India National

അസം ഗ്രാമം തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കുന്നത്‌ എന്തുകൊണ്ട്?

ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയിട്ട് വര്‍ഷം 72 കഴിഞ്ഞിട്ടും, കോണ്‍ഗ്രസ്സ് മാറി ബി.ജെ.പി അധികാരത്തില്‍ എത്തിയിട്ടും അസമിലെ ഗ്രാമങ്ങളിലേക്ക് നയിക്കുന്ന ഒരു റോഡ് തങ്ങള്‍ക്ക് ഇല്ലെന്നുള്ള ജനങ്ങളുടെ പരാതി പരിഹരിക്കാന്‍ ഇതുവരെയും ഒരു പാര്‍ട്ടിയും തയ്യാറായിട്ടില്ല.

വോട്ടവകാശംകൊണ്ട് ഞങ്ങള്‍ക്ക് എന്തു ലഭിച്ചു? എന്ന ചോദ്യവുമായി മുന്നോട്ടു വന്നിരിക്കുകയാണ് പാല്‍ഷ് ഗൊഗോയ്. അപ്പര്‍ അസമിലെ ജോര്‍ഹട്ടിലെ വ്യാവസായിക പരിശീലന സ്ഥാപനത്തില്‍ നിന്ന് ഡിപ്‌ളോമ ചെയ്തു കൊണ്ടിരിക്കുകയാണ് പാല്‍ഷ്. ഗ്രാമങ്ങളിലേക്ക് റോഡ് ലഭിച്ചില്ലെന്ന കാരണത്താല്‍ ഇത്തവണ തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് ആസാമിലെ ജനങ്ങള്‍.

ബി.ജെ.പിയുടെ കാമഖ്യ പ്രസാദ് ടസ ആണ് ജോര്‍ഹടിലെ എം.പി. മൂന്നുതവണ കോണ്‍ഗ്രസ്സിന്റെ നിയമസഭാംഗമായ റുപജ്യോട്ടി കുമമി പ്രതിനിധീകരിക്കുന്ന മരിയാനി നിയമസഭാ മണ്ഡലത്തിലെ ഒരു പ്രധാന സ്ഥലമാണ് ചിനാത്തോലി. കഴിഞ്ഞ തെരഞ്ഞെടുപ്പിലാണ് ബി.ജെ.പിയുടെ ടസ വിജയിച്ചത്. എങ്കിലും ഈ പ്രദേശം ഒരു കോണ്‍ഗ്രസ്സ് ശക്തികേന്ദ്രമാണ്. ജോര്‍ഹട്ടില്‍ നിന്ന് 20 കിലോമീറ്റര്‍ അകലെയുള്ള അപ്പര്‍ ആസാമിന്റെ ഏറ്റവും വലിയ പട്ടണങ്ങളില്‍ ഒന്ന്കൂടിയാണ് ചിനാത്തോലി. ഈ ഗ്രാമത്തില്‍ 400ഓളം കുടുംബങ്ങളുണ്ട്.

900ഓളം രജിസ്‌റ്റര്‍ വോട്ടര്‍മാര്‍ ഉള്ള തങ്ങളുടെ ഗ്രാമങ്ങളിലേക്ക് ഒരു റോഡ് അനുവദിച്ച്തരണമെന്ന ആവശ്യം പലതവണ ഉന്നയിച്ചിട്ടും പരാജയപ്പെട്ടു.1970കളില്‍ പൊതുമരാമത്ത് വകുപ്പിന്റെ നിയന്ത്രണത്തില്‍ റോഡ് നിര്‍മ്മാണത്തിന് തുടക്കമിട്ടെങ്കിലും ഇതുവരെയും റോഡ് നിര്‍മ്മാണം പൂര്‍ത്തീകരിച്ചില്ലെന്ന് ഗ്രാമത്തിലെ ബിസിനസുകാരനായ ദിബാകര്‍ ബറുവ പറഞ്ഞു. വര്‍ഷങ്ങളായി തങ്ങള്‍ വോട്ട് ചെയ്യുന്നുണ്ടെങ്കിലും തങ്ങളുടെ ഗ്രാമത്തിലെ ആളുകള്‍ക്ക് രോഗം വന്നാല്‍ അത്യാവശ്യമായി ആശുപത്രിയില്‍ കൊണ്ടുപോവാന്‍പോലും ഒരു റോഡില്ലാത്ത ഞങ്ങള്‍ എന്തിനുവേണ്ടിയാണ് വോട്ടുചെയ്യേണ്ടതെന്നാണ് ആസാമിലെ ജനങ്ങള്‍ ചോദിക്കുന്നത്.

അതിനാല്‍ 2018ലെ പഞ്ചായത്ത് തെരഞ്ഞെടുപ്പ് ബഹിഷ്‌ക്കരിക്കാന്‍ ഗ്രാമം തീരുമാനിച്ചു. വോട്ട് ബഹിഷ്‌ക്കരിക്കാനുള്ള ആശയം ആദ്യമായി അവതരിപ്പിച്ചത് പ്രാദേശിക യുവജന സംഘടനയുടെ നേതാവായ ഡിപ് ഗോഗോയാണ്. വോട്ട് ബഹിഷ്‌കരിക്കാനുള്ള വാര്‍ത്ത പരന്നതോടെ എം.പി കാമഖ്യ പ്രസാദ് ടസ എം.പയുടെ നേതൃത്വത്തില്‍ ചര്‍ച്ചക്ക് വിളിച്ചു. സംസ്ഥാനത്തെ പൊതുമരാമത്ത് വകുപ്പ് മന്ത്രി ടോപോണ്‍ കുമാര്‍ ഗോഗോയിയും ചര്‍ച്ചയിലുണ്ടായിരുന്നു.

പാര്‍ലമെന്ററി തെരഞ്ഞെടുപ്പിന് മുമ്പ് റോഡ് നിര്‍മ്മിക്കുമെന്ന് മന്ത്രി വാഗ്ദാനം ചെയ്‌തെന്ന് യോഗത്തില്‍ പങ്കെടുത്ത ഗ്രാമവാസിയായ ദിപ് ഗോഗോയ് പറഞ്ഞു. തങ്ങളുടെ ആവശ്യത്തെ പുന:പരിശോധിക്കാന്‍ ഗ്രാമീണര്‍ ആവശ്യപ്പെട്ടപ്പോള്‍ അടുത്ത ദിവസം തന്നെ ഉദ്യോഗസ്ഥരെ ബന്ധപ്പെടുത്തുമെന്നും വോട്ടെടുപ്പ് ബഹിഷ്കരിക്കരുതെന്നും മന്ത്രി പറഞ്ഞതായി ദിപ് ഗോഗോയ് പറയുന്നു.

മന്ത്രിയുടെ വാഗ്ദാനത്തില്‍ വിശ്വസിച്ച് ചിനത്തോളിക്കാര്‍ വോട്ട് ചെയ്തതിന്റെ ഫലമായി തെരഞ്ഞെടുപ്പില്‍ ബി.ജെ.പി അധികാരത്തില്‍ വന്നു. എന്നാല്‍ നാലുമാസങ്ങള്‍ കടന്നുപോയിട്ടും റോഡുപണി തുടങ്ങുന്ന കാര്യത്തില്‍ യാതൊരു തീരുമാനവുമായില്ലെന്നാണ് ചിനത്തോളിയിലെ താമസക്കാര്‍ പറയുന്നു. പിന്നാലെ മന്ത്രികൂടിയായ ജോര്‍ഹട്ടിലെ ബി.ജെ.പി സ്ഥാനാര്‍ത്ഥി ടോപോണ്‍ കുമാര്‍ ഗോഗോയിയെ ബന്ധപ്പെട്ടപ്പോള്‍ അത്തരമൊരു വാഗ്ദാനം നല്‍കിയതായി ഓര്‍ക്കുന്നില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. എന്നാല്‍ തെളിവു സഹിതം സമീപിച്ചപ്പോള്‍ ഒരു മെമ്മോറാണ്ടം തയ്യാറാക്കി സമര്‍പ്പിച്ചിരുന്നതായി അദ്ദേഹം പ്രതികരിച്ചു.

ചിറ്റോളിയിലേക്കുള്ള റോഡ് വളരെ മോശം അവസ്ഥയിലാണുള്ളതെന്നും ഒരുപക്ഷെ 2014ല്‍ തങ്ങള്‍ അധികാരത്തിലുണ്ടായിരുന്നുവെങ്കില്‍ റോഡ് നിര്‍മ്മിച്ചു നല്‍കുമായിരുന്നുവെന്നും എം.എല്‍.എ കുര്‍മി പറയുന്നു. റോഡ് നിര്‍മ്മാണത്തില്‍ ടോപോന്‍ കുമാര്‍ ഗൊഗോയി നല്‍കിയ വാഗ്ദാനം പൂര്‍ത്തീകരിക്കാത്തതിനാലും അതിന് വേണ്ടി ഒന്നും ചെയ്യാത്തതുമാണ് ആസാമിലെ ജനങ്ങള്‍ക്ക് തെരഞ്ഞെടുപ്പില്‍ വിശ്വസം നഷ്ട്ടപ്പെടാനുള്ള പ്രധാന കാരണം എന്നും എം.എല്‍.എ കുറുമി പറയുന്നു.