India

അഖിലേഷ് യാദവ് കസ്റ്റഡിയില്‍; ലഖിംപൂര്‍ഖേരിയില്‍ നിരോധനാജ്ഞ

യുപി ലഖിംപൂരില്‍ കര്‍ഷകര്‍ മരിച്ച സംഭവത്തില്‍ പ്രതിഷേധം വ്യാപകമാകുന്നു. പ്രതിഷേധങ്ങളെ തുടര്‍ന്ന് ലഖിംപൂരിഖേരി ജില്ലയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. പ്രിയങ്കാ ഗാന്ധിയുടെ അറസ്റ്റിനുപിന്നാലെ സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവിനെയും യുപി പൊലീസ് കസ്റ്റഡിയിലെടുത്തു. ലഖ്‌നൗവിലെ വീടിനുമുന്നില്‍ നിന്നാണ് അഖിലേഷ് യാദവിനെ കസ്റ്റഡിയിലെടുത്തത്.

യുപിയില്‍ ഇന്നലെയുണ്ടായ അപകടത്തില്‍ പൊലീസ് ജീപ്പ് കത്തിച്ചത് പൊലീസ് തന്നെയാണെന്ന് അഖിലേഷ് യാദവ് ആരോപിച്ചു. അഖിലേഷിനൊപ്പം സമാജ്‌വാദി പാര്‍ട്ടി നേതാക്കളായ ശിവ്പാല്‍ യാദവ്, റാംഗോപാല്‍ യാദവ് എന്നിവരെയും പൊലീസ് കസ്റ്റഡിയിലെടുത്തെന്നാണ് റിപ്പോര്‍ട്ട്.

നാല് കര്‍ഷകര്‍ ഉള്‍പ്പെടെ 9 പേരാണ് യുപിയില്‍ മരിച്ചത്. കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകനടക്കം 14 പേര്‍ക്കെതിരെയാണ് എഫ്‌ഐആര്‍. എന്നാല്‍ കര്‍ഷകരെ കുറ്റപ്പെടുത്തുന്ന പരാമര്‍ശങ്ങളടങ്ങിയ പൊലീസ് റിപ്പോര്‍ട്ടില്‍ അപകടത്തില്‍പ്പെട്ട വാഹനവ്യൂഹത്തിന് നേരെ കല്ലേറുണ്ടായതായും പറയുന്നു.

കേന്ദ്രമന്ത്രി രാജി വയ്ക്കണമെന്നും സംഭവത്തില്‍ ജുഡിഷ്യല്‍ അന്വേഷണം വേണമെന്നുമാണ് സംയുക്ത കിസാന്‍ മോര്‍ച്ച ഉള്‍പ്പെടെ സംഘടനകളുടെ ആവശ്യം.