India National

വ്യാപാര സൗഹൃദ പട്ടികയിൽ നിന്ന് ഇന്ത്യയെ ഒഴിവാക്കി അമേരിക്ക

ഇന്ത്യയെ വ്യാപാര സൗഹൃദ പട്ടികയിൽ നിന്ന് അമേരിക്ക ഒഴിവാക്കി. ഇന്ത്യൻ വ്യാപാര മേഖലയ്ക്ക് കനത്ത തിരിച്ചടിയാണ് തീരുമാനം. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആണ് ഇത് സംബന്ധിച്ച നിർണായക പ്രഖ്യാപനം നടത്തിയത്. ഇന്ത്യയുടെ ഗുണഭോക്തൃ വികസ്വര രാജ്യ പദവിയാണ് അമേരിക്ക ഒഴിവാക്കിയത്.

തീരുമാനം ജൂൺ 5 മുതൽ പ്രാബല്യത്തിൽ വരുമെന്ന് പ്രസിഡന്റ് ട്രംപ് അറിയിച്ചു. പുതിയ സർക്കാർ അധികാരമേറ്റതിന് പിന്നാലെയുള്ള നടപടി വ്യപാര മേഖലക്ക് ചെറുതല്ലാത്ത വെല്ലുവിളി സൃഷ്ടിക്കുന്നതാണ്.

മാർച്ചു 4ന് തന്നെ ഇന്ത്യയെ ഒഴിവാക്കുമെന്ന സൂചനകൾ അമേരിക്ക നൽകിയിരുന്നു. 60 ദിവസത്തെ നോട്ടീസ് പീരീഡ്‌ ഇക്കഴിഞ്ഞ മെയ് 3 നാണു കഴിഞ്ഞത് . കരാര്‍ പ്രകാരം 560 കോടി ഡോളറിന്റെ ഇന്ത്യന്‍ കയറ്റുമതി വസ്തുക്കള്‍ക്ക് അമേരിക്ക ചുങ്കം ചുമത്താറില്ലായിരുന്നു. 2017 ൽ കരാറിന്റെ ഏറ്റവും വലിയ ഉപഭോക്താവ് ഇന്ത്യയായിരുന്നു .

സൗഹൃദ വ്യാപാര കരാര്‍ റദ്ദാക്കുന്നതോടെ ഉല്‍പ്പന്നങ്ങള്‍ക്ക് അമേരിക്ക ചുങ്കം ചുമത്തും. ഇതോടെ ഇന്ത്യയില്‍ നിന്നു കയറ്റുമതി ചെയ്യുമ്പോള്‍ ചെലവ് വര്‍ധിക്കും. സ്വാഭാവികമായും വന്‍കിട കമ്പനികള്‍ വില വര്‍ധിപ്പിക്കാന്‍ നിര്‍ബന്ധിതരാകുകയും കയറ്റുമതി കുറയുകയും ചെയ്യും

ഇന്ത്യൻ മാർക്കറ്റിലേക്കും സുപ്രധാനമായ മേഖലകളിലേക്കും അമേരിക്കക്ക് പ്രവേശനം അനുവദിക്കുന്നതിൽ ഇന്ത്യ പരാജയപ്പെട്ടു എന്നതാണ് അമേരിക്കൻ വ്യാപാര വക്താവ് കഴിഞ്ഞ മാർച്ചിൽ തന്റെ പ്രസ്താവനയിൽ കരാർ റദ്ദാക്കുന്നതിനുള്ള കാരണമായി പറഞ്ഞത്