പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലഡാക്ക് സന്ദര്‍ശനത്തിന് പിന്നാലെ ഇറക്കുമതിയും നിക്ഷേപവും വെട്ടിക്കുറച്ച് നയതന്ത്രപരമായും ചൈനയെ നേരിടാനാണ് ഇന്ത്യ ശ്രമിക്കുന്നത്. ഗാൽവാനിലെ സംഘർഷത്തിന്‍റെ പശ്ചാത്തലത്തിൽ വരും ദിവസങ്ങളിലും ഇത്തരത്തിലുള്ള നീക്കങ്ങളുണ്ടാകും. മേഖലയിൽ സമാധാനത്തിനു മുൻതൂക്കം നൽകുമെന്നും ഇന്ത്യ വ്യക്തമാക്കിയിട്ടുണ്ട്.
ലഡാക്കിലെ അപ്രതീക്ഷിത സന്ദർശനവും ഇന്ത്യയുടെ ശക്തിയെ കുറിച്ച് ലോകത്തിന് അറിയാമെന്ന പ്രഖ്യാപനവും വഴി ചൈനക്ക് രാഷ്ട്രീയ സന്ദേശം നൽകാനാണ് പ്രധാനമന്ത്രി ശ്രമിച്ചത്. അധിനിവേശത്തിന്‍റെ കാലം കഴിഞ്ഞെന്നും ഇത് പുതിയ ഇന്ത്യയാണെന്നുമാണ് അദ്ദേഹം പറഞ്ഞത്. ചൈനീസ് ആപുകൾ നിരോധിക്കുകയും പൊതു മേഖല സ്ഥാപനങ്ങൾ ചൈനീസ് കമ്പനികളിൽ നിന്ന് പിന്മാറുകയും ചെയ്തത്തിന് പിന്നാലെ ചൈനയിൽ നിന്നുള്ള ഊർജമേഖലയിലേക്കുള്ള ഇറക്കുമതി വേണ്ടെന്ന് വയ്ക്കാനും ഇന്ത്യ തീരുമാനിച്ചു. ഇത് വഴി സാമ്പത്തിക ഉപരോധമെന്ന നയതന്ത്ര വഴിയാണ് ഇന്ത്യ ലക്ഷ്യം വെക്കുന്നത്. എന്നാൽ ഇന്ത്യൻ സൈനികർ രക്തസാക്ഷിത്വം വരിച്ച ഗാൽവൻ താഴ്‌വരക്കും ഇരുനൂറിലധികം കിലോമീറ്റർ ദൂരെ മാത്രം നിന്ന് പ്രധാനമന്ത്രി പ്രസംഗിച്ചതും പ്രസംഗത്തിൽ ചൈനയെ പേരെടുത്തു വിമര്‍ശിക്കാതെ ഇരിക്കുകയും ചെയ്തതിനെ പ്രതിപക്ഷം ചൂണ്ടിക്കാണിക്കുന്നുണ്ട്.