India National

അമിത്ഷായുമായുള്ള ചർച്ച പരാജയം

കേന്ദ്ര സർക്കാരുമായി ഇന്ന് നടക്കുന്ന ആറാം വട്ട ചർച്ചയിൽ നിന്ന് കർഷക സംഘടനകൾ പിൻമാറി. നിയമങ്ങൾ പിൻവലിക്കില്ലെന്നും ഭേദഗതികൾ എഴുതി നൽകാമെന്നുമാണ് ആഭ്യന്തര മന്ത്രി അമിത് ഷാ കർഷക സംഘടന നേതാക്കളുമായുള്ള ചർച്ചയിൽ അറിയിച്ചത്. തുടർ നീക്കം ചർച്ച ചെയ്യാൻ കർഷക സംഘടനകൾ 12 മണിക്ക് യോഗം ചേരും. ഇന്ന് ചേരുന്ന കേന്ദ്രമന്ത്രിസഭാ യോഗവും വിഷയം ചർച്ച ചെയ്യും. അതേസമയം പ്രതിപക്ഷ നേതാക്കൾ ഇന്ന് രാഷ്ട്രപതിയെ കാണും.

ഭാരത് ബന്ദോടെ കേന്ദ്ര സർക്കാർ സമ്മർദ്ദത്തിലായതോടെയാണ് ആഭ്യന്തര മന്ത്രി അമിത് ഷാ, 13 കർഷക സംഘടനാ നേതാക്കളുമായി ചർച്ച നടത്തിയത്. 3 മണിക്കൂർ നീണ്ട ചർച്ച ഫലം കണ്ടില്ല. താങ്ങുവില നിലനിർത്താമെന്ന ഉറപ്പ് എഴുതി നല്‍കാമെന്ന് അമിത് ഷാ അറിയിച്ചു. നിയമങ്ങള്‍ കർഷകർക്കെതിരല്ലെന്ന് വിശദീകരിച്ച അമിത് ഷാ റദ്ദാക്കാനാകില്ലെന്ന് ആവർത്തിച്ചു.

നിയമങ്ങള്‍ പിന്‍വലിച്ചില്ലെങ്കില്‍ സമരം തുടരുമെന്ന് വ്യക്തമാക്കിയ കർഷക സംഘടന നേതാക്കള്‍ ഇന്ന് നടത്താനിരുന്ന ആറാം ഘട്ട ചർച്ച റദ്ദാക്കി. തുടർനീക്കങ്ങള്‍ നിശ്ചയിക്കാനായി കർഷക സംഘടനകള്‍ ഇന്ന് 12 മണിക്ക് സിന്‍ഗുവില്‍ യോഗം ചേരും.

അതേസമയം പ്രതിപക്ഷ നേതാക്കൾ 5 മണിക്ക് രാഷ്ട്രപതിയെ കാണും. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി, എന്‍സിപി നേതാവ് ശരത് പവാർ, സിപിഎം നേതാവ് സീതാറാം യെച്ചൂരി, സിപിഐ നേതാവ് ഡി രാജ, ഡിഎംകെ നേതാവ് ടികെഎസ് ഇളങ്കോവന്‍ എന്നിവരാണ് രാഷ്ട്രപതിയെ കാണുക. രാഷ്ട്രപതിയെ കാണുന്നതിന് മുമ്പായി പ്രതിപക്ഷ പാർട്ടി നേതാക്കള്‍ കൂടിക്കാഴ്ച നടത്തും.