ലഖിംപൂര്‍ഖേരി വിഷയത്തില്‍ പൊലീസിനെതിരെ സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്. സല്യൂട്ട് അടിക്കുന്ന പൊലീസുകാര്‍ എങ്ങനെ കേന്ദ്രമന്ത്രിയുടെ പങ്ക് അന്വേഷിക്കും. സംഭവത്തില്‍ ബിജെപിക്കും അജയ് മിശ്ര ടേനിയുടെ മകനും പങ്കുണ്ടെന്നും അഖിലേഷ് യാദവ് ആരോപിച്ചു. akhilesh yadav
മരിച്ചവരുടെ കുടുംബത്തിന് രണ്ട് കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നും കൊല്ലപ്പെട്ടവരുടെ ബന്ധുക്കളെ സന്ദര്‍ശിച്ച ശേഷം അഖിലേഷ് യാദവ് പ്രതികരിച്ചു. ‘ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ കേന്ദ്രമന്ത്രിയെ കണ്ടാല്‍ ആദ്യം സല്യൂട്ട് ചെയ്യും. സല്യൂട്ട് ചെയ്യുന്നവര്‍ മന്ത്രിക്കെതിരായ കേസ് അന്വേഷിക്കുമെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ?. സംഭവവുമായി ബന്ധപ്പെട്ട വിഡിയോകളും മറ്റും പുറത്തുവിടാതിരിക്കാനാണ് ഇന്റര്‍നെറ്റ് സേവനങ്ങള്‍ തടസ്സപ്പെടുത്തിയതെന്നും അദ്ദേഹം പറഞ്ഞു. അഖിലേഷ് യാദവ് ഇന്ന് ബഹ്‌റെച്ച് സന്ദര്‍ശിച്ചേക്കും.
ലഖിംപൂര്‍ഖേരി സംഭവത്തില്‍ നാലുകര്‍ഷകര്‍ കൊല്ലപ്പെട്ടതോടെ കര്‍ഷക സമരത്തില്‍ അടുത്ത ഘട്ടം എങ്ങനെയെന്ന് ചര്‍ച്ച ചെയ്യാന്‍ സംയുക്തി കിസാന്‍ മോര്‍ച്ച ഇന്ന് യോഗം ചേരും. ആശിഷ് മിശ്രയുടെ അറസ്റ്റ് കാത്തിരിക്കുകയാണെന്നും കര്‍ഷക സംഘടന പ്രതികരിച്ചു.
അതിനിടെ ലഖിംപൂരില്‍ ഇന്റര്‍നെറ്റ് ബന്ധം പുനസ്ഥാപിച്ചു. കര്‍ഷകര്‍ മരിച്ച് മണിക്കൂറുകള്‍ക്കകം ഇന്റര്‍നെറ്റ് ബന്ധം വിഛേദിക്കപ്പെടുകയായിരുന്നു. ആശിഷ് മിശ്രയെ യുപി പൊലീസ് ഇന്ന് ചോദ്യം ചെയ്യും.