India

പെഗസസ് ഫോൺ ചോർത്തൽ; സിബിഐ മുൻ മേധാവി അലോക് വർമയും പട്ടികയിൽ

പെഗഗസ് ഫോൺ ചോർത്തലുമായി ബന്ധപ്പെട്ട് പുതിയ പട്ടികയിൽ സിബി ഐ മുൻ മേധാവി അലോക് വർമയും. അലോക് വർമ്മയുടെ ഫോൺ പെഗാസസ് ഉപയോഗിച്ച് ചോർത്തിയതായി റിപ്പോർട്ട്. അലോക് വർമയുടെ പേര് പട്ടികയിൽ ഇടം പിടിച്ചത് സിബിഐ സ്ഥാനത്തുനിന്ന് നീക്കിയതിന് പിന്നാലെ.

സിബിഐ സ്പെഷ്യൽ ഡയറക്ടർ രാകേഷ് അസ്താന , ദസ്സോ ഏവിയേഷൻ ഇന്ത്യൻ പ്രതിനിധി വെങ്കിട്ട റാവു,പ്രോസിന, ഇന്ത്യൻ എക്സ്പ്രസ് മുൻ അസോസിയേറ്റ് എഡിറ്റർ സുശാന്ത് സിംഗ് എന്നിവരും പുതിയ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്.

ഇതിനിടെ റിലയൻസ് ഗ്രൂപ്പ് ചെയർമാൻ അനിൽ അംബാനിയുടെ പേരും പുതിയ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്. റഫാൽ യുദ്ധവിമാന കരാറുമായി ബന്ധപ്പെട്ട് ഫ്രാൻസുമായി ചർച്ച നടത്തുകയും ഇന്ത്യയിലെ പദ്ധതിയുടെ പങ്കാളിയായി റിലയൻസിനെ ഉൾപ്പെടുത്തുകയും ചെയ്ത സമയത്തെ കോളുകളാണ് ചോർന്നത് എന്നാണ് വിവരം. എന്നാൽ ഇപ്പോൾ അനിൽ അംബാനി ഈ നമ്പർ ഉപയോഗിക്കുന്നുണ്ടോ എന്നത് വ്യക്തമല്ല. റിലയൻസ് കോർപ്പറേഷൻ കമ്മ്യൂണിക്കേഷൻ മേധാവിയുടെ പേരും ഇതിൽ ഉൾപ്പെട്ടിട്ടുണ്ട്.

അതേസമയം പെഗസസ് ഫോണ്‍ ചോര്‍ത്തലില്‍ പാര്‍ലിമെന്റ് ഐടി സമിതി ഇടപെടുന്നുണ്ട്. ആഭ്യന്തര മന്ത്രാലയം, ഐടി മന്ത്രാലയം എന്നിവയിലെ ഉന്നത ഉദ്യോഗസ്ഥരെ സമിതി വിളിച്ചു വരുത്തും. ശശി തരൂര്‍ അധ്യക്ഷനായ സമിതി അടുത്ത ആഴ്ച ഉദ്യോഗസ്ഥരുടെ മൊഴി എടുക്കും.