കേന്ദ്ര സര്‍ക്കാരിന്‍റെ എട്ട് കാബിനെറ്റ് സമിതികളിലും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അംഗം. മുതിര്‍ന്ന നേതാവും പ്രതിരോധ മന്ത്രിയുമായ രാജ്നാഥ് സിങിന് രണ്ട് സമിതിയില്‍ മാത്രമേ അംഗത്വമുള്ളൂ. നയപരമായ കാര്യങ്ങളില്‍ തീരുമാനമെടുക്കുന്ന രാഷ്ട്രീയകാര്യങ്ങള്‍ക്കായുള്ള കാബിനറ്റ് കമ്മിറ്റിയിലും രാജ്നാഥ് സിംഗ് ഇല്ല. ഇതോടെ നരേന്ദ്ര മോദി മന്ത്രിസഭയില്‍ കൂടുതല്‍ കരുത്തനായി അമിത് ഷാ മാറി.
രാജ്യത്തെ തൊഴിലില്ലായ്മയും സാമ്പത്തിക മുരടിപ്പും പരിഹരിക്കാന്‍ രണ്ട് കാബിനെറ്റ് സമിതികള്‍ രൂപീകരിച്ചതോടൊപ്പം മറ്റ് ആറ് കാബിനെറ്റ് സമിതികള്‍ പുനസംഘടിപ്പിക്കുകയും ചെയ്തിരുന്നു. രാജ്യത്തിന്‍റെ സാമ്പത്തിക, രാഷ്ട്രീയ, സുരക്ഷാ കാര്യങ്ങളിലടക്കം തീരുമാനമെടുക്കേണ്ട ഈ എട്ട് സമിതികളിലും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് അംഗത്വമുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി ആറ് സമിതികളില്‍ മാത്രമാണ് അംഗം. പ്രധാനമന്ത്രി അംഗമല്ലാത്ത പാര്‍ലമെന്‍ററി അഫയേഴ്സ്, കാബിനെറ്റ് കമ്മിറ്റി ഓണ്‍ അക്കോമൊഡേഷന്‍ എന്നിവയില്‍ അമിത് ഷായാണ് അധ്യക്ഷത വഹിക്കുക.
കാബിനെറ്റ് സമിതികളുടെ പുനസംഘടനയോടെ മന്ത്രിസഭയില്‍ കൂടുതല്‍ കരുത്തനായി ആഭ്യന്തരമന്ത്രി അമിത് ഷാ മാറി. മന്ത്രിസഭയിലെ മുതിര്‍ന്ന അംഗവും പ്രതിരോധമന്ത്രിയുമായ രാജ്നാഥ് സിങിനെ വെറും രണ്ട് സമിതികളില്‍ മാത്രമേ ഉള്‍പ്പെടുത്തിയുള്ളൂ. നരേന്ദ്ര മോദി സര്‍ക്കാരിന്‍റെ ഒന്നാം മന്ത്രിസഭയില്‍ പ്രധാനമന്ത്രി വിദേശത്ത് ആയിരിക്കുമ്പോള്‍ ചുമതല രാജ്നാഥ് സിങിനായിരുന്നു. ഒപ്പം കാബിനെറ്റ് കമ്മിറ്റി ഓണ്‍ അക്കോമൊഡേഷന്‍, പാര്‍ലമെന്‍ററി അഫയേഴ്സ് എന്നി സമിതികളില്‍ അധ്യക്ഷ സ്ഥാനവും മറ്റ് നാല് സമിതികളില്‍ അംഗത്വവും ലഭിച്ചിരുന്നു.
ധനമന്ത്രി നിര്‍മല സീതാരാമന്‍ ഏഴ് സമിതികളില്‍ ഭാഗമായപ്പോള്‍ നിതിന്‍ ഗഡ്കരി നാലിലും പീയുഷ് ഗോയല്‍ അഞ്ച് എണ്ണത്തിലും അംഗമായി. കേന്ദ്രമന്ത്രി സ്മൃതി ഇറാനി തൊഴില്‍ നൈപുണ്യ വികസനം സമിതിയില്‍ പ്രത്യേക ക്ഷണിതാവായെങ്കിലും ഒരു സമിതിയിലും അംഗത്വം ലഭിച്ചിട്ടില്ല.