India National

വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ പരസ്യ നോട്ടീസ് വേണ്ടെന്ന് അലഹബാദ് കോടതി

വിവാഹത്തിന് മുപ്പത് ദിവസം മുമ്പ് പരസ്യ നോട്ടീസ് പ്രസിദ്ധീകരിക്കുവാൻ നിർബന്ധിക്കുന്നത് ഭരണ ഘടന വിരുദ്ധമെന്ന് അലഹബാദ് ഹൈ കോടതി. ഇതര മതക്കാരനെ വിവാഹം ചെയ്യാൻ തയ്യാറായ പെൺകുട്ടിയെ വീട്ടുകാർ തടങ്കലിലാക്കിയെന്ന് ആരോപിച്ച് സമർപ്പിച്ച ഹേബിയസ് കോർപ്പസ് ഹരജി പരിഗണിക്കവെയാണ് അലഹബാദ് ഹൈകോടതിയുടെ പുതിയ വിധി. മുപ്പത് ദിവസം മുമ്പ് നോട്ടീസ് പ്രസിദ്ധീകരിക്കാൻ നിർബന്ധിക്കുന്നത്, വ്യക്തിയുടെ സ്വകാര്യതക്ക് മുകളിലുള്ള കടന്നുകയറ്റമാണെന്ന് കോടതി ആരോപിച്ചു.

പ്രത്യേക വിവാഹ നിയമ പ്രകാരം വിവാഹം കഴിക്കുന്നതിന് 30 ദിവസം മുൻപ് രജിസ്റ്റർ ഓഫീസിൽ പരസ്യമായി വധുവിന്‍റെയും വരന്റെയും ഫോട്ടോയും മേൽവിലാസവും ചേർത്ത നോട്ടീസ് പതിക്കും. ഇത് വ്യക്തികളുടെ സ്വാകര്യതയിലേക്കുള്ള കടന്ന് കയറ്റമാണെന്നാണ് അലാഹബാദ് ഹൈക്കോടതി വിധിച്ചത്. ”ഇത്തരം കാര്യങ്ങൾ നിർബന്ധമായി അടിച്ചേൽപ്പിക്കുന്നത്, ഓരോ വ്യക്തിയുടെയും സ്വതന്ത്ര സ്വകാര്യ വ്യവഹാരത്തിന് മുകളിലുള്ള കടന്നുകയറ്റമാണ്. രാഷ്ട്ര- രാഷ്ട്രേതര സ്ഥാപനങ്ങളുടെ ഇടപെടലുകൾ കൂടാതെ വൈവാഹിക ജീവിതം തെരഞ്ഞെടുക്കാനുള്ള വ്യക്തികളുടെ അവകാശത്തെ അത് ഹനിക്കുന്നു” ജസ്റ്റിസ് വിവേക് ചൗധരി പറഞ്ഞു.

വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നവർ മുപ്പത് ദിവസം മുന്നേ ഇത്തരമൊരു നോട്ടീസ് പ്രസിദ്ധീകരിക്കാൻ തങ്ങൾ ആഗ്രഹിക്കുന്നുണ്ടോ ഇല്ലയോ എന്ന് വ്യക്തമാക്കി ഒരു നോട്ടീസ് മാര്യേജ് ഓഫീസർക്ക് മുൻകൂറായി അയക്കണമെന്ന് കോടതി ആവശ്യപ്പെട്ടു. അങ്ങനെ ഒരു നോട്ടീസ് പ്രസിദ്ധീകരിക്കേണ്ടതില്ല എന്ന് കാണിച്ച് കക്ഷി നോട്ടീസയച്ചാൽ, വിവാഹ രജിസ്‌ട്രാർ മറ്റ് തടസ്സങ്ങൾ സൃഷ്ടിക്കാതെ വിവാഹം നടത്താനുള്ള നീക്കങ്ങളിലേക്ക് കടക്കുകയാണ് ചെയ്യേണ്ടതെന്നും കോടതി ഹരജി പരിഗണിക്കവെ പറഞ്ഞു.

ഉത്തർപ്രദേശ് അടക്കമുള്ള സംസ്ഥാനങ്ങളിൽ മത പരിവർത്തന നിരോധന നിയമം പാസ്സാക്കിയ സാഹചര്യത്തിലാണ് അലഹബാദ് ഹൈ കോടതിയുടെ പുതിയ വിധി വരുന്നത്. നവംബർ പതിനെട്ടിന് മത പരിവർത്തന വിരുദ്ധ നിയമം നടപ്പിലായതിന് ശേഷം പതിനാറ് കേസുകളാണ് ഉത്തർ പ്രദേശിൽ മാത്രം ഫയൽ ചെയ്തിരിക്കുന്നത്.