India National

പൗരത്വ നിയമഭേദഗതിക്കെതിരെ പശ്ചിമ ബംഗാൾ നിയമസഭയിൽ ഇന്ന് പ്രമേയം പാസാക്കും

പൗരത്വ നിയമഭേദഗതിക്കെതിരെ പശ്ചിമ ബംഗാൾ നിയമസഭയിൽ ഇന്ന് പ്രമേയം പാസാക്കും. സഭയിൽ തൃണമൂൽ എം.എൽ.എ പ്രമേയം അവതരിപ്പിക്കും. നിലവിൽ കേരളത്തിനു പുറമെ കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളായ പഞ്ചാബ്, രാജസ്ഥാൻ എന്നി സംസ്ഥാനങ്ങളും പ്രമേയം പാസ്സാക്കിയിരുന്നു. കഴിഞ്ഞ 20നാണ് പ്രമേയത്തിന് അവതരണാനുമതി തേടി തൃണമൂല്‍ സ്പീക്കർക്ക് കത്ത് നൽകിയത്.

ബംഗാള്‍ നിയമസഭ പ്രമേയം പാസ്സാക്കാൻ വൈകുന്നതിനെതിരെ സി.പി.എം നേരത്തെ വിമര്‍ശനം ഉന്നയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് പ്രത്യേക നിയമസഭ സമ്മേളനം വിളിച്ച് കൂട്ടുന്നത്. കഴിഞ്ഞ ദിവസമാണ് കോൺഗ്രസ്‌ ഭരിക്കുന്ന സംസ്ഥാനമായ രാജസ്ഥാൻ പ്രമേയം പാസാക്കിയത്. പഞ്ചാബ് പിന്നാലെയാണ് രാജസ്ഥാന്‍ നിയമസഭയില്‍ പ്രമേയം പാസാക്കിയത്.

സെപ്റ്റംബറില്‍ ദേശിയ പൗരത്വ രജിസ്ട്രറിന് എതിരെ തൃണമൂൽ കൊണ്ടുവന്ന പ്രമേയത്തെ സി.പി.എമ്മും കോൺഗ്രസും പിന്തുണച്ചിരുന്നു. അതു കൊണ്ടു തന്നെ ഇരു കക്ഷികളുടെയും പിന്തുണയോടെയാവും പ്രമേയവും പാസാകുക. കേരളമാണ് പൗരത്വ ഭേദഗതിക്കെതിരെ ആദ്യം പ്രമേയം പാസാക്കിയത്. ബംഗാള്‍ നിയമസഭയില്‍ പ്രമേയം പാസായാല്‍ പൗരത്വ നിയമഭേദഗതിക്കെതിരെ പ്രമേയം പാസാക്കുന്ന നാലാമാത്തെ സംസ്ഥാനമായി ബംഗാള്‍ മാറും.