India National

ഡിസംബറിൽ റെയിൽവേ സർവീസ് പൂർണമായും പുനഃസ്ഥാപിച്ചേക്കും

ഡിസംബറിൽ സമ്പൂർണമായി സർവീസ് പുന:സ്ഥാപിക്കാനൊരുങ്ങി റെയിൽവേ. 100 ട്രയിനുകൾ കൂടി ഉടൻ പുന:സ്ഥാപിക്കും. നിർദേശം ആഭ്യന്തരമന്ത്രാലയത്തിന്റെ അംഗീകാരത്തിനായി സമർപ്പിച്ചിട്ടുണ്ട്. സുരക്ഷിതമായി സർവീസുകൾ ക്രമീകരിക്കാൻ സാധിക്കുമെന്നാണ് റെയിൽവേ കരുതുന്നത്.

യാത്രാ സർവീസുകൾ പൂർണമായും പുനസ്ഥാപിക്കുക എന്ന ലക്ഷ്യത്തിലേയ്ക്ക് ചുവട് വയ്ക്കുകയാണ് റെയിൽ വേ. ഉന്നതതല സമിതി ഇക്കാര്യത്തിൽ ധാരണയിലെത്തി. സാമൂഹ്യ അകലവും മറ്റ് നിബന്ധനകളും പാലിച്ചുകൊണ്ട് സർവീസ് പുനഃസ്ഥാപിക്കാനാണ് ശ്രമം. ഇതിനായി പ്രത്യേക ചാർജ് തുടരാനായുള്ള അനുവാദവും റെയിൽവേ പ്രതീക്ഷിക്കുന്നുണ്ട്. അടുത്ത മാർച്ച് വരെ പ്രത്യേക നിരക്കിൽ സർവീസ് നടത്താനാണ് റെയിൽവേയുടെ താത്പര്യം.

സാധാരണ നിലയിലേയ്ക്ക് സർവീസ് യാഥാർത്ഥ്യമാക്കുന്നതിന്റെ ഭാഗമായി അൺലോക്ക് നാലാം ഘട്ടത്തിൽ ഉടൻ 100 ട്രയിനുകളും അഞ്ചാം ഘട്ടത്തിന്റെ ആദ്യം 250 ട്രയിനുകളും പുനസ്ഥാപിക്കും. കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് ഇത് സംബന്ധിച്ച നിർദേശം ഇന്നലെ കൈമാറി. സുരക്ഷിതമായ സർവീസിന് റെയിൽവേ പര്യാപ്തമാണ് എന്നതാണ് കത്തിലെ പ്രധാന അവകാശവാദം.