India

അമര്‍ജവാന്‍ ജ്യോതി ദേശീയ യുദ്ധസ്മാരകത്തില്‍ ലയിപ്പിച്ചു; എതിര്‍പ്പുമായി രാഹുല്‍ ഗാന്ധി

രാജ്യത്തിനായി ജീവന്‍ ബലിയര്‍പ്പിച്ച സൈനികരുടെ സ്മരണയ്ക്കായി ഇനി മുതല്‍ ഒറ്റ വേദി. പാകിസ്താനുമായുള്ള യുദ്ധത്തില്‍ രാജ്യത്തിനായി വീരമൃത്യു മരിച്ച സൈനികരുടെ ഓര്‍മ്മയ്ക്കായി നിലനിര്‍ത്തുന്ന അമര്‍ജവാന്‍ ജ്യോതിയിലെ ജ്വാല ദേശീയ യുദ്ധ സ്മാരകത്തിലെ ജ്വാലയുമായി ലയിപ്പിച്ചു. ഇന്‍ഡഗ്രേഡറ്റ് ഡിഫന്‍സ് സ്റ്റാഫ് മേധാവി എയര്‍ മാര്‍ഷല്‍ ബിആര്‍ കൃഷ്ണയുടെ നേതൃത്വത്തിലാണ് ചടങ്ങ് നടന്നത്. 75-ാമത് റിപബ്ലിക് ദിന ആഘോഷങ്ങള്‍ക്ക് മുന്നോടിയായാണ് അമര്‍ ജവാന്‍ ജ്യോതി യുദ്ധ സ്മാരകത്തിലെ ജ്വാലയുമായി ലയിപ്പിച്ചത്. രണ്ട് ജ്വാലകളും ഒരുമിച്ച് പരിപാലിക്കുന്നതിലെ പ്രായോഗിക ബുദ്ധിമുട്ടുകള്‍ കണക്കിലെടുത്താണ് ജ്വാലകളെ ലയിപ്പിക്കാന്‍ തീരുമാനമാകുന്നത്. 50 വര്‍ഷക്കാലമായി ഇന്ത്യാ ഗേറ്റില്‍ അമര്‍ജവാന്‍ ജ്യോതി ജ്വലിക്കുന്നുണ്ട്.

അമര്‍ ജവാന്‍ ജ്യോതി ലയിപ്പിക്കുന്നതിനെതിരെ ശക്തമായ പ്രതിഷേധവുമായി രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ള നേതാക്കള്‍ രംഗത്തെത്തി. ധീര ജവാന്മാരുടെ സ്മരണയെ ജ്വലിപ്പിച്ചുനിര്‍ത്തുന്ന അമര്‍ ജവാന്‍ ജ്യോതി അണയ്ക്കുന്നത് വളരെ ദുഖകരമാണെന്ന് രാഹുല്‍ ഗാന്ധി പ്രതികരിച്ചു. ചില ആളുകള്‍ക്ക് രാജ്യസ്‌നേഹവും ത്യാഗവും എന്താണെന്ന് മനസിലാകുന്നില്ലെന്ന് വിമര്‍ശിച്ച അദ്ദേഹം നമ്മള്‍ ധീര സൈനികര്‍ക്കായി വീണ്ടും അമര്‍ ജവാന്‍ ജ്യോതി തെളിയിക്കുമെന്നും പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു രാഹുല്‍ ഗാന്ധിയുടെ പ്രതികരണം.

അമര്‍ ജവാന്‍ ജ്യോതിയിലെ ജ്വാല ദേശീയ യുദ്ധ സ്മാരകത്തിലെ ജ്വാലയുമായി ലയിപ്പിക്കുന്നത് ചരിത്രത്തെ മായ്ച്ച് കളയാനുള്ള നീക്കമാണെന്നായിരുന്നു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മനീഷ് തിവാരിയുടെ പ്രതികരണം. ദേശീയ യുദ്ധ സ്മാരകം നിര്‍മ്മിച്ചെന്ന് കരുതി ബിജെപിക്ക് അമര്‍ ജവാന്‍ ജ്യോതി അണയ്ക്കാനാകില്ലെന്നും അദ്ദേഹം വിമര്‍ശിച്ചു. എന്നാല്‍ അമര്‍ ജവാന്‍ ജ്യോതി അണയ്ക്കുകയല്ല പകരം ജ്വാലയെ യുദ്ധ സ്മാരകത്തില്‍ ലയിപ്പിക്കുകയാണ് തങ്ങള്‍ ചെയ്യുന്നതെന്ന് കേന്ദ്രസര്‍ക്കാര്‍ വിശദീകരിച്ചു.

ഒന്നാം ലോക മഹായുദ്ധത്തില്‍ ജീവന്‍ ബലി നല്‍കിയ ബ്രിട്ടീഷ് ഇന്ത്യന്‍ ആര്‍മിയുടെ ഓര്‍മ്മയ്ക്കായാണ് ബ്രിട്ടീഷുകാര്‍ ഇന്ത്യാ ഗേറ്റ് നിര്‍മ്മിക്കുന്നത്. പിന്നീട് 1971ലെ ഇന്ദിരാ ഗാന്ധി നേതൃത്വം നല്‍കിയ കോണ്‍ഗ്രസ് സര്‍ക്കാര്‍ അമര്‍ ജവാന്‍ ജ്യോതി ഇന്ത്യാ ഗേറ്റിനടിയില്‍ തെളിയിക്കുകയായിരുന്നു.