എസ്.പി – ബി.എസ്.പി സഖ്യത്തിനെതിരെ കോണ്‍ഗ്രസ് മത്സരിക്കുന്നത് നല്ലതെന്ന് സമാജ് വാദി പാര്‍ട്ടി അദ്ധ്യക്ഷന്‍ അഖിലേഷ് യാദവ്. ബി.ജെ.പിയെ പരാജയപ്പെടുത്താന്‍ എല്ലാവരും ബാധ്യസ്ഥരാണ്. ഇതിന് പ്രാദേശിക പാര്‍ട്ടികളെ പിന്തുണക്കാനുള്ള ഉത്തരവാദിത്തം കോണ്‍ഗ്രസിനുണ്ട്. ഇന്ത്യയിലെവിടെയും ഇത് ബാധകമാണെന്നും അഖിലേഷ് യാദവ് മീഡിയവണിനോട് പറഞ്ഞു. പ്രളയസമയത്ത് കേരളത്തെ ബി.ജെ.പി വഞ്ചിച്ചുവെന്നും കേരളത്തിലെ ജനങ്ങള്‍ ബി.ജെ.പിയെ തിരിച്ചറിയണമെന്നും അഖിലേഷ് യാദവ് പറഞ്ഞു.
അഖിലേഷ് യാദവവുമായി എ. റഷീദുദ്ദീന്‍ നടത്തിയ അഭിമുഖത്തിന്റെ പൂര്‍ണരൂപം:
തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ എങ്ങനെ പുരോഗമിക്കുന്നു ?
യു.പി രാജ്യത്തെ ഏറ്റവും വലിയ സംസ്ഥാനമാണ്. ഇവിടെ നിന്നാണ് പ്രധാനമന്ത്രിമാര്‍ ജയിച്ചു കയറാറുള്ളത്. ഇന്ന് രാജ്യത്തെ ജനങ്ങള്‍ മാറ്റം ആഗ്രഹിക്കുന്നുണ്ട്. പുറത്തു നിന്നുള്ളവരെ പോലും ജയിപ്പിച്ച് പ്രധാനമന്ത്രിമാരാക്കിയവരാണ് ഇവിടത്തുകാര്‍. അവര്‍ക്ക് പുതിയ ഒരു പ്രധാനമന്ത്രിയെ വേണം. കര്‍ഷകരുടെ പ്രശ്‌നങ്ങളില്‍, തൊഴിലില്ലായ്മയുടെ കാര്യത്തില്‍, വിലക്കയറ്റത്തെ കുറിച്ച്, അതുപോലെയുള്ള രാജ്യത്തെ വലിയ വലിയ ചോദ്യങ്ങളിലെല്ലാം ഭാരതീയ ജനതാ പാര്‍ട്ടി പരാജയപ്പെട്ടിരിക്കുന്നു. അതു കൊണ്ടു തന്നെ ജനങ്ങള്‍ പുതിയ ഒരു സര്‍ക്കാര്‍ രൂപീകരിക്കാന്‍ എല്ലാ നിലയിലും തയാറെടുത്തു കഴിഞ്ഞു. ഉത്തര്‍പ്രദേശിലെ ജനങ്ങള്‍ക്ക് ബി.ജെ.പിയോട് കടുത്ത എതിര്‍പ്പുണ്ട്.
ബി.എസ്.പിയുമായി ചേര്‍ന്നുണ്ടാക്കിയ സഖ്യം ഈ തെരഞ്ഞെടുപ്പില്‍ എന്ത് മാറ്റം കൊണ്ടുവരുമെന്നാണ് താങ്കളുടെ പ്രതീക്ഷ ?
ബഹുജന്‍ സമാജ് പാര്‍ട്ടി സംസ്ഥാനത്തെ ഏറ്റവും വലിയ പാര്‍ട്ടികളില്‍ ഒന്നാണ്. അവര്‍ക്ക് കഴിഞ്ഞ തവണ നല്ല വോട്ടുകള്‍ നേടിയെടുക്കാനായി. സമാജ്‌വാദിയും മികച്ച പ്രകടനമാണ് കഴ്ച വെച്ചത്. അതുകൊണ്ടാണ് ഞങ്ങള്‍ ഒന്നിച്ചു നില്‍ക്കുന്നത്. ബി.ജെ.പിയും വിവിധ സംസ്ഥാനങ്ങളില്‍ മുന്നണി രൂപീകരിച്ചാണ് മത്സരിക്കുന്നത്. 40 ലേറെ സംഘടനകളുമായി അവര്‍ കഴിഞ്ഞ തവണ കൂട്ടുകെട്ടുണ്ടാക്കി. മുന്നണിയുടെ രാഷ്ട്രീയത്തില്‍ സമാജ്‌വാദിയും ബി.എസ്.പിയും മാത്രമല്ല അജിത് സിംഗിന്റെ ലോക്ദളും ഒപ്പമുണ്ട്. കോണ്‍ഗ്രസ് പാര്‍ട്ടിക്കു വേണ്ടി രണ്ട് സീറ്റുകള്‍ ഞങ്ങള്‍ മാറ്റി നിര്‍ത്തിയിട്ടുമുണ്ട്.
കോണ്‍ഗ്രസ് നിവധി സീറ്റുകളില്‍ താങ്കളുടെ സഖ്യത്തിനെതിരെ കടുത്ത മത്സരത്തിന് ഒരുങ്ങുകയാണല്ലോ ? അവരുടെ മുതിര്‍ന്ന നേതാക്കളും മന്ത്രിമാരുമൊക്കെ യു.പിയില്‍ പല പ്രധാന സീറ്റുകളിലും മത്സരിക്കാന്‍ രംഗത്തിറങ്ങുന്നുണ്ടല്ലോ ?
തെരഞ്ഞെടുപ്പില്‍ ഒരു പാര്‍ട്ടിയും മത്സരിക്കാതെ വിട്ടു നില്‍ക്കാന്‍ പോകുന്നില്ല. അവര്‍ തീര്‍ച്ചയായും മത്സരിക്കും. സമാജ്‌വാദി പാര്‍ട്ടി, ബി.എസ്.പി, രാഷ്ട്രീയ ലോക്ദള്‍, ഇവിടത്തെ പ്രാദേശിക സംഘടനകള്‍ എല്ലാവരും മല്‍സരരംഗത്തുണ്ട്. കോണ്‍ഗ്രസിന് രണ്ട് സീറ്റുകള്‍ ഞങ്ങള്‍ വിട്ടു കൊടുത്തതു പോലെ രണ്ട് സീറ്റുകളില്‍ അവരും വിട്ടുവീഴ്ച ചെയ്യുന്നുണ്ടെന്നാണ് എനിക്ക് അറിയാന്‍ കഴിഞ്ഞത്. അവര്‍ ഇവിടെ മത്സരിക്കുന്നത് നല്ല കാര്യമാണ്.
കൂടുതല്‍ സീറ്റുകള്‍ വിട്ടു കൊടുക്കാനിടയുണ്ടോ ?
അക്കാര്യം കോണ്‍ഗ്രസിന്റെ കാര്യത്തില്‍ ഇപ്പോള്‍ എനിക്കു പറയാനാവില്ല.
അതായത് കോണ്‍ഗ്രസിന്റെ കാര്യത്തില്‍ ഇപ്പോഴും വാതില്‍ തുറന്നു കിടക്കുന്നു എന്നാണോ ?
ഉത്തര്‍പ്രശേദില്‍ മാത്രമല്ല ഇത്. കോണ്‍ഗ്രസിന് ഇക്കാര്യത്തില്‍ ഉത്തരവാദിത്തമുണ്ട്. എവിടെയൊക്കെ പ്രാദേശിക പാര്‍ട്ടികള്‍ ബി.ജെ.പിയെ പരാജയപ്പെടുത്തുന്നുണ്ടോ അവിടെയെല്ലാം കോണ്‍ഗ്രസ് സഹായിക്കുകയാണ് വേണ്ടത്.
തെരഞ്ഞെടുപ്പ് പ്രചാരണ വിഷയങ്ങള്‍ പതുക്കെ മാറുന്നുണ്ടോ ? ഇന്ത്യാ -പാകിസ്താന്‍ തര്‍ക്കത്തിലേക്ക് പ്രചാരണം വഴി മാറുന്നുണ്ടെന്ന അഭിപ്രായത്തോട് താങ്കള്‍ എങ്ങനെ പ്രതികരിക്കുന്നു ?
ഇന്ത്യാ -പാകിസ്താന്‍, ഇന്ത്യക്കകത്ത് കശ്മീര്‍, നക്‌സല്‍വാദം മുതലായവയൊക്കെ എപ്പോഴുമുള്ള പ്രശ്‌നങ്ങളാണ്. പക്ഷേ കര്‍ഷകരോട് ബി.ജെ.പി നടത്തിയ വാഗ്ദാനങ്ങള്‍ എവിടെ പോയി ? അതിന്റെ മറുപടി ബി.ജെ.പി പറഞ്ഞേ മതിയാകൂ. സ്വന്തം പരാജയത്തെയാണ് അവര്‍ ആഘോഷിക്കേണ്ടത്. ജനശ്രദ്ധ മാറ്റാനായി വിഷയം മാറ്റാനാവില്ല. ജനങ്ങള്‍ കാത്തിരിക്കുകയാണ്. 15 ലക്ഷം രൂപ നല്‍കുമെന്ന ആ വാഗ്ദാനം എവിടെ പോയി ? രണ്ട് കോടി തൊഴിലവസരം സൃഷ്ടിക്കുമെന്ന വാഗ്ദാനം ഓര്‍ക്കണോ അതോ മറക്കണോ ? കര്‍ഷകരുടെ ഉത്പ്പന്നങ്ങള്‍ക്ക് ഉത്പ്പാദന ചെലവിന്റെ രണ്ടിരട്ടി വില നല്‍കുമെന്ന് പറഞ്ഞത് ആര്‍ക്കെങ്കിലും കിട്ടിയോ ? അക്കാര്യത്തില്‍ ബി.ജെ.പി വല്ല നീക്കവും നടത്തിയോ ? ഗംഗാനദിയെ ശുദ്ധീകരിക്കുമെന്ന് പറഞ്ഞിട്ടെന്തായി ? ഗംഗാമാതാവ് എത്രത്തോളം ശുദ്ധിയായി എന്ന ചോദ്യത്തിന് ബി.ജെ.പി മറുപടി നല്‍കേണ്ടി വരും. ഈ ചോദ്യങ്ങളില്‍ നിന്നെല്ലാം ഓടിയൊളിക്കാനാണ് ബി.ജെ.പി പുതിയൊരു വിഷയം എടുത്തിടുന്നത്.
ഇന്ത്യയും പാകിസ്താനും തമ്മിലുള്ള പ്രശ്‌നങ്ങള്‍ ഇന്നും ഇന്നലെയും ഉള്ളതല്ല. ഇരു രാജ്യങ്ങളും തമ്മിലുള്ള യുദ്ധങ്ങളില്‍ നഷ്ടപ്പെട്ടതിനേക്കാള്‍ കൂടുതല്‍ ജീവനുകള്‍ ഇല്ലാതായത് ഇന്ത്യയും പാകിസ്താനും വിഭജിക്കപ്പെട്ട നാളുകളിലാണ്. കശ്മീരിന്റെ വിഷയവും വളരെ പഴക്കമുള്ളതാണ്. അക്കാര്യത്തിലും ഭാരതീയ ജനതാ പാര്‍ട്ടി വലിയ വലിയ കാര്യങ്ങള്‍ പറഞ്ഞിട്ടുണ്ട്. അവരുടെ സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ കൊല്ലപ്പെടുന്ന ഓരോ പാവപ്പെട്ട സൈനികന്റെയും ജീവനു പകരം പത്ത് പാകിസ്താന്‍ സൈനികരുടെ തലയെടുക്കുമെന്ന് പറഞ്ഞവര്‍ എവിടെ പോയി ? അവരോട് 2019ല്‍ മാത്രം കൊല്ലപ്പെട്ട സൈനികരുടെ കാര്യത്തിലാണ് ഞങ്ങള്‍ കണക്ക് ചോദിക്കുന്നത്. ഇവരെല്ലാം രാജ്യത്തെ രക്ഷിക്കാന്‍ തയ്യാറായി വന്ന ദരിദ്ര കുടുംബങ്ങളിലെ അംഗങ്ങളായിരുന്നു. രാജ്യത്തെ യുവാക്കള്‍ അവര്‍ക്കു വേണ്ടി മെഴുകുതിരിയുമായി റോഡില്‍ ഇറങ്ങി. അവരും രാജ്യത്തെ സേവിക്കാന്‍ ആഗ്രഹിക്കുന്നവരാണ്.
ഞങ്ങള്‍ ബി.ജെ.പിയോട് പറയുന്നത് വിവിധ സൈനിക വിഭാഗങ്ങളിലെ 10 ലക്ഷം തസ്തികകള്‍ നികത്തണമെന്നാണ്. സമാജ്‌വാദി പാര്‍ട്ടിക്ക് ഡല്‍ഹിയില്‍ അവസരം ലഭിച്ചാല്‍ ഞങ്ങളത് ചെയ്യും. മാത്രമല്ല അമേരിക്കക്ക് അവരുടെ രാജ്യത്തെ ജനങ്ങള്‍ക്കായി ഒരു മതില്‍ പണിയാമെങ്കില്‍ എന്തുകൊണ്ട് നമുക്ക് അങ്ങനെ ചെയ്തു കൂടാ ? ആയിരക്കണക്കിന് വര്‍ഷങ്ങള്‍ മുമ്പേ ചൈനക്ക് പണിയാമെങ്കില്‍ ഇന്ത്യക്കും പാകിസ്താനുമിടയില്‍ നുഴഞ്ഞു കയറ്റം നടക്കുന്ന പ്രദേശങ്ങളില്‍ എന്തു കൊണ്ട് മതില്‍ പടുത്തുയര്‍ത്തിക്കൂടാ ? ഒരു ഭീകരനും ഇങ്ങോട്ടു കടക്കാനോ ഭീകരത പ്രവര്‍ത്തനങ്ങളില്‍ ചേരാനായി ആരെങ്കിലും അങ്ങോട്ടേക്കു പോകാനോ കഴിയാത്ത വിധത്തില്‍ നമുക്ക് ഒരു മതില്‍ വേണം. ബി.ജെ.പിക്കതിന് കഴിഞ്ഞില്ല. പുതിയ സര്‍ക്കാര്‍ അങ്ങനെയൊരു മതില്‍ പണിയും.
കഴിഞ്ഞ തവണ ബി.ജെ.പിയും എതിരാളികളും തമ്മിലുണ്ടായ 73ഉം 7ഉം സീറ്റുകളുടെ സമവാക്യം ഇക്കുറി മാറുമോ ?
ബി.ജെ.പി ഇക്കുറി പരാജയപ്പെടുമെന്നത് തീര്‍ച്ച. ഒരുപാട് സീറ്റുകളില്‍ അവര്‍ തോല്‍ക്കും. എത്രയെന്ന് ഇപ്പോള്‍ പറയാനാവില്ലെങ്കിലും അവര്‍ തോല്‍ക്കുമെന്നുറപ്പ്. കേരളത്തിലെ ജനങ്ങളോടും എനിക്കു പറയാനുള്ളത് അതാണ്. നിങ്ങളുടെ സംസ്ഥാനത്തേക്ക് കടന്നു കയറാന്‍ ബി.ജെ.പിയെ അനുവദിക്കരുത്. വെള്ളപ്പൊക്കം ഉണ്ടായപ്പോള്‍, ജനങ്ങളുടെ ജീവനും സ്വത്തും വാഹനങ്ങളുമൊക്കെ നഷ്ടമായപ്പോള്‍, കാര്‍ഷിക വിളകളും വളര്‍ത്തുമൃഗങ്ങളും നശിച്ചപ്പോള്‍, വീടുകള്‍ തകര്‍ന്നടിഞ്ഞപ്പോള്‍ ബി.ജെ.പി നിങ്ങള്‍ക്ക് എന്ത് സഹായമാണ് നല്‍കിയത് ? ഒരു സഹായവും അവര്‍ ചെയ്തിരുന്നില്ല. ഇനി ചെയ്തിട്ടുണ്ടെങ്കില്‍ തന്നെ അതിന്റെ എത്രയോ മടങ്ങ് അവര്‍ക്ക് ചെയ്യാനാവുമായിരുന്നു. കേരളത്തെ വഞ്ചിക്കുകയാണവര്‍ ചെയ്തത്. കേരളത്തെ വഞ്ചിച്ചു എന്നു പറഞ്ഞാല്‍ ഇന്ത്യയെ വഞ്ചിച്ചു എന്നാണര്‍ഥം.