മേഘാലയയിലെ ഖനിയില്‍ അപകടം നടക്കാനിടയുണ്ടെന്ന വിവരം ലുംതാരിയില്‍ ജോലി ചെയ്തവര്‍ക്കും ചെയ്യിച്ചവര്‍ക്കും അറിയാമായിരുന്നുവെന്ന് ദുരന്തത്തില്‍ നിന്നും തലനാരിഴക്ക് രക്ഷപ്പെട്ട സായിബ് അലി. മേഘാലയയിലെ ഖനി മാഫിയയെ തുറന്നുകാട്ടിയ അലി ഗുവാഹതിയില്‍ നിന്നും 200ഓളം കിലോമീറ്റര്‍ അകലെ ചിറംഗ് ജില്ലയിലെ ഭഗ്‌നാമാരി എന്ന കുഗ്രാമത്തില്‍ പേടിപ്പെടുത്തുന്ന ഓര്‍മ്മകളുമായി ദിവസങ്ങള്‍ തള്ളിനീക്കുകയാണ്. ഗ്രാമത്തില്‍ നിന്നും തന്നോടൊപ്പം ഖനിയിലേക്ക് പോയവരുള്‍പ്പടെയുള്ള ആ 15 പേരുടെ മൃതദേഹങ്ങള്‍ പോലും ഇനി കണ്ടെത്താനാവില്ലെന്നാണ് അലി പറയുന്നത്.
ഖനി മുതലാളിമാരുടെ ലാഭക്കൊതിയാണ് ലുംതാരിയിലെ കൂട്ടമരണത്തിന് വഴിയൊരുക്കിയതെന്നും തന്നെ പോലുള്ള പാവങ്ങള്‍ ഇനിയും വഞ്ചിതരാവാതിരിക്കാനാണ് ഈ സത്യം ലോകത്തോട് വിളിച്ചു പറഞ്ഞതെന്നും മീഡിയവണിന് നല്‍കിയ അഭിമുഖത്തില്‍ സായേബ് അലി വ്യക്തമാക്കി. അലിയുള്‍പ്പെടെ മൂന്ന് പേരാണ് ഭഗ്‌നാമാരി ഗ്രാമത്തില്‍ നിന്നും കല്‍ക്കരി ഖനിയില്‍ ജോലി ചെയ്യാനായി ലുംതാരിയിലെത്തിയത്. അമീറുല്‍ ഇസ്‌ലാമും മുനീറുല്‍ ഇസ്‌ലാമും സയ്യാറുല്‍ ഇസ്‌ലാമുമായിരുന്നു മറ്റുള്ളവര്‍. 370 അടി താഴ്ചയിലായിരുന്നു ലുംതാരിയില്‍ കല്‍ക്കരിയുടെ ആദ്യ അടരുകള്‍ കണ്ടെത്തിയതെന്നും അവിടെ നിന്നും അകത്തേക്ക് തുരന്ന എലിമടകള്‍ക്ക് 300 മുതല്‍ 400 വരെ അടി ദൈര്‍ഘ്യമുണ്ടായിരുന്നെന്നും സായേബ് പറഞ്ഞു.
ഈ എലിമടകളിലൊന്ന് പ്രദേശത്തെ ലിത്തീന്‍ നദിയുമായി ബന്ധമുള്ള ഏതോ മടയിലേക്ക് തുറന്നപ്പോഴാണ് പൊടുന്നനെ ലുംതാരി ഖനിയില്‍ വെള്ളം കയറിയത്. വെള്ളം കയറിയ പ്രദേശത്തെ മറ്റു ഖനികള്‍ ഒരാഴ്ചയിലേറെയായി അടച്ചിട്ടിരുന്നുവെന്നും അപകടകരമായ ഈ സാഹചര്യത്തെ അവഗണിച്ച് ജോലി ചെയ്യിപ്പിക്കുകയാണ് ലുംതാരിയില്‍ നടന്നിരുന്നതെന്നും അലി കുറ്റപ്പെടുത്തി.
“ഞങ്ങളുടെ ഖനിയില്‍ മാത്രമായിരുന്നു ഖനനം നടന്നു കൊണ്ടിരുന്നത്. പ്രദേശത്തെ മറ്റു ഖനികളെല്ലാം അടച്ചിട്ടിരുന്നു. ഖനിക്കകത്ത് വെള്ളം കയറുമെന്ന് ഞങ്ങള്‍ മാനേജറോടു പറഞിരുന്നു. അയാളത് ഗൗനിച്ചില്ല”.
കാര്‍ഷിക മേഖലയിലെ തകര്‍ച്ച സമ്മാനിക്കുന്ന കൊടും ദാരിദ്ര്യമാണ് മക്കളെ ഈ അപകടകരമായ തൊഴിലിന് പറഞ്ഞയക്കാന്‍ പ്രേരിപ്പിച്ചതെന്ന് അമീറിന്റെയും മുനീറിന്റെയും സയ്യാറിന്റെയും മാതാപിതാക്കള്‍ പറഞ്ഞു. ഗ്രാമത്തിലെ മുതിര്‍ന്നവരില്‍ പലരും ഇതേ ജോലിയില്‍ ഏര്‍പ്പെട്ടവരായിരുന്നതു കൊണ്ടാണ് രണ്ടും കല്‍പ്പിച്ച് ഖനിയുടമകളുടെ പ്രേരണക്ക് വഴങ്ങിയതെന്നും ഇവര്‍ പറയുന്നു.