കൊവിഡ് വാക്‌സിന്‍ വിതരണം ആരംഭിക്കുന്നതിന് മുന്നോടിയായി രാജ്യത്ത് ഇന്ന് ദേശിയ ഡ്രൈ റണ്‍ നടക്കും. വാക്സിന്‍ കുത്തിവയ്പ്പിനായി പുറത്തിറക്കിയ മാര്‍ഗരേഖയില്‍ പഴുതുകള്‍ ഉണ്ടോ എന്ന് പരിശോധിക്കുന്നതിന്റെ ഭാഗമായാണ് ഡ്രൈറണ്‍. കൊവിഷീല്‍ഡ് വാക്‌സിന് ഇന്നലെ ചേര്‍ന്ന ഉന്നതാധികാര സമിതിയുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ അനുമതി നല്‍കിയിരുന്നു. ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാല വികസിപ്പിച്ച്, പുനെ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് നിര്‍മിക്കുന്ന ‘കൊവിഷീല്‍ഡ്’ വാക്‌സീന്റെ കുത്തിവയ്പ്പ് രാജ്യത്ത് ബുധനാഴ്ച മുതല്‍ ആരംഭിക്കും.
എല്ല സംസ്ഥാനങ്ങളെയും ഉള്‍പ്പെടുത്തി നടക്കുന്ന ഡ്രൈ റണ്ണുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഇന്നലെ കേന്ദ്ര ആരോഗ്യ മന്ത്രാലയം വിലയിരുത്തിയിരുന്നു. കൊവിന്‍ ആപ്ലിക്കേഷനില്‍ സൗകര്യങ്ങള്‍ ഒരുക്കുക, വാക്‌സിന്‍ സ്വീകര്‍ത്താക്കളെ നിശ്ചയിക്കുക, സെഷന്‍ സൈറ്റ് സൃഷ്ടിക്കുക, സൈറ്റുകളുടെ മാപ്പിംഗ്, ജില്ലകളില്‍ വാക്സിന്‍ സ്വീകരിക്കുന്നതും വാസ്‌കിനേഷന്‍ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളുടെ അവലോകനം എന്നിവയെല്ലാം ഡ്രൈ റണ്ണിന്റെ ലക്ഷ്യത്തില്‍ ഉള്‍പ്പെടുന്നു.
എല്ലാ സംസ്ഥാനങ്ങളിലെയും തലസ്ഥാനമാണ് ദേശിയ ഡ്രൈ റണ്ണിന്റെ വേദി. ചില സംസ്ഥാനങ്ങളില്‍ അധികമായി എതാനും ജില്ലകളെയും ഭൂമിശാസ്ത്രപരമായ പ്രത്യേകതകളുടെ പശ്ചാത്തലത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പഞ്ചാബ്, അസം, ആന്ധ്രാപ്രദേശ്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളില്‍ ഡ്രൈ റണ്‍ കഴിഞ്ഞദിവസം വിജയകരമായി നടത്തിയിരുന്നു. ഇന്നു നടക്കുന്ന വാക്‌സീന്‍ വിതരണ റിഹേഴ്‌സലിന്റെ റിപ്പോര്‍ട്ടുകള്‍ നാളെയും തിങ്കളാഴ്ചയും ആയി വിലയിരുത്തും.
എല്ലാ സംസ്ഥാനങ്ങളിലും വിജയകരമായി ഡ്രൈറണ്‍ നടത്തി എന്നാണ് സമിതിയുടെ നിലപാടെങ്കില്‍ അടുത്ത ദിവസം മുതല്‍ തന്നെ കൊവിഡ് വാക്‌സിനേഷനും രാജ്യത്ത് നടക്കും. ബുധനാഴ്ചതന്നെ വാക്‌സിന്‍ കുത്തിവയ്പ്പ് തുടങ്ങും എന്നാണ് വിവരം. ഇന്ത്യയുടെ ആദ്യ തദ്ദേശീയ വാക്‌സീനായ കൊവാക്‌സീന്റെ അപേക്ഷ ചൊവ്വാഴ്ച വീണ്ടും വിദഗ്ധ സമിതി പരിശോധിക്കും.