോടതി ജഡ്ജിമാരുടെ എണ്ണം മുപ്പത്തിമൂന്നാക്കി വർധിപ്പിച്ച് നിയമഭേദഗതി വന്ന പശ്ചാത്തലത്തിലാണ് പുതിയ നാല് ജഡ്ജിമാരുടെ പേരുകൾ കൊളീജിയം ശിപാർശ ചെയ്തത്. സീനിയോരിറ്റി പ്രകാരം രാജസ്ഥാന്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസ് എസ് രവീന്ദ്ര ഭട്ടിനാണ് നിയമനം ലഭിക്കേണ്ടിയിരുന്നത്.