ജമ്മുകശ്മീരിലെ സുരക്ഷാ നടപടികള്‍ വിലയിരുത്താന്‍ ആഭ്യന്തര മന്ത്രി അമിത്ഷാ ഈ മാസം 23 മുതല്‍ 25 വരെ ജമ്മുകശ്മീരില്‍ സന്ദര്‍ശനം നടത്തും. സുരക്ഷാ വിലയിരുത്തല്‍ യോഗങ്ങളില്‍ പങ്കെടുക്കുന്ന അമിത്ഷാ വിവിധ സര്‍ക്കാര്‍ ക്ഷേമ പദ്ധതികളുടെ ഉദ്ഘാടനവും നിര്‍വഹിക്കും. പിടികിട്ടാപ്പുള്ളികളായ ഭീകരരെ പിടികൂടാനുള്ള നടപടികള്‍ ശക്തമാക്കിയിരിക്കുകയാണ് സംയുക്ത സേന. ഇതിന്റെ ഭാഗമായി ജമ്മുകശ്മീരില്‍ വ്യാപകമായി റെയ്ഡ് നടത്തും. ഭീകരരെ കുറിച്ച് വിവരമറിയിക്കുന്നവര്‍ക്കെതിരെയും നടപടി സ്വീകരിക്കാനാണ് സംയുക്ത സേനയുടെ നീക്കം.
ഭീകരവാദ അനുകൂല നിലപാട് സ്വീകരിക്കുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ പിരിച്ചുവിടുന്നതിനൊപ്പം ദേശ വിരുദ്ധ കുറ്റകൃത്യ നിയന്ത്രണ നിയമമനുസരിച്ച് കേസെടുക്കും. ഭീകരവാദ അനുകൂല നിലപാട് സ്വീകരിക്കുന്ന ഉദ്യോഗസ്ഥരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടും.
അതിനിടെ ജമ്മുകശ്മീരിലെ പൂഞ്ചില്‍ വനമേഖലയില്‍ ഒളിച്ചിരിക്കുന്ന ഭീകരര്‍ക്കായി തെരച്ചില്‍ ഇന്നും തുടരും. ഷോപ്പിയാനില്‍ നടന്ന ഏറ്റുമുട്ടലില്‍ അഞ്ച് ഭീകരരെ സൈന്യം വധിച്ചിരുന്നു. ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ വീരമൃത്യു വരിച്ച മലയാളി ജവാന്‍ വൈശാഖിന്റെ ഭൗതിക ശരീരം ഇന്ന് നാട്ടിലെത്തിക്കും. തിങ്കളാഴ്ച പുലര്‍ച്ചെയാണ് ജമ്മുകശ്മീരില്‍ ഭീകരവാദികളുമായുണ്ടായ ഏറ്റുമുട്ടലില്‍ വൈശാഖ് ഉള്‍പ്പെടെ അഞ്ച് സൈനികര്‍ വീരമൃത്യു വരിച്ചത്. കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ ലക്ഷ്മി നഗര്‍ മേഖലയില്‍ നിന്ന് ആയുധങ്ങളുമായി പാക് ഭീകരനെ പിടികൂടിയിരുന്നു. വ്യാജ മേല്‍വിലാസത്തില്‍ ഡല്‍ഹിയില്‍ താമസിച്ചുവരികയായിരുന്ന ഇയാളില്‍ നിന്ന് എകെ 47 തോക്കും സ്‌ഫോടക വസ്തുക്കളും കണ്ടെത്തിയിരുന്നു. ഇയാള്‍ ഐഎസ്‌ഐ ഏജന്റാണോ എന്നതാണ് അന്വേഷണ സംഘത്തിന്റെ സംശയം.