India

‘മാപ്പാക്കണം പെങ്ങളേ’ ഷറപ്പോവയുടെ പ്രൊഫൈലില്‍ മലയാളികളുടെ മാപ്പ് പറച്ചില്‍

പണ്ട് സച്ചിനെ അറിയില്ലെന്ന് പറഞ്ഞതിന് പിന്നാലെ ടെന്നീസ് സൂപ്പര്‍ താരം മരിയ ഷറപ്പോവയുടെ ഫേസ്ബുക്കില്‍ കയറി മലയാളികള്‍ പൊങ്കാല ഇട്ട ചരിത്രം ഉണ്ട്.

അന്ന് ഷറപ്പോവയെ ട്രോളിയതിന് ഇന്ന് ക്ഷമ പറയുന്നതിന്‍റെ തിരക്കിലാണ് മലയാളികള്‍. സച്ചിനെ അറിയില്ലെന്ന് പറഞ്ഞതിന് രൂക്ഷമായി വിമര്‍ശിച്ചതില്‍ മാപ്പ് പറയുന്നതായും, ഒരു കൈയ്യബദ്ധം പറ്റിയതാണെന്നും, മാപ്പാക്കണമെന്നുമൊക്കെയാണ് ആരാധകരുടെ കമന്‍റുകള്‍.

2014ലെ വിംബിള്‍ഡണ്‍ വേദിയില്‍ വെച്ചാണ് സച്ചിനെ അറിയില്ലെന്ന് മരിയ ഷറപ്പോവ പറഞ്ഞത്. പിന്നാലെ ഷറപ്പോവയുടെ പ്രൊഫൈല്‍ ടാര്‍ജറ്റ് ചെയ്ത് മല്ലൂസ് കയറി ഇറങ്ങുകയായിരുന്നു.

‘1983’ എന്ന ചിത്രത്തില്‍ ക്രിക്കറ്റ് പ്രേമിയായ നിവിന്‍ പോളിയുടെ ഭാര്യയായി എത്തുന്ന സുശീല എന്ന കഥാപാത്രം സച്ചിന്‍റെ ചിത്രം റൂമില്‍ കണ്ട് ഇതാരാ എന്ന ചോദിക്കുന്ന സീനുണ്ട്, ആ ചിത്രത്തിലെ മീം ഉപയോഗിച്ചും നിരവധി ട്രോളുകള്‍ സോഷ്യല്‍ മീഡിയയില്‍ പരക്കുന്നുണ്ട്.

രാജ്യത്തെ കര്‍ഷക പ്രക്ഷോഭത്തിന് ആഗോള തലത്തില്‍ ലഭിക്കുന്ന പിന്തുണയെ എതിര്‍ത്ത് അഭിപ്രായ പ്രകടനം നടത്തിയതിന് പിന്നാലെയായിരുന്നു സച്ചിനെതിരെ സോഷ്യല്‍ മീഡിയയില്‍ ട്രോള്‍ മഴ. രാജ്യത്തിന് പുറത്തുള്ളവര്‍ കര്‍ഷക പ്രക്ഷോഭത്തെപ്പറ്റി അഭിപ്രായം പറയുന്നതില്‍ എതിര്‍പ്പറിയിച്ചുകൊണ്ടായിരുന്നു സച്ചിന്‍റെ ട്വീറ്റ്.

‘ഇന്ത്യയുടെ പരമാധികാരത്തിൽ വിട്ടുവീഴ്‌ച ചെയ്യരുത്. പുറത്തുനിന്നുള്ളവർക്ക് കാഴ്‌ചക്കാരായി നിൽക്കാം, പക്ഷേ ഇന്ത്യയുടെ കാര്യത്തില്‍ ഇടപെടരുത്. ഇന്ത്യക്കാർക്ക് ഇന്ത്യയെ അറിയാം. ഇന്ത്യയ്‌ക്ക് വേണ്ടി തീരുമാനങ്ങളെടുക്കാനും. ഒരു രാജ്യം എന്ന നിലയിൽ നമുക്ക് ഐക്യത്തോടെ നിൽക്കാം’ സച്ചിന്‍ ട്വിറ്ററില്‍ കുറിച്ചത്.

കർഷക സമരത്തെ കുറിച്ച് നേരിട്ട് പരാമര്‍ശിക്കാതെയായിരുന്നു സച്ചിന്‍റെ ട്വീറ്റ്. എന്നിരുന്നാലും കര്‍ഷക സമരവുമായി ബന്ധപ്പെട്ട് ആഗോള തലത്തില്‍ റിഹാന ഉള്‍പ്പെടെയുള്ള സെലിബ്രിറ്റികളുടെ പിന്തുണ ലഭിക്കുന്നതിനിടെയായിരുന്നു സച്ചിന്‍റെ ട്വീറ്റ്.