ചൈനയുടെ ഇന്ത്യാ അധിനിവേശവും കോവിഡ് ലോക്‌ഡൗണ്‍ പ്രതിസന്ധിയും കേന്ദ്ര സര്‍ക്കാരിന് വലിയ പ്രതിസന്ധിയാണുണ്ടാക്കിയത്. പതിവിന് വിപരീതമായി മാധ്യമങ്ങളില്‍ ഇത് സംബന്ധിച്ച് സര്‍ക്കാരിനെതിരായ ധാരാളം വാര്‍ത്തകള്‍ വന്നു. ഇത് വലിയ പ്രതിസന്ധിയുണ്ടാക്കിയ സാഹചര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഒരു മന്ത്രിതല ഉപസമിതിയുണ്ടാക്കി. സര്‍ക്കാരിനെ പിന്തുണക്കുന്നവരും പിന്തുണക്കുന്നുവെങ്കിലും പ്രകടിപ്പിക്കാത്തവരുമായ മാധ്യമപ്രവര്‍ത്തകരും പ്രമുഖ വ്യക്തികളുമായും ഈ മന്ത്രിതല സമിതി ആശയവിനിമയം നടത്തി. ഇവര്‍ നല്‍കിയ നിര്‍ദേശങ്ങള്‍ അടങ്ങിയ ഒരു റിപ്പോര്‍ട്ട് പ്രധാനമന്ത്രിക്ക് കൈമാറി. അതിലെ നിര്‍ദേശങ്ങള്‍ പലതും കൗതുകമുണ്ടാക്കുന്നതും ചിലത് ഗൗരവമുള്ളതുമായിരുന്നു. ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളെ നിയന്ത്രിക്കണമെന്ന ആവശ്യം ഉയരുന്നത് ഈ സമിതി റിപ്പോര്‍ട്ടിലാണ്. വാര്‍ത്തകളില്‍ സത്യവും അസത്യവും കലര്‍ത്തണമെന്ന ആര്‍.എസ്.എസ് സൈദ്ധാന്തികന്‍ എസ്.ഗുരുമൂര്‍ത്തിയുടെ നിര്‍ദേശം ഈ റിപ്പോര്‍ട്ടിന്റെ ഭാഗമായി എന്നുള്ളതും ശ്രദ്ധേയമാണ്.
എങ്ങനെയാണ് കേന്ദ്ര സര്‍ക്കാര്‍ തങ്ങള്‍ക്ക് ഇനിയും വഴങ്ങാത്ത മാധ്യമങ്ങളെ വരുതിയിലാക്കുന്നത് എന്ന ചോദ്യത്തിനുള്ള മികച്ച ഉത്തരമാണ് ഈ റിപ്പോര്‍ട്ടിലെ നിര്‍ദേശങ്ങള്‍.
മന്ത്രിമാരായ രവിശങ്കര്‍പ്രസാദ്, സ്‌മൃതി ഇറാനി, പ്രകാശ് ജാവഡേക്കര്‍, പി ജയശങ്കര്‍, മുഖ്‌താര്‍ അബ്ബാസ് നഖവി, കിരണ്‍ റിജിജു , ഹര്‍ദീപ് സിങ് പുരി, അനുരാഗ് ഠാക്കൂര്‍ , ബാബുല്‍ സുപ്രിയോ , എന്നിവരാണ് കമ്മിറ്റി അംഗങ്ങള്‍.
2020 ജൂണ്‍ 26ന് മാധ്യമരംഗത്തെ പ്രമുഖരുമായി ഒരു വീഡിയോ കോണ്‍ഫ്രന്‍സ് സംഘടിപ്പിച്ചു. പങ്കെടുത്തവര്‍ അലോക് മേത്ത, ജയന്ത ഘോഷാല്‍, ഹിന്ദുസ്ഥാന്‍ ടൈംസ് എഡിറ്റര്‍ ശിശിര്‍ ഗുപ്‌ത, ടൈംസ് ഓഫ് ഇന്ത്യയിലെ റിപ്പോര്‍ട്ടര്‍ മോഹുവ ചാറ്റര്‍ജി, ദ ഹിന്ദുവിലെ നിസ്‌തുല ഹെബ്ബര്‍ , ഇന്ത്യന്‍ എക്‌സ്‌പ്രസിലെ റസിഡന്റ് എഡിറ്റര്‍ അമിതാഭ് സിന്‍ഹ തുടങ്ങിയവര്‍.
ഇവര്‍ മന്ത്രിതല സമിതിക്ക് കൊടുത്ത ഫീഡ്‌ബാക്കിലെ പ്രധാന ഭാഗങ്ങള്‍
- 75 ശതമാനം മാധ്യമപ്രവര്‍ത്തകരും നരേന്ദ്രമോദിയുടെ നേതൃത്വം ഇഷ്ടപ്പെടുന്നവരാണ്. പാര്‍ട്ടിയുമായി ആദര്‍ശപരമായി യോജിക്കുന്നവരുമാണ്.
- ഇവരുടെ പല ഗ്രൂപ്പുകളുണ്ടാക്കി നിരന്തരം ആശയവിനിമയം നടത്തണം
- ഇതില്ലാത്തത് മൂലം പോസിറ്റീവ് കാര്യങ്ങളെ ഫലപ്രാപ്‌തിയോടെ അവതരിപ്പിക്കാനാവുന്നില്ല.
- സര്‍ക്കാര്‍ പദ്ധതികളുടെ പശ്ചാത്തലവിവരങ്ങള്‍ കൃത്യമായി ഇത്തരം ആളുകള്‍ക്ക് എത്തിക്കണം.
- സര്‍ക്കാര്‍ പദ്ധതികളുടെ വിവരങ്ങള്‍ നല്‍കാന്‍ മാധ്യമ സൗഹൃദമുള്ള മന്ത്രിമാരുടെ ഗ്രൂപ്പുണ്ടാക്കണം.
- മന്ത്രിമാര്‍ മാധ്യമങ്ങളോട് ഒരേ കാര്യങ്ങള്‍ തന്നെ പറയണം. ഭിന്നതയുണ്ടാവരുത്
- സര്‍ക്കാരും പാര്‍ട്ടിയും എല്ലാ പ്രധാന ഭാഷകളിലും പ്രസ് റിലീസുകള്‍ പുറപ്പെടുവിക്കണം.
- സര്‍ക്കാരിനെ പിന്തുണക്കുന്ന എഡിറ്റര്‍മാര്‍, കോളമിസ്‌റ്റുകള്‍, മാധ്യമപ്രവര്‍ത്തകര്‍, നിരീക്ഷകര്‍ എന്നിവരുടെ ഗ്രൂപ്പുണ്ടാക്കി നിരന്തരം ആശയവിനിമയം നടത്തണം.
- സര്‍ക്കാരും മാധ്യമങ്ങളും തമ്മിലുള്ള അഭിപ്രായ ഭിന്നത വര്‍ധിച്ചു വരുന്ന പശ്ചാത്തലത്തില്‍ അത് ശ്രദ്ധിക്കണം.
- വിദേശ മാധ്യമങ്ങളുമായുള്ള ആശയവിനിമയം നിര്‍ത്തണം. അത് ദോഷകരമായാണ് ഭവിക്കുന്നത്.
പ്രമുഖ വ്യക്തികളുമായി മന്ത്രിതല സമിതി നടത്തിയ വീഡിയോ കോണ്‍ഫ്രന്‍സില്‍ ഉയര്‍ന്നു വന്ന നിര്‍ദേശങ്ങള്‍.
എസ് ഗുരുമൂര്‍ത്തി (ആര്‍.എസ്.എസ് സൈദ്ധാന്തികന്‍)
- മാസ് കമ്യൂണിക്കേഷനും എലീറ്റ് കമ്യൂണിക്കേഷനും രണ്ടാണ്. അത് വേര്‍തിരിക്കണം. അധികാര പോരാട്ടമാണ് ഇപ്പോഴത്തെ രീതിയില്‍ ചിത്രീകരിക്കപ്പെടുന്നതെങ്കില്‍ അത് എലീറ്റ് കമ്യൂണിക്കേഷനാണ്.
- വാര്‍ത്തയില്‍ സത്യവും അസത്യവുമുണ്ടാകണം.
- വ്യത്യസ്‌ത പോയിന്റുകള്‍ ഉന്നയിക്കാന്‍ കഴിയുന്നവരെ തെരഞ്ഞെടുക്കണം.
- അന്തര്‍ദേശീയ രംഗത്തു നിന്നുള്ളവരെ ഉള്‍പ്പെടുത്തണം.
- കോവിഡ്, ലോക്‌ഡൗണ്‍,സാമ്പത്തിക പ്രതിസന്ധി, ചൈനീസ് അധിനിവേശം, നേപ്പാളിന്റെ അധിനിവേശം എന്നിവയുടെ സാഹചര്യത്തിനനുസരിച്ച വ്യാഖ്യാനം നല്‍കണം.
- കശ്‌മീരില്‍ നമ്മള്‍ ഉജ്വലമായി ഇടപെട്ടു. അത് വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല. കൃഷിയിലും വിദേശനിക്ഷേപത്തിലും മികച്ച പ്രകടനം നടത്തി. ഒറ്റദിവസത്തെ വാര്‍ത്തയായി ഇതൊന്നും ഒതുങ്ങിപ്പോകരുത്.
- വാര്‍ത്ത അജന്‍ഡ് മാറ്റും വിധം വ്യത്യസ്‌ത സമീപനങ്ങള്‍ പരീക്ഷിക്കുക. ഉദാഹരണം- പ്രതിപക്ഷ പാര്‍ട്ടികളുടെ നേതാക്കളോട് മുന്‍ സൈനിക ജനറല്‍മാരുടെ അഞ്ച് പത്ത് ചോദ്യങ്ങള്‍ ഉദാഹരണം.
- പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും മാധ്യമ ഉടമകളുമായും എഡിറ്റര്‍മാരുമായും സംസാരിക്കുക.
- പൊഖ്‌റാന്‍ എകോ സിസ്‌റ്റം (ഇതു കൊണ്ട് എന്താണുദ്ദേശിക്കുന്നതെന്ന് വ്യക്തമല്ല. ഒരു പക്ഷേ കോഡ് വാക്ക് ആകാം. ഇത് പിന്നീടും പറയുന്നുണ്ട്) മാറ്റുന്നതെങ്ങനെ? മീഡിയയുടെ ശത്രുത എങ്ങനെ അവസാനിപ്പിക്കാം ഇതെല്ലാം ശ്രദ്ധിക്കണം.
- മാധ്യമങ്ങള്‍ പ്രതിസന്ധിയിലാണ്. നാം അവരെ സഹായിക്കണം.
- ആസൂത്രിത ആശയവിനിമയങ്ങള്‍ സാധാരണ നിലയില്‍ നല്ലതാണ്. പക്ഷേ, പൊഖ്‌റാന്‍ ഇഫക്ട് ഉണ്ടാക്കണമെങ്കില്‍, നവീന്‍ പട്‌നായിക്കോ നിതീഷ് കുമാറോ അതെകുറിച്ച് സംസാരിക്കണം. ഇതിപ്പോള്‍ ചെയ്യുന്നത് റിപ്പബ്ലിക് ടിവിയാണ്. പക്ഷേ, റിപ്പബ്ലിക്ക് ചെയ്‌താല്‍ വിശ്വാസ്യത ലഭിക്കില്ല. നരേറ്റീവ് മാറ്റാന്‍ നമുക്ക് പൊഖ്‌റാന്‍ തന്നെ വേണം.
- ഇന്തോ -ചൈന വ്യാപാരത്തില്‍ കമ്മി തുടങ്ങിയത് ആനന്ദ് ശര്‍മ വാണിജ്യ മന്ത്രിയായിരുന്നപ്പോഴാണ്. അത്തരം കാര്യങ്ങള്‍ ഉയര്‍ത്തിക്കാട്ടണം.
സ്വപന്‍ ദാസ്‌ഗുപ്‌ത- മാധ്യമപ്രവര്‍ത്തകന്‍, രാജ്യസഭാംഗം
- 2014ല്‍ മോദി വന്നതോടെ ഉണ്ടായ മാറ്റം മാധ്യമപ്രമുഖര്‍ അവഗണിക്കപ്പെട്ടുവെന്നതാണ്. മോദി അവരെ അവഗണിച്ചു. പകരം, സാമൂഹ്യമാധ്യമങ്ങള്‍വഴി ജനങ്ങളോട് സംസാരിക്കാന്‍ തുടങ്ങി. ഈ രീതി തന്നെ തുടരണം
- മാധ്യമപ്രവര്‍ത്തകരെ സ്വാധീനിക്കത്തക്ക പിന്‍വാതില്‍ വിവരങ്ങള്‍നല്‍കണം. ടിവി ചര്‍ച്ചകള്‍ ജനങ്ങള്‍ തമാശയായിട്ടാണ് കാണുന്നത്. അതുകൊണ്ട് ഇത് അടിയന്തിരമായി ചെയ്യണം.
- സാമൂഹ്യമാധ്യമങ്ങളുടെ കാലമാണെങ്കിലും അച്ചടി മാധ്യമങ്ങളെ അവഗണിക്കരുത്.
- അന്താരാഷ്ട്ര മാധ്യമങ്ങള്‍ക്കറിയില്ല ആരോടാണ് സംസാരിക്കേണ്ടതെന്ന്. അവര്‍ക്കാവശ്യമായ വിവരങ്ങള്‍ നല്‍കണം.
- വക്താക്കളേക്കാള്‍ പരിശീലനം ലഭിച്ചവരെ ഉപയോഗിച്ച് വാദമുഖങ്ങള്‍ നിരത്തണം.
കാഞ്ചന്‍ ഗുപ്‌ത- മാധ്യമപ്രവര്‍ത്തകന്‍
- ദൂരദര്‍ശനെ ഉപയോഗിച്ച് സര്‍ക്കാര്‍ ഭാഷ്യം വരുന്ന സ്‌റ്റോറികള്‍ ചെയ്യണം.
- ട്വിറ്ററില്‍ വലിയ വിമര്‍ശനമാണ്. വാട്‌സാപ്പും മറ്റ് സാമൂഹ്യമാധ്യമങ്ങള്‍ക്കുമായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഒരു സെല്‍ രൂപീകരിക്കണം.
- ഓണ്‍ലൈന്‍ മാധ്യമങ്ങളാണ് ചെറുപ്പക്കാര്‍ കാണുന്നത്. അവയെ സ്വാധീനിക്കാന്‍ പഠിക്കണം. ഇല്ലെങ്കില്‍ ആഗോള വാര്‍ത്തകളുള്ള സ്വന്തം ഓണ്‍ലൈന്‍ മാധ്യമങ്ങളുണ്ടാക്കണം.
- വയര്‍, പ്രിന്റ്, സ്‌ക്രോള്‍, ഹിന്ദു എന്നിവയുടെ വാര്‍ത്തകളെയാണ് ഗൂഗ്‌ള്‍ പ്രോല്‍സാഹിപ്പിക്കുന്നത്. ഇത് പരിഹരിക്കാന്‍ പ്രത്യേകം ചര്‍ച്ച നടത്തണം.
- ഡിജിറ്റല്‍ മീഡിയയാണ് വിഷയങ്ങള്‍ ചൂടാക്കുന്നത്. ദേശീയ-അന്തര്‍ദേശീയ മാധ്യമങ്ങള്‍ പിന്നീടത് ഏറ്റെടുക്കുകയാണ്. രാജീവ് ഗാന്ധി ഫൗണ്ടേഷന് ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി സംഭാവന നല്‍കിയ സംഭവമൊക്കെ ഉയര്‍ത്തിക്കൊണ്ട് വരണം.
നിഥിന്‍ ഗോഖലേ (പ്രതിരോധ വിദഗ്‌ധന്‍)
- എല്ലാ മന്ത്രാലയങ്ങളിലും പിന്‍വാതില്‍ വിവരങ്ങളറിയിക്കാന്‍ ഒരു കോണ്‍ടാക്ട് പോയിന്റുണ്ടാകണം. ജനങ്ങള്‍ക്ക് ചൈനയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വല്ലാതെ അറിയില്ല. മക്‌മോഹന്‍ രേഖ എന്താണ് , ലൈന്‍ ഓഫ് ആക്‌ച്വല്‍ കണ്ട്രോള്‍ എന്താണ് എന്നൊന്നും ജനങ്ങള്‍ക്കറിയില്ല.
- മാധ്യമപ്രവര്‍ത്തകരെ മൂന്നായി തിരിക്കണം. പച്ച- കയ്യാലപ്പുറത്തിരിക്കുന്നവര്‍, കറുപ്പ്- എതിരെ നില്‍ക്കുന്നവര്‍, വെള്ള- പിന്തുണക്കുന്നവര്‍. പിന്തുണക്കുന്നവരെ നമ്മളും പിന്തുണക്കണം. പ്രമോട്ട് ചെയ്യണം.
- പ്രാദേശിക മാധ്യമങ്ങളെ അവഗണിക്കരുത്. വലിയ ഭാഷാ ദിനപത്രങ്ങളുടെ എഡിറ്റര്‍മാരുമായി സംസാരിക്കണം.
- പ്രതിസന്ധി വരുമ്പോള്‍ തിരിച്ചടിക്കണം. വസ്‌തുതകള്‍ കൃത്യസമയത്ത് നല്‍കണം. പത്ത് സൈനികരെ കാണാതായി, പിന്നീട് അവര്‍ തിരിച്ചു വന്നു. കൃത്യമയത്ത് ഇടപെട്ടിരുന്നെങ്കില്‍ അവര്‍ ചൈനീസ് പിടിയിലാണെന്ന കഥ വരാതെ നോക്കാമായിരുന്നു .
ശേഖര്‍ അയ്യര്‍- മാധ്യമപ്രവര്‍ത്തകന്‍
- സര്‍ക്കാരും എഡിറ്റര്‍മാരുമായുള്ള ബന്ധം മൂലമാണ് റിപ്പോര്‍ട്ടര്‍മാര്‍ സര്‍ക്കാരിന് എതിരാവുന്നത്. അത്തരം റിപ്പോര്‍ട്ടര്‍മാര്‍ പ്രതിപക്ഷത്തിന്റെ ഉപദേശകരാണ്.
- ഇത്തരം റിപ്പോര്‍ട്ടര്‍മാരാണ് പല വാര്‍ത്തകളും ബില്‍ഡ് അപ്പ് ചെയ്യുന്നത്. അത് തടയാന്‍ സംവിധാനമുണ്ടാകണം.
- ജില്ലാ തലത്തില്‍ തന്നെ മാധ്യമപ്രവര്‍ത്തകരെ സ്വാധീനിക്കാന്‍ കഴിയണം. വിശ്വാസം നേടണം.
എ സൂര്യപ്രകാശ് (പ്രസാര്‍ ഭാരതി അധ്യക്ഷന്‍)
- കപട-മതേതരവാദികളെ നേരത്തെ തന്നെ ഒതുക്കിയിട്ടുണ്ട്. കുഴപ്പം മുഴുവന്‍ അവരാണുണ്ടാക്കുന്നത്. സര്‍ക്കാര്‍ മുഴുവന്‍ ശക്തിയുമുപയോഗിച്ച് അവരെ ഒതുക്കണം.
- കഴിഞ്ഞ ആറ് വര്‍ഷമായി നമ്മള്‍ സുഹൃത്തുക്കളായ മാധ്യമങ്ങളുടെ ലിസ്‌റ്റ് വിപുലമാക്കിയിട്ടില്ല. കൂടുതല്‍ ആളുകളെ ചേര്‍ക്കണം.
- പാര്‍ട്ടി വക്താക്കളെയും സര്‍ക്കാര്‍ വക്താക്കളെയും പരിശീലിപ്പിക്കണം.
അശോക് ടാണ്‌ഠന്‍- പ്രസാര്‍ ഭാരതി ബോര്‍ഡംഗം
- കഴിഞ്ഞ ആറ് വര്‍ഷത്തിനിടയില്‍ പ്രതിപക്ഷം പൂര്‍ണമായും ഒതുക്കപ്പെട്ടു. തിരിച്ചറിവുണ്ടായ ആം ആദ്‌മി പാര്‍ട്ടി പ്രധാനമന്ത്രിയെ ആക്രമിക്കുന്നത് നിര്‍ത്തി. കോണ്‍ഗ്രസ് രാഹുല്‍ ഗാന്ധിക്ക് പകരം ചിദംബരത്തെയും മന്മോഹനെയും സോണിയയെയും ഇറക്കുന്നു. അവര്‍ വളരെ ആക്ടീവാണ്.
- വ്യത്യസ്‌ത വിഷയങ്ങള്‍ക്ക് വാട്‌സാപ്പ് ഗ്രൂപ്പുകള്‍ തുടങ്ങണം.
- തെരഞ്ഞെടുപ്പ് കാലത്ത് പാര്‍ട്ടി മാധ്യമങ്ങളെ നന്നായി കൈകാര്യം ചെയ്യുന്നുണ്ട്. അല്ലാത്ത സമയങ്ങളില്‍ എന്തു കൊണ്ട് കഴിയുന്നില്ല?
അശോക് മാലിക് (വിദേശകാര്യവകുപ്പ് അഡീഷനല്‍ സെക്രട്ടറി, പോളിസി അഡ് വൈസര്‍)
- പുതിയ വാട്‌സാപ്പ് ഗ്രൂപ്പുകള്‍ തുടങ്ങരുത്.
- മന്ത്രിമാരും ഉന്നതോദ്യോഗസ്ഥരും പത്രങ്ങളില്‍ ലേഖനമെഴുതരുത്. അത് പ്രോപഗന്‍ഡയാണെന്ന് കരുതി ആരും വായിക്കില്ല.
- വിദേശ മാധ്യമങ്ങള്‍ക്ക് ചൈനയെ വിശ്വാസമില്ല. ഇന്ത്യാ-ചൈന പ്രശ്‌നം നമ്മുടെ ആഭ്യന്തര പ്രശ്‌നം മാത്രമാണ്.
- സാമൂഹിക പ്രശ്‌നങ്ങള്‍ സംബന്ധിച്ച വാര്‍ത്തകളാണ് വിദേശ മാധ്യമങ്ങള്‍ക്ക് സ്വീകാര്യത കൊടുക്കുന്നത്. അത്തരം വാര്‍ത്തകളില്‍ പ്രിന്റ്, വയര്‍ പോലുളളവരെയാണ് ആളുകള്‍ ആശ്രയിക്കുന്നത്. ഇത് രണ്ടും പരിഹരിക്കണം.
- വാര്‍ത്തയുടെ ആംഗിള്‍ മാറ്റും വിധം വിദേശ കാര്യം, വാണിജ്യം, ആരോഗ്യം, വിദ്യാഭ്യാസം, സിഎഎ, എന്‍ആര്‍സി തുടങ്ങിയവയില്‍ ക്ലസ്‌റ്ററുകളുണ്ടാക്കണം. അതിനായി മന്ത്രിമാര്‍, ഉപദേശകര്‍, അക്കാദമിക്കുകള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ ഇരുപത്തിനാല് മണിക്കൂറും പ്രവര്‍ത്തിക്കണം.
ശശി ശേഖര്‍ വെമ്പാട്ടി (സി.ഇ.ഒ പ്രസാര്‍ ഭാരതി)
- പ്രസാര്‍ ഭാരതി നല്‍കുന്ന വാര്‍ത്തകള്‍ വഴി ഇലക്ട്രോണിക്‌സ് മീഡിയയില്‍ സര്‍ക്കാരിന് മേധാവിത്തമുണ്ടാക്കാന്‍ കഴിഞ്ഞു.
- സാമൂഹ്യമാധ്യമങ്ങളിലെ ഒപ്പീനിയന്‍ മേക്കേഴ്‌സുമായി നമുക്ക് അകലമുണ്ട്. വിദേശ മാധ്യമങ്ങളുമായും ബന്ധം മെച്ചപ്പെടുത്തണം.
ആനന്ദ് രംഗനാഥന്‍ ( കണ്‍സള്‍ട്ടിങ് എഡിറ്റര്‍, സ്വരാജ്യ)
- ടിപ്പുവിന്റെ ഹിന്ദു നിര്‍മാര്‍ജന മാനിഫെസ്റ്റോ പോലെ ചരിത്ര വ്യാഖ്യനങ്ങള്‍ നമുക്കില്ല
- ഇതനുസരിച്ച് നമുക്ക് ചരിത്ര പുസ്‌തകങ്ങളെ പുനക്രമീകരിക്കണം.
ആനന്ദ് വിജയ് (കോളമിസ്‌റ്റ്)
- നമ്മള്‍ സംഭവവികാസങ്ങളോട് പ്രതികരിക്കുക മാത്രമാണ്. നരേറ്റീവ് നമ്മള്‍ ഉണ്ടാക്കണം.
- പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ ഇപ്പോഴും ഇടത് ആശയത്തില്‍ തന്നെയാണ്.
സുനില്‍ രാമന്‍
- ഒരിക്കലും തൃപ്‌തി കാണിക്കരുത്
- സമീപനത്തില്‍ നമുക്ക് വ്യക്തതയില്ല
- പാഠപുസ്‌തകങ്ങള്‍ മാറ്റി പുതിയ ആഖ്യാനങ്ങള്‍ കൊണ്ടുവരണം
- ശ്യാമപ്രസാദ് മുഖര്‍ജിയുടെ പുസ്‌തകങ്ങള്‍ ഡിജിറ്റല്‍ രൂപത്തിലാക്കണം
നൂപുര്‍ ശര്‍മ (ബി.ജെ.പി വക്താവ്)
- ഓപ് ഇന്ത്യ പോലുള്ള പോര്‍ട്ടലുകളെ പരമാവധി പ്രമോട്ട് ചെയ്യണം
അഭിജിത് മജുംദാര്‍ (മാധ്യമപ്രവര്‍ത്തകന്‍)
- ട്വിറ്റര്‍ ട്രെന്റുകള്‍ നമ്മുടെ നരേറ്റീവുകളെ മുക്കിക്കളയുകയാണ്
- ഗൂഗിളിനെ ഒഴിവാക്കി ഇന്‍സ്റ്റഗ്രാം കൂടുതല്‍ ഉപയോഗിക്കണം
- പാശ്ചാത്യ മാധ്യമങ്ങളുമായി കൂടുതല്‍ ബന്ധം വേണം.
- ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളില്‍ ധാരാളം വിദേശ പണം വരുന്നു. അത് ദേശീയതയെയും ഭാരതീയ സംസ്‌കാരത്തെയും ദുര്‍ബലമാക്കുന്നു.
- ആള്‍ട്ട് ന്യൂസ് വലിയ ഉപദ്രവമാണ്
- നമ്മളെ പിന്തുണക്കുന്ന മാധ്യമപ്രവര്‍ത്തകരിലേക്ക് നാം തിരിച്ചു പോണം
- വിക്കിപീഡിയ എഡിറ്റ് ചെയ്‌ത് ചരിത്രം പുനര്‍രചിക്കുകയാണ്. വ്യക്തമായ പക്ഷപാതം അതിലുണ്ട്. ശക്തമായ നടപടി വേണം
- ഓപ് ഇന്ത്യയെ സഹായിക്കണം. അവരുടെ ട്വീറ്റുകള്‍ റീട്വീറ്റ് ചെയ്യണം
- വിദേശ ലേഖനങ്ങളെ പിന്തുടര്‍ന്ന് കൃത്യമായ പ്രതികരണം നല്‍കണം
- പറയുന്നത് ചെയ്യുന്നു എന്ന മുദ്രാവാക്യം കൊണ്ടുവരണം
ഈ നിര്‍ദേശങ്ങള്‍ ഉള്‍ക്കൊള്ളിച്ച റിപ്പോര്‍ട്ട് മന്ത്രിതല സമിതി പ്രധാനമന്ത്രിക്ക് സമര്‍പ്പിച്ചു . ഇതു കൂടാതെ, ആത്മനിര്‍ഭര്‍ ഭാരത് മുതല്‍ നമമി ഗംഗ വരെ കേന്ദ്ര സര്‍ക്കാര്‍ പദ്ധതികളെ കുറിച്ച സന്ദേശങ്ങള്‍ ജനങ്ങള്‍ക്കടയില്‍ പ്രചരിപ്പിക്കണമെന്ന് നിര്‍ദേശിച്ചു. ഇത് കൂടാതെ താഴെ കാണുന്ന നിര്‍ദേശങ്ങള്‍ കൂടി നല്‍കി.
- സര്‍ക്കാരിനെതിരെ അഭിപ്രായ രൂപീകരണം 50 പേരെ പിന്തുടരണം. അവരെ കൃത്യമായി പിന്തുടര്‍ന്ന് കൃത്യമായ പ്രതികരണം നല്‍കണം
- സര്‍ക്കാരിനെ പിന്തുണക്കുന്ന അമ്പ്‌ത് പേരെ പിന്തുണച്ച് സര്‍ക്കാര്‍ ഭാഷ്യം കൃത്യമായി ജനങ്ങളിലേക്കെത്തിക്കണം.
- കാര്യങ്ങളെ വളച്ചൊടിക്കാന്‍ കഴിയുന്നവരെ കണ്ടെത്തി ഉപയോഗിപ്പെടുത്തണം.
- ജോലി ചെയ്യുന്നവരും വിരമിച്ചവുരുമായ മാധ്യമപ്രവര്‍ത്തകരുമായി ആശയവിനിമയം നടത്തണം. കുറെയധികം മാധ്യമപ്രവര്‍ത്തകര്‍ക്ക് അടുത്തിടെ ജോലി നഷ്ടമായിട്ടുണ്ട്‌്. അവരെ ഉപയോഗിച്ച് വിവിധ മന്ത്രാലയങ്ങളുടെ പദ്ധതി പ്രചാരണത്തിനുപയോഗിക്കാം
- മന്ത്രിമാര്‍ സാമൂഹിക മാധ്യമങ്ങളിലെ ഇടപടെല്‍ വര്‍ധിപ്പിക്കുക.
- പ്രാദേശിക ഭാഷകളിലെ സര്‍ക്കാര്‍ അനുകൂലികളായ എഴുത്തുകാരുടെ പട്ടിക തയ്യാറാക്കുക
- എല്ലാ മന്ത്രാലയങ്ങളും യുവാക്കളായ പ്രഫഷനലുകളെ സോഷ്യല്‍ മീഡിയയില്‍ നിയമിക്കുക
- പരമാവധി സോഫ്‌റ്റ് സ്റ്റോറികള്‍ പ്രോല്‍സാഹിപ്പിക്കുക. ഉദാ- കടുവ, യോഗ മുതലായവ
- പാര്‍ട്ടി വക്താക്കള്‍ എല്ലാ ദിവസവും ഒരുതവണ ഓഡിയോ കോണ്‍ഫ്രന്‍സ് നടത്തി പറയുന്നത് ഒരേ കാര്യമാണെന്നുറപ്പു വരുത്തുക
- പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യ മറ്റു രാജ്യങ്ങളിലെ സമാന ഏജന്‍സികളുമായി ബന്ധം സ്ഥാപിക്കുക.
- സോഷ്യല്‍ മീഡിയ മാനേജ്‌മെന്റില്‍ പാര്‍ട്ടിയും സര്‍ക്കാരും ഏകോപനം സാധ്യമാക്കുക
- വികസനം നടന്നിട്ടുള്ള പ്രദേശങ്ങളിലേക്ക് മാധ്യമപ്രവര്‍ത്തകരുടെ ടൂര്‍ സംഘടിപ്പിക്കുക.
- വിദേശ ഇന്ത്യക്കാരുമായി ബന്ധം സ്ഥാപിച്ച് നെഗറ്റീവ് വാര്‍ത്തകള്‍ക്കെതിരെ പ്രതിഷേധമുണ്ടാക്കുക
- ഇന്നത്തെ മാധ്യമവിദ്യാര്‍്‌ത്ഥികളാണ് നാളത്തെ മാധ്യമപ്രവര്‍ത്തകര്‍. മാധ്യമപഠന കേന്ദ്രങ്ങളെ ഏകോപിപ്പിച്ച് ബന്ധം സ്ഥാപിക്കുക
- പുതിയ മാധ്യമപ്രവര്‍ത്തകരെ വളര്‍ത്തിയെടുത്ത് പ്രമോട്ട് ചെയ്യുക
- അക്കാദമിക്ക് വ്യക്തിത്വങ്ങളും മാധ്യമസ്ഥാപനങ്ങളുമായി ബന്ധം ഊഷ്‌മളമാക്കുക
- ഫാക്ട് ചെക്ക് യൂനിറ്റുകള്‍ കാര്യക്ഷമമാക്കി തെറ്റായ നരേറ്റീവുകളെ ചെറുക്കുക
- പരസ്യങ്ങള്‍ പ്രാദേശിക ഭാഷകളിലും നല്‍കുക.
- നിശ്ചിത ജനവിഭാഗങ്ങള്‍ക്ക് ഏറ്റവും അനുയോജ്യം റേഡിയോആണ്. കൂടുതല്‍ ചെലില്ലാതെ കൂടുതല്‍ ഫലം ചെയ്യും.